updated on:2017-11-13 06:58 PM
ചെര്‍ക്കളയില്‍ കര്‍ണ്ണാടക സ്വദേശിയെ കല്ലുകൊണ്ടിടിച്ച് കൊന്ന കേസില്‍ ബെല്‍ഗാമിലെ സഹോദരങ്ങള്‍ അറസ്റ്റില്‍

അറസ്റ്റിലായ അക്കണ്ടപ്പയും വിട്ടളയും
www.utharadesam.com 2017-11-13 06:58 PM,
കാസര്‍കോട്: മൂന്ന് മാസം മുമ്പ് ചെര്‍ക്കളയില്‍ കര്‍ണ്ണാടക സ്വദേശിയെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ബെല്‍ഗാം സ്വദേശികളായ സഹോദരങ്ങളെ ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ബെല്‍ഗാം സൂരേബാന്‍ ഗ്രാമത്തിലെ അക്കണ്ടപ്പ (30), സഹോദരന്‍ വിട്ടള (33) എന്നിവരാണ് അറസ്റ്റിലായത്. കര്‍ണ്ണാടക ബാഗല്‍കോട്ട് ജില്ലയിലെ ബൈരപ്പയുടെ മകന്‍ രംഗപ്പ ഗാജി(27)യെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ആഗസ്റ്റ് 9ന് രാവിലെയാണ് ചെര്‍ക്കള ദേശീയ പാതയോരത്ത് ആളൊഴിഞ്ഞ പറമ്പില്‍ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തിന് സമീപം ചെത്തുകല്ലിന്റെ കഷ്ണങ്ങളും കണ്ടെത്തിയിരുന്നു. പഞ്ചായത്തംഗം എം.സി.എ ഫൈസലിന്റെ മൊഴി പ്രകാരം വിദ്യാനഗര്‍ പൊലീസ് ദുരൂഹ മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. കണ്ണൂര്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്നുള്ള വിദഗ്ധര്‍ സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചിരുന്നു. മൃതദേഹത്തില്‍ നിന്ന് കിട്ടിയ പേഴ്‌സ് പരിശോധിച്ചപ്പോഴാണ് മൃതദേഹം രംഗപ്പയുടേതാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് ബന്ധുക്കളെ വിളിച്ച് വരുത്തി ഉറപ്പ് വരുത്തുകയായിരുന്നു. ചെര്‍ക്കളയിലും പരിസരത്തും കൂലിപ്പണിയെടുത്ത് വരികയായിരുന്നു രംഗപ്പ. നെഞ്ചിന്റെ ഇടത് ഭാഗത്ത് ഏഴോളം വാരിയെല്ലുകള്‍ക്ക് പൊട്ടലുള്ളതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് വീഴ്ചയിലുണ്ടാവുന്ന പരിക്കല്ലെന്നും കുത്തിയാലോ മറ്റുമുണ്ടാകുന്ന പരിക്കാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് ഈ കേസില്‍ കൊലപാതക കുറ്റം ചേര്‍ത്ത് വിദ്യാനഗര്‍ സി.ഐ. ബാബു പെരിങ്ങയത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവ ശേഷം ചെര്‍ക്കളയില്‍ നിന്ന് സ്ഥലം വിട്ടു പോയവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഈ ഭാഗത്ത് മദ്യവില്‍പ്പന നടത്തിയിരുന്ന തിരുവനന്തപുരം സ്വദേശിയായ യുവാവ് ചെര്‍ക്കള വിട്ടുപോയത് സംശയത്തിന് ഇട നല്‍കുകയും ഈ യുവാവിനെ കുറിച്ച് അന്വേഷണം നടത്തുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ യുവാവിന് ബന്ധമില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. അതിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള 200ലേറെ ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തിട്ടും കാര്യമായ പുരോഗതിയൊന്നുമുണ്ടായില്ല. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ വിപുലീകരിക്കുകയായിരുന്നു. ഓരോരുത്തര്‍ക്കും പ്രത്യേക ചുമതല നല്‍കി ചെര്‍ക്കള വിട്ടു പോയവരെ അന്വേഷിച്ച് കര്‍ണ്ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തി. അതിനിടെ സംഭവസമയത്ത് ചെര്‍ക്കളയില്‍ ഉണ്ടായിരുന്നതും അതിന് ശേഷം ഇവിടെ നിന്ന് പോയ ഒരാള്‍ അടുത്ത ദിവസം കാസര്‍കോട്ട് നിന്ന് സംഭവത്തെപ്പറ്റി അന്വേഷിച്ചതായ വിവരം ലഭിച്ചു. തുടര്‍ന്ന് അന്വേഷണം ആ വഴിക്ക് നീണ്ടു. രംഗപ്പയും അക്കണ്ടപ്പയും വിട്ടളയും അടിപിടി ഉണ്ടാക്കിയതായി വിവരം കിട്ടി. അന്വേഷണ സംഘം ബെല്‍ഗാം രാംദുര്‍ഗിലെത്തി തന്ത്രപരമായി ഇവരുടെ വീട് കണ്ടെത്തുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. രംഗപ്പ ഗാജി നേരത്തെ മദ്യപിക്കുന്നതിന് അക്കണ്ടപ്പക്ക് പണം നല്‍കിയിരുന്നുവത്രെ. പിന്നീട് മദ്യപിക്കാനായി പണം ഇല്ലാതെ വന്നപ്പോള്‍ അക്കണ്ടപ്പ പണം നല്‍കാനുണ്ടെന്ന കാര്യം പറഞ്ഞ് രംഗപ്പ ഗാജി അക്കണ്ടപ്പയുടെ സഹോദരന്‍ വിട്ടളയെ മര്‍ദ്ദിച്ചിരുന്നുവത്രെ. ഈ വിവരം വിട്ടള അക്കണ്ടപ്പയോട് പറയുകയും ചെയ്തു. പിന്നീട് രണ്ട് പേരും ചേര്‍ന്ന് രംഗപ്പയെ അടിക്കുകയും നിലത്ത് വീണ രംഗപ്പയുടെ ദേഹത്ത് വിട്ടള ചെങ്കല്‍ കഷ്ണം കൊണ്ട് കുത്തുകയും ചെയ്തുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സംഭവസമയത്ത് മൂവരും മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
എസ്.ഐ.മാരായ രവീന്ദ്രന്‍, ഫിലിപ് തോമസ്, മെല്‍വിന്‍ ജോസ്, എ.എസ്.ഐ.മാരായ നാരായണന്‍, ബാലകൃഷ്ണന്‍, രഘുത്തമന്‍, എസ്.സി.പി.ഒ. ലക്ഷ്മി നാരായണന്‍, ബാലകൃഷ്ണന്‍, റോജന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.Recent News
  കാറില്‍ കടത്തുകയായിരുന്ന കര്‍ണാടക നിര്‍മ്മിത മദ്യവുമായി മുണ്ട്യത്തടുക്ക സ്വദേശി അറസ്റ്റില്‍

  സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ ലോക നിലവാരത്തിലേക്കുയര്‍ത്തുന്നതിന് ഇടപെടും-ഗവര്‍ണര്‍

  കെ.എം. അഹ്മദ് സ്മാരക മാധ്യമ പുരസ്‌കാരം കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന് സമ്മാനിച്ചു

  സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിനതടവ്

  അനധികൃത കടവുകള്‍ നശിപ്പിച്ചു

  പുഴയില്‍ കണ്ടെത്തിയ മൃതദേഹം മുഹമ്മദ് കുഞ്ഞിയുടേതാണെന്ന് ഉറപ്പാക്കുന്ന തെളിവുകള്‍ ലഭിച്ചെന്ന് പൊലീസ്

  ബൈക്ക് ഉപേക്ഷിച്ചനിലയില്‍

  നാടക സംവിധായകന്‍ ചന്ദ്രാലയം നാരായണന്‍ അന്തരിച്ചു

  ഉളിയത്തടുക്കയില്‍ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്, വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും അക്രമം

  അഹ്മദ് മാഷ് അനുസ്മരണവും പുരസ്‌കാരദാനവും ഇന്ന്

  കാസര്‍കോട് മാര്‍ക്കറ്റില്‍ മത്സ്യം വാങ്ങാനെത്തിയ യുവാവില്‍ നിന്ന് കള്ളനോട്ടുകള്‍ പിടികൂടി

  ചാമുണ്ഡിക്കുന്നില്‍ വീണ്ടും പുലിയെ കണ്ടു

  സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

  വൃദ്ധന്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

  കുഞ്ചത്തൂരില്‍ സംഘര്‍ഷം; പൊലീസ് ഗ്രാനേഡ് പ്രയോഗിച്ചു, നാലുപേര്‍ക്ക് പരിക്ക്