updated on:2018-07-11 06:22 PM
ജില്ലയില്‍ കുട്ടികളുടെ കേസുകളുടെ ചുമതല ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ടിന്; പ്രത്യേക ന്യായാധിപനില്ലാത്തത് ജോലി ഭാരം കൂട്ടുന്നു

www.utharadesam.com 2018-07-11 06:22 PM,
കാസര്‍കോട്: ജില്ലയില്‍ കുട്ടികളുടെ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക ന്യായാധിപനില്ലാത്തത് ഇത്തരം കേസുകളിലെ നിയമവ്യവഹാരങ്ങളെ പ്രതിസന്ധിയിലാഴ്ത്തുന്നു.
പ്രായപൂര്‍ത്തിയാകാത്തവര്‍ പ്രതികളായ കേസുകള്‍ പരിഗണനക്കെടുക്കുന്നത് ജുവനൈല്‍ കോടതിയാണ്. കാസര്‍കോട് ജില്ലയില്‍ പരവനടുക്കത്താണ് ജുവനൈല്‍ കോടതിയുള്ളത്. ശിക്ഷിക്കപ്പെടുന്ന കുട്ടിക്കുറ്റവാളികളെ ജുവനൈല്‍ ഹോമില്‍ പാര്‍പ്പിക്കുന്നു. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ജുവനൈല്‍ കോടതികള്‍ക്ക് വേണ്ടിമാത്രം ന്യായാധിപന്‍മാരുണ്ട്.
കുട്ടികളുമായി ബന്ധപ്പെട്ട കേസുകളില്‍ വിചാരണയും മറ്റ് നടപടിക്രമങ്ങളും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് ഇത് ഏറെ പ്രയോജനപ്പെടുകയും ചെയ്യുന്നു.
എന്നാല്‍ കാസര്‍കോട് ജില്ലയില്‍ ജുവനൈല്‍ കോടതിക്ക് മാത്രമായി ഒരു ന്യായാധിപനില്ല.
കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) കോടതിക്കാണ് ഇപ്പോള്‍ ജുവനൈല്‍ കോടതിയിലെ കേസുകളുടെയും ചുമതലയുള്ളത്. മുമ്പ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിനായിരുന്നു ചുമതല. അടുത്തിടെയാണ് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടിനെ ഉത്തരവാദിത്വം ഏല്‍പ്പിച്ചത്.
ചെറുതും വലുതുമായ ആയിരക്കണക്കിന് കേസുകള്‍ പരിഗണിക്കുന്നതുകൊണ്ട് ജില്ലയില്‍ ഏറ്റവുമധികം തിരക്കുള്ള കോടതിയാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) കോടതി.
അക്രമം, വാഹനാപകടം, പൊതുസ്ഥലത്തെ മദ്യപാനം, പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വാഹനമോടിക്കാന്‍ നല്‍കുന്ന സംഭവങ്ങള്‍ തുടങ്ങി സമൂഹത്തില്‍ നടക്കുന്ന ഗൗരവമേറിയതും അല്ലാത്തതുമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ദിവസവും കേസുകളുടെ കൂമ്പാരം തന്നെ ഈ കോടതിയിലുണ്ട്. അക്കാരണത്താല്‍ തന്നെ ജോലിഭാരം കാരണം ഏറ്റവുമധികം ബുദ്ധിമുട്ടനുഭവിക്കുന്ന ജീവനക്കാരുള്ളതും ഒന്നാം ക്ലാസ് കോടതിയിലാണ്. കേസ് ഫയലുകളുടെ പെരുപ്പം കാരണം മജിസ്‌ട്രേട്ടിനും നിന്നു തിരിയാന്‍ സമയമില്ലാത്ത അവസ്ഥയാണ്. ഇതിനിടയിലാണ് ജുവനൈല്‍ കോടതിയുടെ ഉത്തരവാദിത്വവും നിറവേറ്റേണ്ടത്.
ജില്ലയില്‍ സമുദായിക സംഘര്‍ഷം, വാഹനമോഷണം, മറ്റ് കവര്‍ച്ചകള്‍, അക്രമങ്ങള്‍, മണല്‍ക്കടത്ത് തുടങ്ങി വിവിധ കേസുകളില്‍ പ്രതികളാകുന്ന കുട്ടികളുടെ എണ്ണം സമീപകാലത്തായി വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരം കേസുകളിലെല്ലാം വേഗത്തില്‍ തീര്‍പ്പുണ്ടാക്കുന്നതിന് ജുവനൈല്‍ കോടതിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകണമെന്നും ഇതിനായി മറ്റ് ചുമതലകളില്ലാത്ത മജിസ്‌ട്രേട്ടിന്റെയും ജീവനക്കാരുടെയും സേവനങ്ങള്‍ അനിവാര്യമാണെന്നും നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.



Recent News
  കാക്കിക്കുള്ളിലെ കാരുണ്യമനസിന് ബിഗ് സല്യൂട്ട്

  കാസര്‍കോട്ടെ മത്സ്യമാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥക്ക് അറുതിയില്ല

  കുമ്പള ടൗണില്‍ റോഡ് കയ്യേറി ആക്രിക്കച്ചവടം

  37 വര്‍ഷം തപാല്‍ വകുപ്പിന് വേണ്ടി സേവനം ചെയ്‌തെങ്കിലും ആനുകൂല്യങ്ങള്‍ ഇനിയുമകലെ

  വിദ്യാനഗറില്‍ പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപം; കണ്ണടച്ച് അധികാരികള്‍

  അന്താരാഷ്ട്ര നിലവാരത്തില്‍ കാസര്‍കോട് ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങി

  ജലസ്രോതസുകള്‍ വറ്റുന്നു; തടയണ നിര്‍മ്മാണവുമായി കര്‍ഷകര്‍

  കാസര്‍കോട് സ്വദേശിക്ക് മുംബൈ ഐ.ഐ.ടിയില്‍ നിന്ന് ഡോക്ടറേറ്റ്

  കിണറ്റില്‍വീണ കാട്ടുപന്നിയെ രക്ഷപ്പെടുത്തി

  നാരായണിയമ്മയെത്തി; നൂറാം വയസിലും അവശതകള്‍ മറന്ന് കളിയാട്ടം കാണാന്‍

  ജനറല്‍ ആസ്പത്രിയിലെ ലിഫ്റ്റ് വീണ്ടും പണിമുടക്കി

  കശുമാവുകള്‍ നേരത്തെ പൂത്തു; പ്രതീക്ഷയോടെ കര്‍ഷകര്‍

  അഡൂരില്‍ കാട്ടാനക്കൂട്ടമിറങ്ങി; വ്യാപക കൃഷിനാശം

  കലക്ടറേറ്റ് ജീവനക്കാരുടെ പച്ചക്കറികൃഷി വിളവെടുത്തു

  കൃഷിയിടത്തില്‍ വീണ്ടും കാട്ടുപോത്തിറങ്ങി