updated on:2018-12-05 06:38 PM
അന്താരാഷ്ട്ര നിലവാരത്തില്‍ കാസര്‍കോട് ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങി

www.utharadesam.com 2018-12-05 06:38 PM,
ആദ്യ പന്തെറിഞ്ഞത് ഇളംതലമുറ താരങ്ങള്‍

കാസര്‍കോട്: മാന്യ മുണ്ടോട്ട് വിന്‍ടെച്ച് പാമെഡോസിന് സമീപം കെ.സി.എ നിര്‍മ്മിച്ച അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആദ്യത്തെ പന്തെറിഞ്ഞു. എ ക്ലാസ് മത്സരങ്ങള്‍ നടത്താന്‍ അനുയോജ്യമായ, അന്താരാഷ്ട്ര പിച്ചുള്ള സ്റ്റേഡിയം ആദ്യ മത്സരത്തിന് ജില്ലയിലെ ഇളംതലമുറ ക്രിക്കറ്റ് താരങ്ങള്‍ക്ക് നല്‍കി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ കയ്യടിയും നേടി. ജില്ലാ ഡി ഡിവിഷന്‍ മത്സരത്തോടെയാണ് സ്റ്റേഡിയത്തില്‍ ആദ്യത്തെ പന്തുരുണ്ടത്. ആസ്‌ക് ആലംപാടിയും ബ്രദേഴ്‌സ് കല്ലങ്കൈയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തില്‍ ആലംപാടിയുടെ മുനൈസ് ആദ്യ പന്ത് എറിഞ്ഞതോടെ കാസര്‍കോട് ക്രിക്കറ്റ് സ്റ്റേഡിയം ജനങ്ങള്‍ക്ക് സ്വന്തമായി. കല്ലങ്കൈയുടെ സര്‍ഫ്രാസാണ് ആദ്യ പന്തിനെ നേരിട്ടത്. വാര്‍ഡ് മെമ്പര്‍ ശ്യാംമുണ്ടോട്ട് കളിക്കാരുമായി പരിചയപ്പെട്ടതോടെ ഡി ഡിവിഷന്‍ മത്സരങ്ങള്‍ക്ക് തുടക്കമായി.
കേരളത്തിലെ തന്നെ മികച്ച സ്റ്റേഡിയങ്ങളിലൊന്നാണ് കാസര്‍കോട്ട് ഒരുങ്ങിയതെന്ന് കെ.സി.എ പ്രസിഡണ്ട് സജന്‍ കെ.വര്‍ഗീസും ബി.സി.സി.ഐ അംഗം ജയേഷ് ജോര്‍ജും കെ.സി.എ ട്രഷറര്‍ കെ.എം അബ്ദുല്‍റഹ്മാനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് ബി.കെ ഖാദര്‍, സെക്രട്ടറി നൗഫല്‍ തളങ്കര, കെ.സി.എ അംഗം ടി.എം ഇക്ബാല്‍ എന്നിവരും സന്നിഹിതരായിരുന്നു.
മാന്യയിലെ 8.26 ഏക്കര്‍ സ്ഥലത്താണ് സ്റ്റേഡിയം നിര്‍മ്മിച്ചിട്ടുള്ളത്. 4.77 കോടി രൂപ നല്‍കി വാങ്ങിയ സ്ഥലത്ത് 5.10 കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം നിര്‍മിച്ചത്. 2013ലാണ് ഗ്രൗണ്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പവലിയനും ഡ്രസിങ്ങ് റൂമൂം ഒരുങ്ങുന്നതോടെ കാസര്‍കോട്ട് എ ക്ലാസ് ക്രിക്കറ്റ് മത്സരങ്ങള്‍ വിരുന്നെത്തുമെന്നും അത് വിരൂരമല്ലെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു. മാണ്ഡ്യയില്‍ നിന്ന് കൊണ്ടുവന്ന മണ്ണുപയോഗിച്ചാണ് ഏറ്റവും നിലവാരം കൂടിയ പിച്ച് നിര്‍മ്മിച്ചിട്ടുള്ളത്. കേരളത്തിലെ മികച്ച പിച്ചകളിലൊന്നാണിത്. 80 മീറ്റര്‍ യാര്‍ഡ് വരുന്നതാണ് ഫീല്‍ഡ്. ഔട്ട് ഫീല്‍ഡും അന്താരാഷ്ട്ര നിലവാരമുള്ളതാണ്. ജില്ലയിലെ ക്രിക്കറ്റ് താരങ്ങള്‍ക്ക് വളരാന്‍ ഉപകരിക്കുന്ന കളിസ്ഥലമായി ഇത് മാറും. കാസര്‍കോട് ജില്ലയില്‍ മാത്രമാണ് ടര്‍ഫ് ഗ്രൗണ്ടില്ലാത്തത്. മാറ്റ് വിരിച്ച് കളിക്കുന്ന ഒരവസ്ഥകാണുന്നത് ഇവിടെയാണ്. സ്റ്റേഡിയം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇതിന് പരിഹാരമാവും. പവലിയന്റെയും ഡ്രസ്സിങ് റൂമിന്റെയും നിര്‍മ്മാണത്തോടെ സ്റ്റേഡിയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുമെന്നും കെ.സി.എ ഭാരവാഹികള്‍ പറഞ്ഞു.
സ്റ്റേഡിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നീരൊഴുക്ക് തടഞ്ഞുവെന്ന പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്നും ആവശ്യമാണെങ്കില്‍ ഇതിന് സര്‍ക്കാറിനെ സമീപിക്കുമെന്നും സജന്‍ വര്‍ഗീസും ജയേഷ് ജോര്‍ജും കെ.എം അബ്ദുല്‍ററഹ്മാന്‍ പറഞ്ഞു. ബദിയടുക്ക പഞ്ചായത്ത് സെക്രട്ടറി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കും. കെ.സി.എ സ്ഥലം ഏറ്റെടുക്കുമ്പോള്‍ സമര്‍പ്പിച്ച രേഖകളില്‍ സ്ഥലത്ത് തോടുണ്ടായിരുന്നില്ല-അവര്‍ പറഞ്ഞു.Recent News
  വൃദ്ധ ദമ്പതികളെ പുറത്താക്കി വീട് ജപ്തിചെയ്തു; ജോര്‍ജ്ജ് ഒരു രാത്രി കഴിച്ചുകൂട്ടിയത് വീട്ടുമുറ്റത്ത്

  കെ.എസ്.ടി.പി. റോഡരികില്‍ സൂര്യകാന്തി വിരിഞ്ഞു; നാട്ടുകാര്‍ക്ക് കൗതുകം

  ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടികളുമായി ടി.കെ പ്രഭാകരന്റെ കാര്‍ട്ടൂണുകള്‍ പ്രദര്‍ശിപ്പിച്ചു

  അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല; പ്രദേശത്തേക്ക് വഴിയൊരുക്കാന്‍ നാട്ടുകാര്‍ തന്നെ രംഗത്ത്

  ദേശീയപാതയോരത്ത് പൊതു ശൗചാലയം ഒരുക്കി മിഡ് ടൗണ്‍ റോട്ടറി

  ആരും തിരിഞ്ഞു നോക്കുന്നില്ല; ചികിത്സക്ക് പോലും നിവൃത്തിയില്ലാതെ മരച്ചുവട്ടില്‍ വയോധികന്റെ അന്തിയുറക്കം

  മെഗാ മോഹിനിയാട്ടവുമായി നിഷിത നാരായണന്‍

  വൃക്കരോഗികള്‍ക്ക് തണലേകാന്‍ അതിജീവനം ചാരിറ്റബിള്‍ സൊസൈറ്റി

  കാസര്‍കോട് നഗരത്തില്‍ അനധികൃത മണ്ണ് കടത്ത് സജീവം

  ദീര്‍ഘവീക്ഷണമില്ലാതെ പദ്ധതി നടപ്പാക്കല്‍; നശിക്കുന്നത് ലക്ഷങ്ങളുടെ ഉപകരണങ്ങള്‍

  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചാരണത്തില്‍ നിറഞ്ഞുനില്‍ക്കും

  റെയില്‍വെ സ്റ്റേഷന്‍ റോഡിന് ഇരുവശത്തും അനധികൃത പാര്‍ക്കിംഗ്

  എ.എസ്.ഐയെ അക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസുകാര്‍ക്കിടയില്‍ മുറുമുറുപ്പ്

  വിപ്ലവ വീര്യത്തിന്റെ മണ്ണിന് ലെനിന്‍ രാജേന്ദ്രനെ മറക്കാനാവില്ല

  പണവുമായി കരാറുകാരന്‍ സ്ഥലംവിട്ടു; ഭക്ഷണവും വെള്ളവുമില്ലാതെ തൊഴിലാളി അലഞ്ഞത് അഞ്ചുദിവസം