updated on:2019-03-15 06:39 PM
കല്ല്യോട്ടിന്റെ കണ്ണീരിലേക്ക് കുളിര്‍കാറ്റായി രാഹുല്‍ വന്നിറങ്ങി

www.utharadesam.com 2019-03-15 06:39 PM,
പെരിയ: കല്ല്യോട്ട് ഗ്രാമത്തിന്റെ നൊമ്പരങ്ങള്‍ക്കും കത്തിയാളുന്ന പൊരിവെയിലിനിടയിലേക്കും കുളിര്‍ക്കാറ്റുപോലെ എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വന്നിറങ്ങിയപ്പോള്‍ ആവേശം ആകാശംമുട്ടി. വെളുത്ത ജുബ്ബയും പൈജാമയും ധരിച്ച്, കൈകള്‍ പിന്നില്‍ കെട്ടി, ഉച്ചയ്ക്ക് 2.30ഓടെ രാഹുല്‍ ഗാന്ധി ആദ്യം കൃപേഷിന്റെ വീട്ടിലാണ് എത്തിയത്. ബുള്ളറ്റ് പ്രൂഫ് കാറില്‍ നിന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും ഒപ്പമിറങ്ങി.
ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍, മുകുള്‍ വാസ്‌നിക് എന്നിവരും കൂടെയുണ്ടായിരുന്നു. കൃപേഷിന്റെ വീടിന് മുന്നില്‍ സുഹൃത്തുക്കള്‍ ഉയര്‍ത്തിയ ഒരു ഫ്‌ളക്‌സുണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് കൃപേഷ് കളിയായി പറഞ്ഞ വാക്കുകള്‍ യാഥാര്‍ത്ഥ്യമായതിന്റെ വരികളായിരുന്നു അത്. 'രാഹുല്‍ജി, ഞാന്‍ മരിച്ചതറിഞ്ഞ് എന്നെ കാണാന്‍ താങ്കള്‍ വന്നു. എനിക്കും കുടുംബത്തിനും സമാധാനമായി...'
കൃപേഷിന്റെ വീട്ടിലേക്ക് നടന്നുനീങ്ങിയ രാഹുല്‍ ഗാന്ധിയെ ഹൈബി ഈഡന്‍ എം.എല്‍.എയും ഡീന്‍ കുര്യാക്കോസും സാജിദ് മൗവ്വലും ചേര്‍ന്ന് ആദ്യം കാണികള്‍ക്കിടയിലേക്ക് കൊണ്ടുപോയി. കൃപേഷിന്റെയും ശരത് ലാലിന്റെയും സുഹൃത്തുക്കള്‍ അവിടെയുണ്ടായിരുന്നു. രാഹുല്‍ ഗാന്ധി അവര്‍ക്ക് ഹസ്തദാനം ചെയ്തു. പിന്നീട് നേരെ ഓലമേഞ്ഞ ആ ഒറ്റമുറി വീട്ടിലേക്ക്.
ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, മുന്‍ പ്രസിഡണ്ട് സി.കെ ശ്രീധരന്‍, മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍, ഡി.സി.സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. വീട്ടില്‍ കയറിയ ഉടനെ കൃപേഷിന്റെ അച്ഛന്‍ കൃഷ്ണനെ ചേര്‍ത്തുപിടിച്ച് അകത്തേക്ക് നടന്നു. വിഷമിക്കേണ്ട, കൂടെ ഞാനുണ്ടെന്ന വാക്കുകളും സാന്ത്വനവും. വീടിന്റെ അകം നോക്കികണ്ട ശേഷം കൃഷ്ണനെ ഒരിടത്ത് ഇരുത്തി. യഥാര്‍ത്ഥ പ്രതികള്‍ക്ക് ശിക്ഷ വാങ്ങികൊടുക്കുംവരെ ഞങ്ങള്‍ക്ക് വിശ്രമമില്ലെന്ന് രാഹുലിന്റെ വാക്കുകള്‍. ഇതിനിടയില്‍ കൃപേഷിന്റെ സഹോദരിയെ ചേര്‍ത്ത് പിടിച്ച് പഠനത്തിലായിരിക്കണം ശ്രദ്ധയെന്നും ഇതിന് വേണ്ടി എന്തു സഹായം വേണമെങ്കിലും അറിയിക്കണമെന്നുമുള്ള വാക്കുകള്‍. പാര്‍ട്ടി ശേഖരിച്ച സഹായമൊക്കെ കിട്ടിയിട്ടില്ലേ എന്ന് കൃഷ്ണനോട് തിരക്കി. അദ്ദേഹം തലയാട്ടി.
കൃപേഷിന്റെ അമ്മ ബാലാമണിയോട് മക്കളുടെ പഠന കാര്യം ശ്രദ്ധിക്കണമെന്നും എന്തിനും ഞങ്ങള്‍ കൂടെയുണ്ടെന്നുള്ള ഉറപ്പ്. 10 മിനിട്ടോളം വീട്ടിനകത്ത് ചെലവഴിച്ച രാഹുല്‍ ഗാന്ധി പുറത്തിറങ്ങിയപ്പോള്‍ മുകുള്‍ വാസ്‌നിക് തൊട്ടടുത്ത് നിര്‍മ്മാണം ആരംഭിച്ച കൃപേഷിന്റെ കുടുംബത്തിനുള്ള വീട് ചൂണ്ടിക്കാട്ടി അങ്ങോട്ട് ക്ഷണിച്ചു.
നിര്‍മ്മാണം പുരോഗമിക്കുന്ന വീട്ടിലേക്ക് ഉത്സാഹത്തോടെ രാഹുല്‍ ഓടിക്കയറി. പിന്നാലെ നേതാക്കളും. ഹൈബി ഈഡന്റെ ശ്രമഫലമായാണ് ഈ വീടിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്. വീട്ടില്‍ നിന്നും ഇറങ്ങിയ രാഹുല്‍ ഗാന്ധിയെ ആള്‍കൂട്ടത്തിനിടയില്‍ നിന്ന് മലപ്പുറത്ത് നിന്നെത്തിയ ഒരു പ്രവര്‍ത്തകന്‍ ഉറക്കെ വിളിച്ചു; രാഹുല്‍ജി ഷേക്ക് ഹാന്റ് പ്ലീസ്...
രാഹുല്‍ നടന്നടുത്ത് അയാള്‍ക്ക് കൈകൊടുത്തു. വല്ലാത്ത നിര്‍വൃതിയോടെ അയാള്‍ ഓടി. പിന്നീട് നീങ്ങിയത് മാധ്യമ പ്രവര്‍ത്തകരുടെ മുമ്പിലേക്ക്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നീതി ലഭിക്കുന്നത് വരെ പോരാടുമെന്നും പാര്‍ട്ടി അവസാന നിമിഷംവരെ കൊല്ലപ്പെട്ടവരുടെ കുടുംബത്തോടൊപ്പമുണ്ടാകുമെന്നും ചുരുങ്ങിയ വാക്കുകളില്‍ രാഹുല്‍ പറഞ്ഞു. നേരെ കാറിലേക്ക്.
അവിടെ നിന്ന് അരകിലോമീറ്റര്‍ അകലെയുള്ള ശരത് ലാലിന്റെ വീട്ടിലേക്കെത്തുമ്പോള്‍ കൊടിയ വെയിലിനെ വകവെക്കാതെ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. വീടിനുള്ളില്‍ ശരത്തിന്റെ ചിത്രം വണങ്ങിയ ശേഷം രാഹുല്‍ ശരത്തിന്റെ അമ്മ ലതയുടേയും അച്ഛന്‍ സത്യനാരായണന്റെയും അരികില്‍ ചെന്നിരുന്നു. കൊല്ലപ്പെട്ട ദിവസത്തെ വിവരങ്ങളെല്ലാം സത്യനാരാണന്‍ രാഹുലിനോട് വിവരിച്ചു. ശരത് ലാലിന്റെ സഹോദരി അമൃത ഏട്ടനെ കുറിച്ച് പറഞ്ഞ് പൊട്ടികരഞ്ഞു.
അവിടേയും രാഹുലിന്റെ ആശ്വാസ വാക്കുകള്‍. അമൃതയെ അടുത്ത് ചേര്‍ത്ത് പിടിച്ച് രാഹുല്‍ പറഞ്ഞു. നന്നായി പഠിക്കണം. പഠനത്തിനുള്ള എന്തുസഹായവും ചെയ്തുതരും.
വീട്ടില്‍ നിന്ന് തന്റെ കാത്തുനിന്ന പ്രവര്‍ത്തകരുടെ അടുത്തേക്ക് രാഹുല്‍ നടന്നുനീങ്ങുമ്പോള്‍ സ്ത്രീകളടക്കമുള്ളവര്‍ നിലവിളിക്കുന്നുണ്ടായിരുന്നു. അവരോട് ആശ്വാസ വാക്കുകള്‍ പറഞ്ഞ് രാഹുല്‍ മടങ്ങി.Recent News
  ഓട്ടോഡ്രൈവറെ ആളുമാറി മര്‍ദ്ദിച്ചു

  കാറ്റ് എന്‍.ഡി.എക്ക് അനുകൂലം-രവീശതന്ത്രി

  കഞ്ചാവ് എത്തിച്ചത് വിശാഖപട്ടണത്തുനിന്ന്; കാസര്‍കോട്ട് പിടിയിലായത് ലഹരിമാഫിയാസംഘത്തിലെ പ്രധാനകണ്ണികള്‍

  ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് ആസ്പത്രിയില്‍ മരിച്ചു; മറ്റൊരു യുവാവിന് ഗുരുതരം

  ഡോ. ആമിനയുടെ വീട്ടില്‍ സൗഹൃദത്തിന്റെ ഊഞ്ഞാലിലാടി പി.ടി. ഉഷയും പഴയ സഹപാഠികളും

  ചള്ളങ്കയം സി.എച്ച്. അബ്ദുല്ല മുസ്ലിയാര്‍ അന്തരിച്ചു

  പെര്‍ളയില്‍ വീടിന്റെ പൂട്ട് പൊളിച്ച് 26 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു

  വാഹനത്തിലേക്ക് മാറ്റുന്നതിനിടെ മാര്‍ബിള്‍ വീണ് മൂന്ന് പേര്‍ക്ക് പരിക്ക്

  കുമ്പളയില്‍ 3 വയസ്സുകാരിക്ക് സൂര്യാഘാതമേറ്റു

  കുട്ടികളെ വാഹനങ്ങളില്‍ കുത്തിനിറച്ച് കൊണ്ടുപോകുന്നതിനെതിരെ കര്‍ശന നടപടിയെന്ന് പൊലീസ്

  യുവാവിനെ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചതായി പരാതി

  കുമ്പളയിലെ ക്ഷേത്രക്കവര്‍ച്ച; വിരലടയാളം ലഭിച്ചു

  മുഖ്യാതിഥിയായി പി.ടി. ഉഷ എത്തി; ക്ഷയരോഗ ദിനാചരണത്തിന് തുടക്കമായി

  കാഞ്ഞങ്ങാട്ടും കുറ്റിക്കോലിലും 2 പേര്‍ക്ക് സൂര്യതാപമേറ്റു

  ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്