updated on:2018-05-16 06:24 PM
വന്‍മരങ്ങള്‍ കടപുഴകിയപ്പോള്‍ എന്‍.എ ഹാരിസിന്റെ ഹാട്രിക് ജയത്തിന് തിളക്കമേറെ

www.utharadesam.com 2018-05-16 06:24 PM,
കാസര്‍കോട്: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. മുന്നേറ്റത്തില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കടക്കം അടി പതറിയപ്പോള്‍ കാസര്‍കോട് സ്വദേശി എന്‍.എ. ഹാരിസിന്റെ ഹാട്രിക് വിജയത്തിന് തിളക്കമേറെ. ബംഗളൂരു നഗര സിരാകേന്ദ്രങ്ങളായ എം.ജി. റോഡ്, ബ്രിഗേഡ്‌റോഡ് അടക്കമുള്‍പ്പെടുന്ന ശാന്തിനഗര്‍ മണ്ഡലത്തില്‍ നിന്ന് 18205 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മൂന്നാം തവണ ഹാരിസ് ജയിച്ച് കയറിയത്. ഹാരിസ് 60009 വോട്ട് നേടിയപ്പോള്‍ തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ത്ഥി ബി.ജെ.പി. യിലെ കെ. വാസുദേവ മൂര്‍ത്തിക്ക് 41804 വോട്ട് മാത്രമേ നേടാനായുള്ളൂ. മറ്റു പ്രമുഖ സ്ഥാനാര്‍ത്ഥികളായ ജെ.ഡി.എസിന്റെ എന്‍.ആര്‍. ശ്രീധര റെഡ്ഡി 13569 വോട്ടും ആം ആദ്മിയിലെ രേണുകാ വിശ്വനാഥന് 2658 വോട്ടും ലഭിച്ചു. കഴിഞ്ഞ തവണ ജെ.ഡി.എസ് ടിക്കറ്റില്‍ മത്സരിച്ച മൂര്‍ത്തി ബി.ജെ.പി. പാളയത്തിലേക്ക് ചുവട് മാറിയാണ് മത്സരിച്ചതെങ്കിലും ശാന്തിനഗറില്‍ ഹാരിസിന്റെ ജനസമ്മതിയെ തകര്‍ക്കാന്‍ കഴിഞ്ഞില്ല. 2013 ല്‍ വാസുദേവ മൂര്‍ത്തിയെ 20000 ലധികം വോട്ടിന്റ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്.
തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് മകന്‍ മുഹമ്മദ് നാലപ്പാടുമായി ബന്ധപ്പെട്ട കേസ് ഹാരിസിനെതിരെ ആയുധമാക്കാന്‍ എതിരാളികള്‍ ശ്രമിച്ചെങ്കിലും അതിനെ അതിജീവിച്ച് നേടിയ തിളക്കമാര്‍ന്ന ജയം വിമര്‍ശകരുടെ വായടപ്പിക്കുന്നതാണ്. ബംഗളൂരു കോര്‍പ്പറേഷനിലെ 7 വാര്‍ഡുകള്‍ ചേര്‍ന്നതാണ് ശാന്തിനഗര്‍ മണ്ഡലം. ഇവിടെ രണ്ട് തവണ എം.എല്‍.എ.യായ ഹാരിസ് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ പരക്കെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സാധാരണ തൊഴിലാളികള്‍ക്കും അപ്പര്‍ ക്ലാസിനും ഒരു പോലെ വോട്ടുവിഹിതമുള്ള ശാന്തിനഗറില്‍ ഭൂരിഭാഗം പേരെയും കൂടെ നിര്‍ത്താനായത് ഹാരിസിന്റെ നേട്ടമാണ്. ബംഗളൂരു കേന്ദ്രീകരിച്ചുള്ള സിറ്റിസണ്‍ ഗ്രൂപ്പിന്റെ സര്‍വ്വേയില്‍ ആ മേഖലയിലെ ഏറ്റവും മികച്ച സാമാജികനായി ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
2008 ല്‍ ബി.ജെ.പി.യുടെ ഡി.യു. മല്ലികാര്‍ജ്ജുനയെ 13797 വോട്ടിനാണ് ഹാരിസ് പരാജയപ്പെടുത്തിയത്. 2004ല്‍ ആദ്യ അങ്കത്തില്‍ ശിവാജി നഗറില്‍ നിന്ന് മത്സരിച്ച ഹാരിസ് ബി.ജെ.പിയിലെ കട്ട സുബ്രഹ്മണ്യ നായിഡുവിനോട് 4473 വോട്ടിന് പരാജയപ്പെട്ടിരുന്നുവെങ്കിലും അടുത്ത തവണ ശാന്തിനഗറിലേക്ക് ചുവട് മാറി ബി.ജെ.പിയില്‍ നിന്ന് മണ്ഡലം തിരിച്ചുപിടിക്കുകയായിരുന്നു.
2004 ലെ കാസര്‍കോട് ലോക്‌സഭാമണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മുന്‍ ഭദ്രാവതി മുനിസിപ്പല്‍ ചെയര്‍മാനും പൊതു പ്രവര്‍ത്തകനുമായ എന്‍.എ. മുഹമ്മദ് നാലപ്പാടിന്റെ മകനാണ് എന്‍.എ. ഹാരിസ്. കോണ്‍ഗ്രസ് നേതാവ് പട്ടുവത്തില്‍ കെ. മൊയ്തീന്‍ കുട്ടി ഹാജിയുടെ മകള്‍ താഹിറയാണ് ഭാര്യ. മുഹമ്മദ് നാലപ്പാട്, ഒമര്‍ ഫാറൂഖ് നാലപ്പാട്, ആയിഷ, സുരയ്യ മക്കളാണ്. എന്‍.എ. ഹാരിസ് ഫൗണ്ടേഷന്റെ കീഴില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ഹാരിസിന്റെ മിന്നും വിജയം കീഴൂരിലെ തറവാട് വീട്ടിലും കുടുംബാംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കുമിടയില്‍ നിറഞ്ഞ ആഹ്ലാദം പരത്തി. മന്ത്രിസഭാ രൂപീകരണ വിഷയത്തില്‍ നാടകീയ നീക്കങ്ങള്‍ നടക്കുന്ന കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി.യെ മറികടന്ന് കോണ്‍ഗ്രസ് ജെ.ഡി.എസ്. സഖ്യം ഭരണത്തിലേറിയാല്‍ ഹാരിസ് മന്ത്രിയാകുമോ എന്ന കാര്യമാണ് ഇപ്പോള്‍ കാസര്‍കോട്ടുകാര്‍ ഉറ്റുനോക്കുന്നത്.



Recent News
  മുംബൈയിലെ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ വിദ്യാര്‍ത്ഥി റിമാണ്ടില്‍; മൂന്നുപേരെ തിരയുന്നു

  വൊര്‍ക്കാടിയിലെ വിദ്യാര്‍ത്ഥിയുടെ മരണം വീണ് പരിക്കേറ്റത് മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  പൊതുസ്ഥലത്ത് അടികൂടിയ സംഘം പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി; നാലുപേര്‍ അറസ്റ്റില്‍

  റോഡിലെ ഇറക്കത്തില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് പോസ്റ്റുമാന്‍ മരിച്ചു

  ഒമ്പത് വയസുകാരിക്ക് അശ്ലീല ചിത്രം കാട്ടിയ യുവാവിന് 3 വര്‍ഷം കഠിന തടവ്

  സഹോദരങ്ങളടക്കം മൂന്നു പേര്‍ക്ക് ഡെങ്കിപ്പനി

  കല്ല്യാണ ദിവസം ഇഫ്താര്‍ ഒരുക്കി യൂത്ത് കോണ്‍. നേതാവ്

  ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി

  ഇന്‍ഷുറന്‍സ് മാനേജര്‍ അറിയാതെ അക്കൗണ്ടില്‍ നിന്ന് മൂന്നുതവണയായി പണം പിന്‍വലിച്ചു

  തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കാന്‍ 43 ലക്ഷം രൂപയുടെ പദ്ധതിയുമായി നഗരസഭ

  ഭര്‍ത്താവ് ഉപേക്ഷിച്ചു; എന്‍ഡോസള്‍ഫാന്‍ ഇരയായ ആദിവാസി യുവതിയെ സര്‍ക്കാറും അവഗണിക്കുന്നു

  പ്രകൃതിവിരുദ്ധപീഡനം: നാലുകേസുകളില്‍ പ്രതിയായ അമ്പതുകാരന്‍ അറസ്റ്റില്‍

  വോര്‍ക്കാടിയില്‍ മരമില്ലിന് സമീപം പരിക്കുകളോടെ അബോധാവസ്ഥയില്‍ കണ്ട ഒമ്പത് വയസുകാരന്‍ മരിച്ചു

  മുംബൈയിലെ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു; രണ്ടുപേര്‍ അറസ്റ്റില്‍

  ബാലചന്ദ്രന്‍ നീലേശ്വരത്തിന് അന്ത്യാഞ്ജലി