updated on:2019-05-24 08:01 PM
ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

www.utharadesam.com 2019-05-24 08:01 PM,
കാസര്‍കോട്: ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക കാസര്‍കോടിന്റെ ആരോഗ്യ മേഖലയ്ക്ക് വേണ്ടിയായിരിക്കുമെന്ന് നിയുക്ത എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ ഇന്ന് രാവിലെ 'മീറ്റ് ദ പ്രസില്‍' സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കാണ് മുഖ്യപരിഗണന. കാസര്‍കോട്ട് രോഗ നിര്‍ണ്ണയത്തിന് പോലും നല്ലൊരു സ്ഥാപനമില്ല. ആരോഗ്യമാണ് ആദ്യം വേണ്ടത്. ഇതിന് വേണ്ടി ലോക്‌സഭയില്‍ ശബ്ദിക്കും. അനിശ്ചിതത്വത്തിലുള്ള കേന്ദ്ര മെഡിക്കല്‍ കോളേജ് കാസര്‍കോട്ട് കൊണ്ടുവരും. ആരോഗ്യ മേഖലയില്‍ വിവിധ സ്ഥാപനങ്ങള്‍ക്ക് വേണ്ടി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. എയിംസ്, കേന്ദ്രസര്‍വ്വകലാശാലക്ക് കീഴിലുള്ള മെഡിക്കല്‍ കോളേജ്, കാസര്‍കോട് ഡയബറ്റിക് സെന്റര്‍ എന്നിവയ്ക്കായും ശബ്ദിക്കും. റെയില്‍വേ രംഗത്ത് ഒരു പാട് അവഗണനങ്ങളുണ്ട്. ഇത് പരിഹരിക്കാന്‍ ശബ്ദമുയര്‍ത്തും. കാസര്‍കോട്ടെ മുഴുവന്‍ റെയില്‍വേ സ്റ്റേഷനുകളും ഉടന്‍ സന്ദര്‍ശിക്കും. എച്ച്.എ.എല്‍ പുനരുദ്ധാരണത്തിനും ശ്രദ്ധചെലുത്തും.
ഭാഷാ ന്യൂനപക്ഷങ്ങളുടെ കാര്യങ്ങള്‍ക്ക് പരിഗണന നല്‍കും. പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം ഓഫീസ് ആരംഭിക്കും. ഇതിന് അനുയോജ്യമായ സ്ഥലം ഉടന്‍ കണ്ടെത്തും.
കുടിവെള്ള പ്രശ്‌നത്തിനും ശാശ്വതമായ പരിഹാരം തേടും. കാന്‍സര്‍ രോഗികള്‍ക്ക് ആവശ്യമായ കാര്യങ്ങളെ കുറിച്ച് പഠിച്ചറിഞ്ഞ ശേഷം നടപടി സ്വീകരിക്കും. ശാന്തിയും സമാധാനവുമാണ് തന്റെ ലക്ഷ്യം. പകയുടേയും അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം ഈ മണ്ണില്‍ ഇനി ഉണ്ടാവരുത്. ഇവിടെ വേണ്ടത് ശവകുടീരങ്ങളല്ല. മറിച്ച് സമാധാനവും വികസനവുമാണ്. ആരേയും അക്രമിക്കാന്‍ ശ്രമിക്കരുത്. പിലാത്തറയില്‍ തന്നെ അക്രമിച്ചത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ ക്രിമിനലുകലുകളാണ്. മാധ്യമ പ്രവര്‍ത്തകരേയും അക്രമിക്കുകയുണ്ടായി. 50ലധികം ബൂത്തുകളില്‍ കള്ളവോട്ട് നടന്നു. പല ബൂത്തുകളിലും യു.ഡി.എഫ് പ്രവര്‍ത്തകരെ ഇരിക്കാന്‍ അനുവദിച്ചില്ല. പാര്‍ട്ടി അനുഭാവികളായ പ്രിസൈഡിംഗ്, പോളിങ് ഓഫീസര്‍മാരെ നിയമിച്ചു.
വ്യാപകമായി കള്ളവോട്ടിനെ പ്രോത്സാഹിപ്പിച്ചു. കള്ളവോട്ട് വ്യാപകമായി നടന്നത് കാരണമാണ് തനിക്ക് വിചാരിച്ച ഭൂരിപക്ഷം കിട്ടാത്തതെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാറില്‍ നിന്ന് കാസര്‍കോടിന് വേണ്ടി ലഭിക്കേണ്ട എല്ലാ കാര്യങ്ങള്‍ക്കും താന്‍ മുന്നിലുണ്ടാകും. കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങള്‍ ഇടതുപക്ഷം കയ്യടക്കിവെച്ചിരുന്നത് ജനാധിപത്യ രീതിയല്ല, മറിച്ച് കള്ളവോട്ട് കൊണ്ടായിരുന്നു-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെ വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദിയും കടപ്പാടും അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, അഡ്വ. സി.കെ ശ്രീധരന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. കെ.വി പത്മേഷ് സ്വാഗതം പറഞ്ഞു.Recent News
  കോളേജില്‍ നിന്ന് ടി.സി.നല്‍കി പറഞ്ഞുവിട്ട ഡിഗ്രി വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

  പുതിയ ബസ്സ്റ്റാന്റില്‍ ഗാന്ധി സ്‌ക്വയര്‍ മാതൃകയില്‍ പദ്ധതി തയ്യാറാക്കുന്നു

  ഗോവയില്‍ നിന്ന് കാസര്‍കോട്ടേക്ക് രാസപദാര്‍ത്ഥം കലര്‍ത്തിയ മത്സ്യം ഒഴുകുന്നു

  കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ വ്യാപകമായി റോഡുകള്‍ തകര്‍ന്നു; അപകടങ്ങള്‍ പതിവാകുന്നു

  ലളിത കലാസദനം വീണ്ടും ഉണര്‍ന്നു; റബ്ഡി കാണാന്‍ നിരവധി പേരെത്തി

  തെരുവത്ത് ഹാഷിം സ്ട്രീറ്റ് ഹൊസമനക്കാടിലെ റോഡില്‍ കൈയെത്തും ദൂരത്ത് വൈദ്യുതി കമ്പികള്‍

  ജാനകി വധക്കേസിന്റെ വിചാരണ ആഗസ്റ്റ് 8ന് ആരംഭിക്കും

  എ.എം ദാമോദരന്‍ നായര്‍ അന്തരിച്ചു

  ഫോണ്‍ വഴി മദ്യവില്‍പ്പന; യുവാവ് അറസ്റ്റില്‍

  കര്‍ണാടക നിര്‍മ്മിത മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

  അഞ്ചു വയസ്സുകാരന്റെ മരണം മുറിയനാവിയെ ദുഃഖസാന്ദ്രമാക്കി

  എച്ച്.എ മുഹമ്മദ് മാസ്റ്റര്‍ അന്തരിച്ചു

  ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ചികിത്സ വൈകി; ജോലിക്കിടെ ഷോക്കേറ്റ യുവാവ് മരിച്ചു

  കലക്ടറേറ്റില്‍ യോഗ ദിനാചരണം നടത്തി

  റിയാസ് മൗലവി വധക്കേസ് വിചാരണ ജൂലൈ 10 ലേക്ക് മാറ്റി; രണ്ടാം പ്രതിയുടെ പിതാവിനെ വിസ്തരിക്കും