like this site? Tell a friend |
updated on:2018-03-22 08:06 PM
രാഹുല്‍ വന്നപ്പോള്‍ കബീറിന്റെ ഓര്‍മ്മയില്‍ നിറഞ്ഞത് ഇന്ദിരാജിയുടെ ചിത്രം
![]() www.utharadesam.com 2018-03-22 08:06 PM, മംഗളൂരു: കര്‍ണ്ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞ ദിവസം മംഗളൂരുവിലെത്തിയ എ.ഐ.സി.സി പ്രസിഡണ്ട് രാഹുല്‍ ഗാന്ധി കുദ്രോളി ക്ഷേത്രവും ഉള്ളാള്‍ ദര്‍ഗയും റൊസാരിയോ ചര്‍ച്ചും സന്ദര്‍ശിച്ചപ്പോള്‍ തളങ്കര തെരുവത്ത് ഹൊന്നമൂലയില്‍ താമസിക്കുന്ന പി.എം കബീറിന്റെ ഓര്‍മ്മകളുടെ ഫ്രെയ്മില് തിളങ്ങിയത് 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉള്ളാള്‍ ദര്‍ഗയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ മാതൃഭൂമിക്ക് വേണ്ടി പകര്‍ത്തിയ ചിത്രം. 1982 ഡിസംബര്‍ 29നാണ് ഇന്ദിരാഗാന്ധി മംഗളൂരുവിലെത്തിയത്. തെക്കന്‍ കര്‍ണ്ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാനെത്തിയ ഇന്ദിരാജി മംഗളൂരുവിലെ തന്റെ സന്ദര്‍ശന വേളയില്‍ ഉള്ളാള്‍ ദര്ഗയിലുമെത്തിയിരുന്നു. ഒരു മണിക്കൂറോളം ദര്‍ഗയില്‍ ചെലവഴിച്ച ഇന്ദിരാഗാന്ധിക്ക് ഖാസി സയ്യിദ് അബ്ദുല്‍ റഹ്മാന് കുഞ്ഞിക്കോയ തങ്ങള്‍ പള്ളിയുടെ മാതൃക സമ്മാനമായി നല്കി. പിറ്റേന്ന് മാതൃഭൂമിയുടെ ഒന്നാംപേജില്‍ ഇന്ദിരാഗാന്ധി അന്നത്തെ കര്‍ണാടക മുഖ്യമന്ത്രി ഗുണ്ടുറാവുവിനും ഉള്ളാള്‍ ഖാസിക്കുമൊപ്പം ദര്‍ഗ സന്ദര്‍ശിക്കുന്നതിന്റെ ഫോട്ടോ അച്ചടിച്ച് വന്നു. മാതൃഭൂമിക്ക് വേണ്ടി അക്കാലത്ത് പതിവായി ഫോട്ടോ പകര്ത്താറുണ്ടായിരുന്ന വിനയരാജ് ഷെട്ടിക്ക് പകരം അന്ന് മാതൃഭൂമി ലേഖകന്‍ കെ.എം അഹ്മദ് മാഷ് ഫോട്ടോ പകര്‍ത്താന്‍ അയച്ചത് മംഗളൂരുവില്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന തളങ്കര സ്വദേശി പി.എം കബീറിനെയാണ്. എഞ്ചിനീയറിംഗിന് പഠിക്കുകയായിരുന്ന സുഹൃത്ത് അരുണിന്റെ കാനോന്‍ ക്യാമറ കടം വാങ്ങിയാണ് കബീര്‍ ഇന്ദിരാഗാന്ധിയെ പകര്‍ത്താന്‍ പോയത്. കബീറിനൊപ്പം, എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായി കാസര്‍കോട്ട് നിറഞ്ഞുനിന്നിരുന്ന പി.എം.എ ഹനീഫയും ഉണ്ടായിരുന്നു. ഇന്ദിരാജിയുടെ സന്ദര്‍ശന ഫോട്ടോ പകര്‍ത്താന്‍ മലയാള മനോരമ അയച്ചതാകട്ടെ പ്രശസ്ത ഫോട്ടോഗ്രാഫര്‍ ടി. നാരായണനെയും. കബീര്‍ പകര്‍ത്തിയ ഫോട്ടോ മാതൃഭൂമിയുടെ ഒന്നാം പേജില്‍ ഏറ്റവും മുകളിലായി തന്നെ അച്ചടിച്ചുവന്നു. സ്കിന്നേര്‍സ് പ്രവര്‍ത്തകനും സിറ്റിചാനലില് അവതാരകനുമാണ് കബീര്‍ ഇപ്പോള്‍. ചൊവ്വാഴ്ച മംഗളൂരുവിലെത്തിയ രാഹുല്‍ ഗാന്ധിയും അമ്മൂമ്മയുടെ പാത പിന്തുടര്ന്ന് ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തി. നെഹ്റു മൈതാനിയില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്ത ശേഷം ആദ്യം കുദ്രോളി ഗോകര്‍ണനാഥ ക്ഷേത്രത്തിലാണ് അദ്ദേഹം എത്തിയത്. പിന്നീട് കര്‍ണാടക മന്ത്രിമാരായ ബി. രാമനാഥ റൈക്കും യു.ടി ഖാദറിനുമൊപ്പം ഉള്ളാള്‍ ദര്‍ഗയും സന്ദര്‍ശിച്ചു. മംഗളൂരു റൊസാരിയോ ചര്‍ച്ചിലും രാഹുല്‍ സന്ദര്‍ശനം നടത്തി. ![]() Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |