updated on:2018-11-07 06:37 PM
എല്ലുകള്‍ പൊട്ടി, ഇരുകാലുകളും ശസ്ത്രക്രിയക്ക് വിധേയമായി അസ്മ; കരുണയുടെ മുഖം ഒന്നുപതിയണം

www.utharadesam.com 2018-11-07 06:37 PM,
കാസര്‍കോട്: കിംസിലെ (കാസര്‍കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) വനിതകളുടെ വാര്‍ഡില്‍ എല്ലുകള്‍ പൊട്ടുന്ന അസുഖവുമായി ഇരുകാലുകളും ശസ്ത്രക്രിയക്ക് വിധേയമായി ഒരു യുവതി കിടക്കുന്നുണ്ട്. ഭര്‍ത്താവാല്‍ ഉപേക്ഷിക്കപ്പെട്ട്, മൂന്ന് മക്കളെ പോറ്റാന്‍ പാടുപെടുന്നതിനിടയില്‍ ഇരുകാലുകളും തളര്‍ന്നുപോയ, 32 വയസുള്ള അസ്മ. കൊടിയ വേദന സഹിക്കാനാവാതെ പിടയുമ്പോഴും അസ്മയുടെ നൊമ്പരം മക്കളെ ഓര്‍ത്താണ്. ഇളയവള്‍ക്ക് പത്ത് വയസുപോലുമായിട്ടില്ല. 'ചികിത്സക്ക് തന്നെ ചെലവ് കണ്ടെത്താനാവാതെ വിഷമിക്കുകയാണ് ഞങ്ങള്‍. ഒരു ചായപോലും വാങ്ങികുടിക്കാറില്ല. അത്രയ്ക്ക് ദാരിദ്യമുണ്ട്. രണ്ടാമത്തെ മകനെ ഏതെങ്കിലും ഒരനാഥാലയം ഏറ്റെടുക്കാന്‍ തയ്യാറായാല്‍ അത്രയെങ്കിലും ആശ്വാസമാകും...'-നെഞ്ചോട് ചേര്‍ത്ത് പിടിച്ച്, ലാളിച്ചുവളര്‍ത്തേണ്ട നേരത്ത് നെഞ്ചുപിടയ്ക്കുന്ന വേദനയോടെ മകനെ അനാഥാലയത്തിലെങ്കിലുമാക്കാന്‍ തീരുമാനിച്ച് ഒരു ഉമ്മ ഇങ്ങനെ പറയണമെങ്കില്‍ അവരുടെ ദയനീയത എത്രമാത്രമാണെന്ന് നമ്മളറിയണം.
ആലംപാടി റഹ്മാനിയ്യ നഗറിലാണ് ഇപ്പോള്‍ അസ്മയും കുടുംബവും താമസം. നേരത്തെ വിവിധ സ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിച്ചിരുന്നു. അടുത്തിടെയാണ് റഹ്മാനിയ്യ നഗറില്‍ ചെറിയ സ്ഥലം സ്വന്തമാക്കി എങ്ങനെയൊക്കെയോ ഒരു വീട് പണിതത്. ആസ്പത്രിയില്‍ അസ്മക്ക് ഉമ്മ കൂട്ടുണ്ട്. മൂന്ന് മക്കള്‍ പിറന്ന ശേഷം അസ്മയെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോവുകയായിരുന്നു. ഉമ്മ വീട്ടുജോലിക്ക് പോയും വാപ്പ കൂലിപ്പണിയെടുത്തുമാണ് അസ്മയേയും മക്കളേയും വളര്‍ത്തുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് അസ്മ കടുത്ത നടുവേദനയെ തുടര്‍ന്ന് കിടപ്പിലായത്. ഡോക്ടറെ കാണിച്ചപ്പോള്‍ അസ്ഥിപൊട്ടുന്ന അസുഖംമൂലം നടുവിന്റെ എല്ല് പൊട്ടിയിരിക്കുകയാണെന്ന് പറഞ്ഞു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ കാലിന്റെ എല്ലും പൊട്ടി. കാത്സ്യം കുറവാണെന്നും എല്ലിന് ബലമില്ലെന്നും കുഞ്ഞുങ്ങളുടേത് പോലെയുള്ള എല്ലാണ് അസ്മയുടേതെന്നും ഡോക്ടര്‍ അറിയിച്ചു. രണ്ടുതവണ ശസ്ത്രക്രിയക്ക് വിധേയയായി. കാലിന് ബലമില്ലാത്തതിനാല്‍ സ്റ്റീള്‍ റോളിട്ടു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അടുത്ത കാലിന്റെ എല്ലുകളും പൊട്ടി. വീണ്ടും ശസ്ത്രക്രിയ. കഴിഞ്ഞ 24നാണ് അസ്മ ആസ്പത്രിയില്‍ അഡ്മിറ്റായത്. കട്ടിലില്‍ നിന്ന് എണീക്കാന്‍ വയ്യ. വീല്‍ ചെയറില്‍ ഇരുത്തികൊണ്ടുപോകാന്‍ പോലും പ്രയാസം. സഹിക്കാനാവാത്ത വേദനകൊണ്ട് പുളയും. പ്രാഥമിക ആവശ്യങ്ങളെല്ലാം നിര്‍വ്വഹിക്കുന്നത് കിടക്കയില്‍ കിടന്നുകൊണ്ടുതന്നെയാണ്.
ആസ്പത്രിയില്‍ അസ്മയ്ക്ക് കൂട്ടുനില്‍ക്കേണ്ടതിനാല്‍ ഉമ്മയ്ക്ക് ജോലിക്ക് പോകാന്‍ ആവുന്നില്ല. ഉപ്പ കൂലിപ്പണി ചെയ്ത് ഉണ്ടാക്കുന്ന തുച്ഛമായ വരുമാനം അന്നന്നത്തെ ചെലവിന് തന്നെ തികയാതെ കഷ്ടപ്പെടുകയാണ് കുടുംബം. ആസ്പത്രി ചെലവുകള്‍ക്ക് പുറമെ ദൈനംദിന ചെലവുകള്‍ക്കും മൂന്ന് മക്കള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള ചെലവും കണ്ടെത്തണം. മൂത്തവന്‍ പത്തില്‍ പഠിക്കുന്നു. രണ്ടാമത്തേതും ആണ്‍കുട്ടിയാണ്. ആറാം ക്ലാസ് വിദ്യാര്‍ത്ഥി. ഇളയത് പെണ്‍കുട്ടി. നാലാംതരത്തില്‍ പഠിക്കുകയാണ്.
ആസ്പത്രിയില്‍ നിന്ന് എപ്പോള്‍ വീട്ടിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് അറിയില്ല. സാമൂഹ്യ പ്രവര്‍ത്തകന്‍ മൊഗ്രാലിലെ മുഹമ്മദ് അബ്‌കോ ഇടയ്ക്ക് ആസ്പത്രിയില്‍ എത്തി ഇവരെ എന്തെങ്കിലും സഹായിച്ച് ആശ്വസിപ്പിക്കും. കഴിഞ്ഞ ദിവസം കുറച്ചുപേര്‍ വന്ന് ചെലവിന്നെന്ന് പറഞ്ഞ് കുറച്ചുതുക നല്‍കിയിരുന്നു.
ഇരുകാലുകളും ശസ്ത്രക്രിയക്ക് വിധേയമായി അനങ്ങാന്‍പോലും കഴിയാതെ, വേദനയോടെ മല്ലിട്ട് കിടക്കുമ്പോഴും അസ്മയുടെ പ്രാര്‍ത്ഥന കടംകയറി അപഹാസ്യയായി പോവരുതേ എന്നാണ്. ആത്മാഭിമാനംകൊണ്ട് കൈനീട്ടാന്‍ ഇവര്‍ മടിക്കുകയാണ്. എങ്കിലും കാരുണ്യത്തിന്റെ കൈനീട്ടവുമായി ആരെങ്കിലും വരുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. അസ്മയുടെ ഉമ്മയുടെ നമ്പര്‍: 9567288468Recent News
  വൃദ്ധ ദമ്പതികളെ പുറത്താക്കി വീട് ജപ്തിചെയ്തു; ജോര്‍ജ്ജ് ഒരു രാത്രി കഴിച്ചുകൂട്ടിയത് വീട്ടുമുറ്റത്ത്

  കെ.എസ്.ടി.പി. റോഡരികില്‍ സൂര്യകാന്തി വിരിഞ്ഞു; നാട്ടുകാര്‍ക്ക് കൗതുകം

  ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടികളുമായി ടി.കെ പ്രഭാകരന്റെ കാര്‍ട്ടൂണുകള്‍ പ്രദര്‍ശിപ്പിച്ചു

  അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല; പ്രദേശത്തേക്ക് വഴിയൊരുക്കാന്‍ നാട്ടുകാര്‍ തന്നെ രംഗത്ത്

  ദേശീയപാതയോരത്ത് പൊതു ശൗചാലയം ഒരുക്കി മിഡ് ടൗണ്‍ റോട്ടറി

  ആരും തിരിഞ്ഞു നോക്കുന്നില്ല; ചികിത്സക്ക് പോലും നിവൃത്തിയില്ലാതെ മരച്ചുവട്ടില്‍ വയോധികന്റെ അന്തിയുറക്കം

  മെഗാ മോഹിനിയാട്ടവുമായി നിഷിത നാരായണന്‍

  വൃക്കരോഗികള്‍ക്ക് തണലേകാന്‍ അതിജീവനം ചാരിറ്റബിള്‍ സൊസൈറ്റി

  കാസര്‍കോട് നഗരത്തില്‍ അനധികൃത മണ്ണ് കടത്ത് സജീവം

  ദീര്‍ഘവീക്ഷണമില്ലാതെ പദ്ധതി നടപ്പാക്കല്‍; നശിക്കുന്നത് ലക്ഷങ്ങളുടെ ഉപകരണങ്ങള്‍

  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചാരണത്തില്‍ നിറഞ്ഞുനില്‍ക്കും

  റെയില്‍വെ സ്റ്റേഷന്‍ റോഡിന് ഇരുവശത്തും അനധികൃത പാര്‍ക്കിംഗ്

  എ.എസ്.ഐയെ അക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസുകാര്‍ക്കിടയില്‍ മുറുമുറുപ്പ്

  വിപ്ലവ വീര്യത്തിന്റെ മണ്ണിന് ലെനിന്‍ രാജേന്ദ്രനെ മറക്കാനാവില്ല

  പണവുമായി കരാറുകാരന്‍ സ്ഥലംവിട്ടു; ഭക്ഷണവും വെള്ളവുമില്ലാതെ തൊഴിലാളി അലഞ്ഞത് അഞ്ചുദിവസം