updated on:2019-04-22 08:57 PM
സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട റസീനയുടെ കുടുംബത്തിന് ശ്രീലങ്കയുമായി എട്ട് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം

www.utharadesam.com 2019-04-22 08:57 PM,
കാസര്‍കോട്: കൊളംബോയിലെ ഷാന്‍ഗ്രില പഞ്ചനക്ഷത്ര ഹോട്ടലിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിനി റസീനയുടെ കുടുംബത്തിന് ശ്രീലങ്കയുമായി എട്ട് പതിറ്റാണ്ടിലേറെ നീണ്ട അഭേദ്യമായ ബന്ധമുണ്ട്. റസീനയുടെ പിതാവ് പി.എസ്. അബ്ദുല്ല ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനും മുമ്പേ ശ്രീലങ്ക (സിലോണ്‍)യുമായി ബന്ധം സ്ഥാപിച്ച പ്രധാനിയായിരുന്നു.
പി.എസ്. അബ്ദുല്ലയുടെ പിതാവ് പി.കെ സൈനുദ്ദീനും ജ്യേഷ്ഠന്‍ പി.എസ് മുഹമ്മദും തുടങ്ങിവെച്ച ബന്ധം ഉള്‍ക്കൊണ്ട് 1945ലാണ് പി.എസ്. അബ്ദുല്ല ശ്രീലങ്കയിലെത്തുന്നത്. വ്യാപാര, വ്യവസായ മേഖലയില്‍ വളരുന്നതിനൊപ്പം ശ്രീലങ്കയിലെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളില്‍ മേല്‍വിലാസം നേടിയെടുക്കാനും അബ്ദുല്ലക്ക് കഴിഞ്ഞിരുന്നു.
1956ല്‍ അബ്ദുല്ലക്ക് ശ്രീലങ്കന്‍ പൗരത്വം ലഭിക്കുകയുണ്ടായി. ഏറെ കാലം വാവുണിയ മുന്‍സിപ്പാലിറ്റിയുടെ വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. റസീന വളര്‍ന്നതും പഠിച്ചതുമൊക്കെ ശ്രീലങ്കയിലായിരുന്നു. മംഗളുരു സ്വദേശി ഖാദര്‍ കുക്കാടിയുമായി വിവാഹിതയായ ശേഷം സ്ഥിരതാമസം ദുബായിലായെങ്കിലും അവധി വേളകളിലൊക്കെ റസീന പിതാവിനെയും ബന്ധുക്കളെയുമൊക്കെ കാണാന്‍ ശ്രീലങ്കയില്‍ എത്തുമായിരുന്നു.
ശ്രീലങ്കയിലെ വാവുണിയ നഗരത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പി.എസ് അബ്ദുല്ലയായിരുന്നു. രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ച് 1973ല്‍ ഗവര്‍ണര്‍ ജനറലുടെ നിര്‍ദ്ദേശ പ്രകാരം ശ്രീലങ്കന്‍ ഭരണകൂടം ജസ്റ്റിസ് ഓഫ് പീസ് പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. ശ്രീലങ്കയുടെ മുന്നേറ്റത്തിനായി പ്രവര്‍ത്തിച്ചത് കാരണം 1989ല്‍ പ്രഭാകരന്റെ നേതൃത്വത്തിലുള്ള എല്‍.ടി.ടി തീവ്രവാദികള്‍ പി.എസ്. അബ്ദുല്ലയെ റാഞ്ചി ബന്ദിയാക്കിയിരുന്നു. ശ്രീലങ്കന്‍ ഭരണകൂടം വന്‍തുക മോചനദ്രവ്യമായി നല്‍കിയ ശേഷമാണ് വിട്ടയച്ചത്. 28 ദിവസമായിരുന്നു അബ്ദുല്ല ഭയാശങ്കകളോടെ പുലിമടയില്‍ കഴിഞ്ഞത്. 1995ല്‍ ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും നിസാര വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. ശ്രീലങ്കന്‍ മോണിറ്റിയറിംഗ് മിഷന്‍ അംഗമായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച അബ്ദുല്ല 30വര്‍ഷത്തോളം വാവുണിയ ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെയും അഞ്ച് പതിറ്റാണ്ടോളം കാലം വാവുണിയ ഗ്രാന്റ് ജുമാ മസ്ജിദിന്റെയും പ്രസിഡണ്ടായിരുന്നു. അബ്ദുല്ല നാല് വര്‍ഷം മുമ്പാണ് അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടത്.
അബ്ദുല്ലയുടെ കുടുംബവും നിരവധി ബന്ധുക്കളും ശ്രീലങ്കയിലെ വ്യാപാര, വ്യവസായ മേഖലകളില്‍ സജീവമാണ്. ശ്രീലങ്കയില്‍ ഇടക്കിടെയുണ്ടാകുന്ന ആഭ്യന്തര കലഹങ്ങളും കലാപങ്ങളുമൊക്കെ മൊഗ്രാല്‍ പുത്തൂരിലെ പി.എസ് കുടുംബത്തെയും ഏറെ ഭീതിയിലാഴ്ത്താറുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുണ്ടായ തീവ്രബുദ്ധ സംഘടനയുടെ ആക്രമണത്തില്‍ ശ്രീലങ്കയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ കാന്‍ഡിയിലടക്കം വലിയ നാശനഷ്ടമാണുണ്ടായത്.
സംഘര്‍ഷം ദിനങ്ങളോളം തുടര്‍ന്നതോടെ ഇവിടെ ബിസിനസ് നടത്തുന്ന കാസര്‍കോട് സ്വദേശികളടക്കമുള്ളവര്‍ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്‌ഫോടന പരമ്പര ഉണ്ടായത്. സ്‌ഫോടനം ഉണ്ടായ കൊളംബോയിലെ ഹോട്ടലിലാണ് റസീന താമസിച്ചിരുന്നതെന്നറിഞ്ഞതോടെ ബന്ധുക്കളും നാട്ടുകാരുമൊക്കെ ആശങ്കയിലായി. റസീനക്ക് ഒന്നും സംഭവിക്കരുതേ എന്ന പ്രാര്‍ത്ഥനക്കിടെയാണ് മരിച്ചവരുടെ കൂട്ടത്തില്‍ റസീനയുമുണ്ടെന്ന ദുഖവാര്‍ത്ത എത്തുന്നത്.Recent News
  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു

  മാണിക്കോത്ത് സ്വദേശി കാറിടിച്ച് മരിച്ചു

  നെഞ്ചുവേദനമൂലം ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ മരിച്ചു

  നോട്ടക്ക് 4417, സ്വതന്ത്രരില്‍ മുന്നില്‍ ഗോവിന്ദന്‍

  ഉണ്ണിത്താന്‍ എം.പിയായശേഷം ആദ്യമെത്തിയത് കല്യോട്ട്

  കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

  മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

  കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍

  ബന്തടുക്കയില്‍ കര്‍ണാടക മദ്യം പിടികൂടി; ഒരാള്‍ പിടിയില്‍

  ജര്‍മ്മന്‍ വിനോദ സഞ്ചാരികളെ അക്രമിച്ച് പണം കവര്‍ന്ന പ്രതികള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് കോടതിയില്‍ ഹാജരായി

  കാണാതായ ഓട്ടോ ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

  രണ്ട് മാസം മുമ്പ് കാണാതായ യുവാവിനെ കണ്ടെത്താനായില്ല

  തൃശൂര്‍ നസീര്‍ 13 മണിക്കൂര്‍ തെരുവില്‍ കിടന്ന് പാടാന്‍ തയ്യാറെടുക്കുന്നു