updated on:2018-07-15 03:16 PM
സര്‍ക്കാറിന്റെ പകപോക്കല്‍ നയം വികസന സ്തംഭനത്തിന് കാരണമാകുന്നു-നഗരസഭാ ചെയര്‍പേഴ്‌സണ്‍

www.utharadesam.com 2018-07-15 03:16 PM,
കാസര്‍കോട്: എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പകപോക്കല്‍ നയം കാസര്‍കോട്ടെ വികസന സ്തംഭനത്തിന് കാരണമാകുന്നുവെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിമും വൈസ് ചെയര്‍മാനും എല്‍.എ മഹമൂദ് ഹാജിയും പത്രകുറിപ്പില്‍ പറഞ്ഞു. കാസര്‍കോട് നഗരസഭയിലടക്കം യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണത്തിനാവശ്യമായ ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ നികത്താതെയും ഉള്ളവരെ സ്ഥലംമാറ്റിയും ഭരണസ്തംഭനമുണ്ടാക്കുകയാണ് സര്‍ക്കാറെന്നും ഇരുവരും പറഞ്ഞു. ഭരണസമിതികളെയും വികസന പ്രവര്‍ത്തനങ്ങളെയും പൊതുജനങ്ങള്‍ക്കിടയില്‍ താറടിച്ചുകാണിക്കാനുള്ള ഇടതു സര്‍ക്കാറിന്റെ ഗൂഢനീക്കത്തിന്റെ ഭാഗമാണ് ഈ ആസൂത്രിതമായ ഭരണ വികസന സ്തംഭനം. പതിനാറു കോടിയോളം രൂപയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നിശ്ചിതസമയത്തിനകം പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥരുടെ അഭാവം പ്രധാന തടസമായിരിക്കുകയാണെന്നും ബീഫാത്തിമ ഇബ്രാഹിമും എല്‍.എ മഹമൂദ് ഹാജിയും പറഞ്ഞു. പദ്ധതി നിര്‍വഹണ പ്രവര്‍ത്തനങ്ങളില്‍ പ്രാപ്തരായ ഉദ്യോഗസ്ഥരെ നിയമിക്കുന്നില്ലെന്ന് മാത്രമല്ല, പദ്ധതി നിര്‍വഹണം അവതാളത്തിലാകുംവിധം ഉള്ള ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അടിക്കടി സ്ഥലംമാറ്റുകയുമാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഉദ്യോഗസ്ഥരുടെ അഭാവം സംബന്ധിച്ച് വകുപ്പ് മന്ത്രിയെ നേരിട്ടുകണ്ട് ബോധ്യപ്പെടുത്തിയിട്ടും ഇതുവരെ നടപടിയൊന്നും ഉണ്ടായില്ലെന്നും അവര്‍ ആരോപിച്ചു.
കാസര്‍കോട് നഗരസഭയില്‍ പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ നിരവധിയാണ്. മരാമത്ത് ജോലികളും വിവിധ പദ്ധതികളില്‍ എസ്റ്റിമേറ്റ് തയാറാക്കിയതുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കേണ്ട എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഒരു നഗരസഭ എഞ്ചിനീയറും ഒരു തേര്‍ഡ് ഗ്രേഡ് ഓവര്‍സീയറും മാത്രമാണ് ഉള്ളത്. രണ്ട് അസി. എഞ്ചിനിയര്‍, ഫസ്റ്റ്, സെക്കണ്ട്, തേര്‍ഡ് ഗ്രേഡുകളിലായി രണ്ടുവീതം ഓവര്‍സീയര്‍മാര്‍ എന്നിവരുടെ ഒഴിവും നികത്തിയിട്ടില്ല. പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നയിക്കാനും നഗരസഭയില്‍ ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥയാണ്. ഇത് ആരോഗ്യ പരിപാലനത്തില്‍ പരാതികളുയരാനിടയാക്കുന്നു. ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍, ഫസ്റ്റ് ഗ്രേഡ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, വിവിധ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ കസേരകളും ഒഴിഞ്ഞുകിടക്കുകയാണെന്നും നാലു സീനിയര്‍ ക്ലര്‍ക്കുമാരെ സ്ഥലം മാറ്റിയെങ്കിലും പകരം നിയമനം നടത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. നികുതി പിരിവുള്‍പ്പടെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും ആവശ്യമായ ഉദ്യോഗസ്ഥരുമില്ല. ഇത് നികുതി പിരിവ് അവതാളത്തിലാക്കുന്നു. റവന്യു ഓഫീസറുടെയും റവന്യൂ ഇന്‍സ്‌പെക്ടറുടെയും തസ്തികകള്‍ മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. മാലിന്യ പ്രശ്‌നമാണ് നഗരസഭയ്‌ക്കെതിരെ ഉന്നയിക്കുന്ന മറ്റൊരാരോപണം. ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്‌കരണം നടത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ നഗരത്തില്‍ പൊതുമരാമത്ത് റോഡരികിലെ മാലിന്യങ്ങളടക്കം നഗരസഭ സമയാസമയം നീക്കം ചെയ്യുന്നുണ്ട്. മരാമത്ത് വക റോഡില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനെതിരെ നടപടിയെടുക്കേണ്ടത് മരാമത്ത് വകുപ്പാണ്. നഗരത്തിലെ ട്രാഫിക് സര്‍ക്കിള്‍ മുതല്‍ പുതിയ ബസ് സ്റ്റാന്റ് സര്‍ക്കിള്‍ വരെയും കറന്തക്കാട് മുതല്‍ തളങ്കര കടവത്ത് വരെയും ഓവുചാല്‍ വൃത്തിയാക്കുന്നതിനും ജനസഞ്ചാരം സുഗമമാക്കുന്നതിനും നടപടിയെടുക്കേണ്ടത് പൊതുമരാമത്ത് വകുപ്പ് തന്നെയാണ്. അതേസമയം നഗരസഭ റോഡുകളിലെ വൃത്തി പരിപാലനം കണിശമായി നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികളെടുക്കുമെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.Recent News
  ജനറല്‍ ആസ്പത്രിയില്‍ സി.പി.എം. പ്രവര്‍ത്തകര്‍ ശുചീകരണം നടത്തി

  മഴവെള്ള സംഭരണികള്‍ നോക്കുകുത്തികളാകുന്നു

  മംഗലാപുരം വിമാന ദുരന്തത്തിന് ഒമ്പതാണ്ട്; കണ്ണീരുണങ്ങാതെ നിരവധി കുടുംബങ്ങള്‍

  പൂമ്പാറ്റക്കൂട്ടം ഉണര്‍ത്തു ക്യാമ്പ് നവ്യാനുഭവമായി

  സര്‍ക്കാര്‍ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായി

  കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന് എം.എ.യൂസഫലിയുടെ കാരുണ്യം

  വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടുന്നു

  മുള്ളേരിയയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

  പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം ലഭിച്ചു; ആനന്ദ നിര്‍വൃതിയില്‍ ദയാബായി

  പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ പാതയോരങ്ങളില്‍ അതേപടി

  തീവ്ര ശുചീകരണ യത്‌നം: ചെറുവത്തൂരിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം

  കൊടുംചൂടില്‍ തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങുന്നു

  ബി.ആര്‍.ഡി.സി പദ്ധതിപ്രകാരമുള്ള ജലവിതരണം നിര്‍ത്തി; ദുരിതത്തിലായത് ആയിരക്കണക്കിന് കുടുംബങ്ങള്‍

  പാതയോരങ്ങളില്‍ നശിക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തടികള്‍; അധികൃതര്‍ക്ക് മൗനം

  കുഴല്‍ കിണറായി; ജനറല്‍ ആസ്പത്രിയില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുന്നു