updated on:2017-01-08 12:33 PM
കാല്‍ നൂറ്റാണ്ടായി സി.എം. അബ്ദുല്ലക്ക് പത്ര വിതരണം വ്യാപാരമല്ല; ജീവിതത്തിന്റെ ഭാഗം തന്നെ

www.utharadesam.com 2017-01-08 12:33 PM,
നാലാം മൈല്‍: ചെങ്കള ഇ.കെ. നായനാര്‍ സഹകരണ ആസ്പത്രിയില്‍ ഉച്ച നേരങ്ങളില്‍ ഒരിക്കലെങ്കിലും പോയവര്‍ക്ക് ഈ മുഖം പരിചയമുണ്ടാകും. പത്രങ്ങള്‍ നിരയൊപ്പിച്ച് കൈയില്‍ മടക്കിപ്പിടിച്ച് ഡോക്ടര്‍മാരുമായും രോഗികളുമായും നാട്ടുകാരുമായും കുശലം പറഞ്ഞ് അല്പം കിതച്ച് നടന്നു നീങ്ങുന്ന സി.എം. അബ്ദുല്ലയെന്ന അന്തച്ചയെ. അന്തച്ച പത്രം നേരെ നീട്ടിയാല്‍ പലര്‍ക്കും വാങ്ങാതിരിക്കാനാവില്ല. അത്രമാത്രം ഊഷ്മളമായ പെരുമാറ്റവുമായി അദ്ദേഹം പരിചയപ്പെടുന്നവരുടെ മനസ്സിലേക്ക് ചേക്കേറും.
പത്ര വിതരണം വ്യാപാരമെന്നതിനേക്കാളുപരി തന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണെന്ന് അദ്ദേഹം പറയും. കാല്‍ നൂറ്റാണ്ടായി തുടരുന്ന ശീലം. പത്ര വില്പന സാമാന്യമായ വരുമാനം നേടിത്തരുന്ന തൊഴിലാണെങ്കിലും 'ഗ്ലാമര്‍' കുറവായതിനാല്‍ ചെറുപ്പക്കാര്‍ പോലും മടിച്ചു നില്‍ക്കുമ്പോള്‍ 76 -ാം വയസ്സിലും അന്തച്ച ഊര്‍ജ്ജ്വ സ്വലതയോടെ, അഭിമാനത്തോടെ ഈ തൊഴിലിനെ നെഞ്ചേറ്റുന്നു. ഈ രംഗത്തേക്ക് കടന്നു വന്നതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ തിളങ്ങും. പോക്കറ്റിലെ ചെറിയ പേഴ്‌സിലേക്ക് കൈ നീളും. ധന്യമായ ഓര്‍മ്മകളിലേക്ക് മനസ്സിനെ കൊണ്ടു പോകുന്ന ആ രസീത് കാണിക്കും. 31.7.91 ന്റെ ഉത്തരദേശം ദിനപ്പത്രത്തിന്റെ ഏജന്‍സി രസീത്. അവിടുന്നിങ്ങോട്ട് നാലാം മൈലിലെ ചെറിയ പെട്ടിക്കടയോടൊപ്പം തന്റെ ജീവിതം കരുപ്പിടിക്കാന്‍ പത്ര വില്‍പ്പനയും സഹായകരമായെന്ന് അദ്ദേഹം നന്ദിയോടെ സ്മരിക്കുന്നു. വാര്‍ത്തകളുടെ ചൂടാറും മുമ്പ് പത്രം നാട്ടുകാരുടെ കൈകളിലെത്തിച്ച് കൊടുക്കുമ്പോള്‍ ലഭിക്കുന്ന സംതൃപ്തിയും സ്‌നേഹാദരവുമാണ് എത്ര പ്രയാസമാണെങ്കിലും ഈ ശീലം മുടങ്ങാതെ കൊണ്ടു പോകുവാന്‍ തനിക്ക് കരുത്താകുന്നതെന്ന് അന്തച്ച പറയുന്നു. നാട്ടുകാര്‍ക്കിടയില്‍ 'ഉത്തരദേശം ' അന്തച്ച എന്ന് അറിയപ്പെടുന്നതും ഇതിന്റെ അംഗീകാരമായി കാണാം.
1954 ല്‍ അഡൂര്‍ കാട്ടിപ്പാറയില്‍ ജ്യേഷ്ഠനുമൊന്നിച്ച് മലഞ്ചരക്ക് വ്യാപാരത്തോടെയാണ് വ്യാപാര രംഗത്തേക്ക് കാലെടുത്തുവെച്ചത്. 14 വര്‍ഷത്തോളം അവിടെയുണ്ടായിരുന്നു. പിന്നീട് ജില്ലയിലെ മറ്റു ചില ഭാഗങ്ങളിലും വ്യാപാരം ചെയ്തുവെങ്കിലും സ്വന്തം നാട്ടിലേക്ക് തന്നെ തിരിച്ചു വരണമെന്ന പ്രേരണയാല്‍ 1982 ല്‍ നാലാംമൈലില്‍ ദേശീയ പാതയോരത്ത് കട തുടങ്ങുകയായിരുന്നു. അല്ലലില്ലാതെ തുടര്‍ന്ന വ്യാപാരത്തിന് പത്ര വില്പനയും മുതല്‍ക്കൂട്ടായി. ഉത്തരദേശം സബ് എഡിറ്ററായ ഉണ്ണികൃഷ്ണന്‍ പുഷ്പഗിരിയുമായുള്ള പരിചയമാണ് അതിന് വഴിയൊരുക്കിയത്. ഓഫീസിലെത്തി കെ.എം. അഹ്മദ് മാഷെയും മാനേജര്‍ പി.വി. ബാലചന്ദ്രനെയും (ബാബു) കണ്ട് നാലാംമൈലിലെ ഏജന്‍സി എടുക്കുകയായിരുന്നു. എഴുപത്തഞ്ച് പൈസയായിരുന്നു അന്ന് പത്രത്തിനെന്ന് അന്തച്ച ഓര്‍ക്കുന്നു. പ്രധാനപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പത്രമെത്തുന്നതും കാത്ത് ആളുകള്‍ തന്റെ കടക്ക് മുമ്പില്‍ കാത്തിരിക്കാറുള്ളതും അദ്ദേഹം ഓര്‍ക്കുന്നു.
ഉത്തരദേശവുമായുള്ള ആത്മബന്ധം അതിന്റെ പ്രവര്‍ത്തകരിലേക്കും നീണ്ടുവെന്നത് കാല്‍ നൂറ്റാണ്ടിന്റെ തന്റെ പത്ര വില്‍പനയുടെ ധന്യതയായി അദ്ദേഹം കണക്കാക്കുന്നു. തന്റെ കുടുംബത്തില്‍ എത്ര ചെറിയ പരിപാടിയുണ്ടെങ്കിലും അവരുടെയെല്ലാം സാന്നിധ്യം ആഗ്രഹിക്കുന്നതും ആ അടുപ്പം കൊണ്ട് തന്നെ. പുഞ്ചിരിക്കുന്ന മുഖത്തോടെ എന്നും തന്നോട് കുശലാന്വേഷണം നടത്തിയിരുന്ന അഹ്മദ് മാഷിന്റെ പെട്ടെന്നുള്ള വേര്‍പാട് ഏറെ ദു:ഖിപ്പിച്ചുവെന്ന് അന്തച്ച പറയുന്നു. ടി.എ. ഷാഫിയുടെ 'കഅ്ബയെ തൊട്ട നിമിഷം' എന്ന പുസ്തകം 50 - ഓളം പേരുടെ കൈകളിലെത്തിക്കാനും തനിക്ക് പ്രചോദനമായത് ഉത്തരദേശം പ്രവര്‍ത്തകരുമായുള്ള ഊഷ്മള ബന്ധവും വിഷയത്തിന്റെ വശ്യതയുമാണ്. 2013 ല്‍ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് കുടുംബത്തോടൊപ്പം പോവാന്‍ കഴിഞ്ഞത് ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തമായി അന്തച്ച താലോലിക്കുന്നു.




Mujeeb Ahmed
The author is the director of utharadesam daily


Recent News
  മൊയ്തീന്‍ ദുരിത കിടക്കയിലായിട്ട് 25 വര്‍ഷം; വീടിന്റെ പണി പൂര്‍ത്തീകരിക്കണമെന്ന് ആഗ്രഹം

  തകരാറിലായി ഒരാഴ്ചയായിട്ടും ജനറല്‍ ആസ്പത്രിയിലെ ലിഫ്റ്റ് നന്നാക്കിയില്ല

  കൈവരിയില്ല; മളി പാലത്തില്‍ അപകടം പതിയിരിക്കുന്നു

  രണ്ട് ദിവസം മുമ്പ് നന്നാക്കിയ പൈപ്പ് വീണ്ടും പൊട്ടി; കുമ്പളയില്‍ കുടിവെള്ളം പാഴാകുന്നു

  എന്‍ഡോസള്‍ഫാന്‍: ദുരിതബാധിതര്‍ക്ക് ആനുകൂല്യങ്ങള്‍ പലതുണ്ട്; ചിലര്‍ക്കത് കിട്ടാക്കനി

  ചിരട്ടയില്‍ കൗതുകം തീര്‍ത്ത് അജിത്ത്

  മന്ത്രിയുടെ വരവിന് മുന്നോടിയായി റോഡില്‍ പൊടി വിതറി കുഴിയടക്കല്‍

  ജോഡ്കല്ലില്‍ അടിഭാഗം ദ്രവിച്ച മരം അപകട ഭീഷണിയുയര്‍ത്തുന്നു

  കുറ്റിക്കാടുകള്‍ കാഴ്ച മറയ്ക്കുന്നു; ഷിറിയ ദേശീയ പാതയോരത്ത് അപകട ഭീഷണി

  കാണാതായ മകളെയും ബന്ധുവിനേയും തേടി രാജസ്ഥാനി കുടുംബം ആദൂരിലെത്തി

  വയലാംകുഴിയിലെ ടി.എം അന്‍സാരി കേരളമറിയുന്ന നീന്തല്‍താരം; നാടറിയുന്നില്ല

  സ്ലാബിനിടയില്‍ കാല്‍ കുടുങ്ങിയ അംഗ പരിമിതനെ അഡ്മിറ്റ് ചെയ്തില്ല; കിടപ്പും കുടിയും ജനറല്‍ ആസ്പത്രിയിലെ വരാന്തയില്‍

  പൊലീസ് എയ്ഡ്‌പോസ്റ്റ് കാട് കയറി നശിക്കുന്നു

  മഞ്ചത്തടുക്ക ജംഗ്ഷനില്‍ അപകടം തുടര്‍ക്കഥ; റോഡിന് വീതി കൂട്ടണമെന്ന് നാട്ടുകാര്‍

  'സുരംഗ'വും വടക്കന്‍ കളരിയും കണ്ടല്‍ക്കാടും ലോക ടൂറിസം മാപ്പിലേക്ക്