like this site? Tell a friend |
updated on:2018-07-11 09:13 PM
നെല്ലിക്കട്ടയില്‍ വീടിന്റെ ജനലിളക്കി അകത്തുകടന്ന് വീട്ടുകാരെ കത്തിവീശി മുറിവേല്‍പ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
![]() www.utharadesam.com 2018-07-11 09:13 PM, നെല്ലിക്കട്ട: നെല്ലിക്കട്ട ചൂരിപ്പള്ളയില്‍ വീടിന്റെ ജനല്‍ ഇളക്കിമാറ്റി അകത്തുകടന്ന് വീട്ടുകാരെ കത്തിവീശി മുറിവേല്‍പ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ചൂരിപ്പള്ളത്തെ പരേതനായ ബീരാന് ഹാജിയുടെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരക്കും മൂന്നേകാലിനും ഇടയിലാണ് സംഭവം. ബീരാന് ഹാജിയുടെ ഭാര്യ ആമിന (50), മകന് മുഹമ്മദ് ആസിഫിന്റെ ഭാര്യ മറിയംബി (24), മറിയംബിയുടെ മക്കളായ മുഹമ്മദ് ഹാദി (രണ്ട്), ഹിദ ഫാത്തിമ (അഞ്ച്) എന്നിവര്‍ക്കാണ് കത്തികൊണ്ടുള്ള മുറിവേറ്റത്. ഇവരെ ചെങ്കള ഇ.കെ നായനാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മുഖംമൂടിയും കയ്യുറയും ജാക്കറ്റും ധരിച്ചെത്തിയ ആള് കത്തിവീശി ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നുവെന്നാണ് പരാതി. വീടിന്റെ അടുക്കള ഭാഗത്തോട് ചേര്‍ന്നുള്ള സ്റ്റോര്‍ മുറിയുടെ ജനല്‍ ഗ്രില്‍സ് ഇളക്കിമാറ്റിയാണ് അകത്തുകടന്നത്. മോഷ്ടാവ് ആദ്യം ആമിനയുടെ മുറിയിലാണ് എത്തിയത്. ഭീഷണി സ്വരം കേട്ടാണ് ആമിന ഉറക്കമുണര്‍ന്നത്. അതിനിടെ തല ചുമരിനോട് ചേര്‍ത്ത് പിടിച്ച് കത്തികാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇവിടെ ഒന്നുമില്ലെന്നും വിടണമെന്നും ആമിന കരഞ്ഞുപറഞ്ഞു. അതിനിടെയാണ് ആമിനയുടെ നിലവിളികേട്ട് തൊട്ടപ്പുറത്തെ മുറിയിലുണ്ടായിരുന്ന മറിയംബി ഉണര്‍ന്നത്. മറിയംബിക്ക് നേരേയും മോഷ്ടാവ് കത്തിവീശി. ആമിനയുടെ മുഖത്തും കൈക്കും മറിയംബിയുടെ ഇരുകൈകളിലും മുറിവേറ്റിട്ടുണ്ട്. പിന്നീട് മറിയംബിയുടെ മക്കളായ ആദിയേയും ഹിദയേയും മോഷ്ടാവ് റൂമില്‍ നിന്ന് വലിച്ചിറക്കി കൊണ്ടുവന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി. ഇതോടെ ആമിനയും മറിയംബിയും ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഊരി നല്‍കുകയായിരുന്നു. മറിയംബിയുടെ വളയും ബ്രേസ്ലെറ്റും ആമിനയുടെ മാലയുമാണ് കവര്‍ന്നത്. മൊത്തം അഞ്ചേകാല്‍ പവന് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായാണ് വിവരം. സ്റ്റോര്‍റൂമില്‍ നിന്ന് മുളക് പൊടി എടുത്ത് വിതറാനുള്ള ശ്രമവും നടന്നിട്ടുണ്ട്. വിവരമറിഞ്ഞ് കാസര്‍കോട് ഡി.വൈ.എസ്.പി എം.വി സുകുമാരന്‍, ബദിയടുക്ക എസ്.ഐ മെല്വിന് ജോസ് തുടങ്ങിയവര്‍ സ്ഥലത്തെത്തി വീടും പരിസരവും പരിശോധിച്ചു. ആസ്പത്രിയില്‍ കഴിയുന്നവരില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. നാടന്‍ ശൈലിയിലായിരുന്നു മോഷ്ടാവിന്റെ സംസാരമെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. വീടും പരിസരവും വ്യക്തമായി അറിയുന്ന ആരെങ്കിലുമാവാം മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഉച്ചയ്ക്ക് ശേഷം വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധനക്കെത്തും. ബദിയടുക്ക പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ![]() ![]() ![]() Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |