മംഗളൂരുവില്‍ പാളം മുറിച്ച് കടക്കവേ തീവണ്ടിയിടിച്ച് ആറുവയസുകാരന്‍ മരിച്ചു

www.utharadesam.com 2017-09-24 06:06 PM,
മംഗളൂരു: കടയില്‍ നിന്ന് മിഠായി വാങ്ങി കൂട്ടുകാരോടൊപ്പം വീട്ടിലേക്ക് മടങ്ങവെ ആറുവയസുകാരന്‍ തീവണ്ടിയിടിച്ച് ദാരുണമായി മരിച്ചു. അന്‍വറിന്റെയും ഷമീമയുടെയും മകന്‍ മുഹമ്മദ് ഹുസൈന്‍ ഹാഫില്‍ ആണ് മരിച്ചത്. ജെപ്പു മഹാകാളിപ്പടപ്പ് റെയില്‍വെ ഗേറ്റിന് സമീപം പാളം മുറിച്ചുകടക്കവെ പാഞ്ഞുവന്ന എക്‌സ്പ്രസ് തീവണ്ടി ഇടിക്കുകയായിരുന്നു. ജെപ്പു സെന്റ് റീറ്റ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ രണ്ടാം തരം വിദ്യാര്‍ത്ഥിയായിരുന്നു.
ഇന്നലെ ഉച്ചതിരിഞ്ഞാണ് സംഭവം. ഉച്ചക്ക് 3.30 മണിയോടെ മിഠായി വാങ്ങാന്‍ കൂട്ടുകാരോടൊപ്പം വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. സഹോദരന്‍ നാല് വയസുള്ള ജുനൈദും മറ്റ് രണ്ടുപേരും ഒപ്പമുണ്ടായിരുന്നു. വീടിന് തൊട്ടടുത്ത കടയില്‍ നിന്ന് മിഠായി വാങ്ങാനാണ് ഇവര്‍ പുറത്തിറങ്ങിയതെങ്കിലും കട അടച്ചിരുന്നതിനാല്‍ പാളം മുറിച്ചുകടന്ന് മറ്റൊരു കടയിലേക്ക് പോവുകയായിരുന്നു. സഹോദരനും കൂട്ടുകാരും പാളം മുറിച്ച് മറുഭാഗത്തെത്തിയെങ്കിലും പിറകിലായിരുന്ന ഹാഫില്‍ തീവണ്ടി പാഞ്ഞുവരുന്നതറിയാതെ പാളത്തിലൂടെ കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ കുട്ടിയെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തീവണ്ടക്കടിയില്‍ കുടുങ്ങി 80 മീറ്ററോളം കുട്ടി ഞെരിഞ്ഞമര്‍ന്നു.
പിതാവ് അന്‍വര്‍ സൗദിയിലാണ്. കേരളത്തില്‍ നിന്ന് മംഗളൂരു ജംഗ്ഷന്‍ ഭാഗത്തേക്കും തിരിച്ചും അടിക്കടി ഓടുന്ന ട്രെയിനുകള്‍ കടന്നുപോകുന്ന ജെപ്പുഭാഗത്ത് കുട്ടികളും മറ്റും അശ്രദ്ധമായി പാളത്തില്‍ കടക്കാതിരിക്കാനുള്ള സുരക്ഷാവേലികളില്ലാത്തത് അപകടം വിളിച്ചുവരുത്തുന്നതാണെന്ന് നാട്ടുകാര്‍ പറയുന്നു.


Earlier updates:

ഇന്ത്യന്‍ യുവതയില്‍ വലിയൊരു വിഭാഗം നവമാധ്യമങ്ങളുടെ ചതിക്കുഴിയില്‍-കനയ്യകുമാര്‍

www.utharadesam.com 2017-09-24 05:58 PM,
കാസര്‍കോട്: ഇന്ത്യന്‍ യുവതയില്‍ വലിയൊരു വിഭാഗവും നവ മാധ്യമങ്ങളുടെയും വലത് പ്രതിലോമ പിന്തിരിപ്പന്‍ ശക്തികളുടെയും ചതിക്കുഴിയില്‍ വീഴുകയാണെന്ന് ജെ.എന്‍.യു. മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍.
രാവിലെ ഗവ. ഗസ്റ്റ് ഹൗസില്‍ ഉത്തരദേശത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ മീഡിയകള്‍ നല്‍കുന്ന തെറ്റായ വാര്‍ത്തകളാല്‍ യുവാക്കളില്‍ നല്ലൊരു വിഭാഗവും കബളിപ്പിക്കപ്പെടുകയാണ്. സത്യമേതെന്ന് തിരിച്ചറിയാന്‍ പലര്‍ക്കും കഴിയുന്നില്ല. പട്ടിണിയാണോ പാക്കിസ്താനാണോ പ്രധാന വിഷയമെന്ന് തിരിച്ചറിയാന്‍ പോലും അവര്‍ക്ക് പറ്റാതായിരിക്കുന്നു- കനയ്യ കുമാര്‍ പറഞ്ഞു.
ഇത് ഇന്ത്യയിലെ മാത്രം പ്രശ്‌നമല്ല. കൃത്രിമ വാര്‍ത്തകളിലൂടെ തെറ്റായ വഴികളിലേക്ക് വലിയൊരു വിഭാഗത്തെ സഞ്ചരിപ്പിക്കുന്ന ഗൂഢ നീക്കങ്ങള്‍ എല്ലായിടത്തുമുണ്ട്. കേട്ടമാത്രം അവ വിശ്വസിക്കുന്നതിന് പകരം ശരിയെന്താണെന്ന് കണ്ടെത്താനും തിരിച്ചറിയാനും യുവ തലമുറക്ക് കഴിയണമെന്നും കനയ്യ കുമാര്‍ പറഞ്ഞു.
രാജ്യത്ത് മാധ്യമ പ്രവര്‍ത്തകരും എഴുത്തുകാരും കൊല്ലപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. പഞ്ചാബില്‍ കഴിഞ്ഞ ദിവസം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും അമ്മയും കൊല്ലപ്പെട്ടു. ബംഗളൂരുവില്‍ ഗൗരിലങ്കേഷ് കൊല്ലപ്പെട്ടതിന്റെ നടുക്കം ഇനിയും മാറിയിട്ടില്ല. പന്‍സാരെയും കല്‍ബുര്‍ഗിയുമൊക്കെ കൊല്ലപ്പെട്ടത് അവര്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ ആളായതുകൊണ്ടല്ല. ധൈഷണികമായി ഫാസിസ്റ്റ് ശക്തികളെ നേരിടുന്നു എന്ന ഒറ്റകാരണത്താലാണ്. തൊഴിലിനോടുള്ള വിരോധംകൊണ്ടല്ല മാധ്യമ പ്രവര്‍ത്തകരെ ക്രൂരമായി കൊല്ലുന്നത്. ഹിന്ദുത്വ ശക്തികള്‍ക്കെതിരെ നിരന്തരം എഴുതുന്നത് കൊണ്ടാണ്. ശബ്ദിക്കുന്നവരെ ഇല്ലാതാക്കുക എന്ന ക്രൂരമായ രീതി ഏറിവരികയാണ്. ഇതെല്ലാം തിരിച്ചറിഞ്ഞ് ശക്തമായൊരു പ്രതിരോധ ശക്തി ഉയര്‍ന്നുവരുന്നുണ്ടെന്നും കനയ്യ കുമാര്‍ പറഞ്ഞു.
കെ. മാധവന്‍ സ്മാരക പുരസ്‌കാരം ഏറ്റുവാങ്ങാനായി ഇന്നലെ രാത്രിയാണ് കനയ്യ കുമാര്‍ കാസര്‍കോട്ടെത്തിയത്. കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ കനയ്യ കുമാറിനെ വരവേറ്റു. സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സംസ്ഥാന കമ്മിറ്റിയംഗം കെ.വി കൃഷ്ണന്‍, ടി. കൃഷ്ണന്‍, പ്രഭാകര റാവു, അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള, ബി.വി രാജന്‍, ദക്ഷിണ കന്നഡ ജില്ലാ സെക്രട്ടറി വി. കുക്കിയ, കര്‍ണാടക സംസ്ഥാന കൗണ്‍സില്‍ അംഗം ഡോ. ശ്രീനിവാസ് കക്കില്ലായ, കെ. മാധവന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ഡോ. സി. ബാലന്‍, ഡോ. അജയകുമാര്‍ കോടോത്ത് എന്നിവരും കനയ്യകുമാറിനെ സ്വീകരിക്കാനെത്തിയിരുന്നു. രാവിലെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം സി.എച്ച് കുഞ്ഞമ്പു അടക്കമുള്ള നേതാക്കള്‍ ഗസ്റ്റ് ഹൗസില്‍ കനയ്യകുമാറിനെ സന്ദര്‍ശിച്ചു.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പുരസ്‌കാര വിതരണം നടത്തും. മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. കാനം രാജേന്ദ്രന്‍, പി. കരുണാകരന്‍ എം.പി എന്നിവര്‍ കെ. മാധവന്‍ അനുസ്മരണ പ്രഭാഷണം നടത്തും.
ഇന്ന് രാവിലെ 11.30ഓടെ കനയ്യ കുമാറിനെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ബൈക്കുകളുടെ അകമ്പടിയോടെ കാഞ്ഞങ്ങാട് കോട്ടച്ചേരിയിലേക്ക് ആനയിച്ചു. കോട്ടച്ചേരിയില്‍ നിന്ന് പ്രകടനമായി പുതിയ കോട്ട ടൗണ്‍ ഹാള്‍ പരിസരത്തേക്ക് കൊണ്ടുപോയി.Recent News
  വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണം: ഒരാള്‍ അറസ്റ്റില്‍, മുഖ്യപ്രതികള്‍ ഒളിവില്‍

  മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനില്‍ മൂന്നുപേര്‍ക്ക് നായയുടെ കടിയേറ്റു

  ഗൗരി ലങ്കേഷ് കേസില്‍ നുണ പരിശോധന: സമയം തേടി

  ബാറിലേക്ക് സൗജന്യ യാത്രാ സൗകര്യം; എക്‌സൈസ് താക്കീത് നല്‍കി

  ബി.എം ഫാറൂഖ് രാജ്യസഭാ സ്ഥാനാര്‍ത്ഥികളില്‍ ധനികന്‍

  ഖാസിയുടെ മരണം: പ്രധാനമന്ത്രിക്ക് 25000 ഇ-മെയിലുകള്‍ അയക്കും

  ദക്ഷിണ കന്നഡയിലെ എട്ട് നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചിടങ്ങളില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ കോണ്‍ഗ്രസ് സാധ്യതാ പട്ടികയില്‍ പന്ത്രണ്ടോളം പേരുകള്‍

  സ്മിത താക്കറെയെയും സുഹൃത്തിനെയും മര്‍ദ്ദിച്ചതിന് ഡ്രൈവര്‍ അറസ്റ്റില്‍

  രാഹുലിന്റെ ജനാശീര്‍വാദ യാത്ര 20 നും 21 നും

  വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയതിന് ഡി.സി.സി. ജനറല്‍ സെക്രട്ടറി പുറത്ത്

  രാജീവിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെ കോണ്‍ഗ്രസ്

  ബെംഗളൂരുവില്‍ സ്ഥാപന ബോര്‍ഡുകളില്‍ കന്നഡ ഭാഷക്ക് പ്രാമുഖ്യം നല്‍കണമെന്ന് മഹാനഗരസഭ

  മംഗളൂരു പബ് അക്രമക്കേസ്: പ്രതികളെ വിട്ടയച്ചു

  പ്രതികൂല കാലാവസ്ഥ: 3വിമാനങ്ങള്‍ തിരിച്ചുവിട്ടു

  ജീവന് ഭീഷണിയെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ