updated on:2018-12-09 06:16 PM
കാസര്‍കോട്ടെ മത്സ്യമാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥക്ക് അറുതിയില്ല

www.utharadesam.com 2018-12-09 06:16 PM,
കാസര്‍കോട്: ഇങ്ങനെയൊരു മത്സ്യമാര്‍ക്കറ്റ് കേരളത്തിലെ മറ്റേതെങ്കിലും നഗരത്തിലുണ്ടാകുമോയെന്ന ചോദ്യം ആരുടേയും മനസിലുണര്‍ത്തുന്ന വിധം ദയനീയമാണ് കാസര്‍കോട് മത്സ്യമാര്‍ക്കറ്റിന്റെ അവസ്ഥ. അത്രക്കും വൃത്തിഹീനമാണിവിടം. ആധുനികരീതിയിലുള്ള മത്സ്യമാര്‍ക്കറ്റ് പണിതിട്ടുപോലും മലിനജലവും മലിനവസ്തുക്കളും നിറഞ്ഞ സ്ഥലത്തുതന്നെയാണ് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം. മത്സ്യമാര്‍ക്കറ്റ് കെട്ടിടത്തിനകത്ത് മാത്രമല്ല പുറത്തും നടക്കുന്ന മത്സ്യക്കച്ചവടം റോഡില്‍ വരെ എത്തിനില്‍ക്കുന്നു. ഇതോടെ റോഡില്‍ മുഴുവന്‍ മലിനജലം ഒഴുകുകയാണ്. മാര്‍ക്കറ്റിനകത്തേക്ക് പ്രവേശിക്കുന്ന സ്ഥലത്താണ് മലിനജലം കെട്ടിക്കിടക്കുകയും ഒഴുകുകയും ചെയ്യുന്നത്. മത്സ്യം വാങ്ങാനെത്തുന്നവര്‍ക്ക് മാര്‍ക്കറ്റിനകത്തേക്ക് കടക്കണമെങ്കില്‍ അഴുക്കുവെള്ളത്തില്‍ ചവിട്ടണം. അസഹ്യമായ ദുര്‍ഗന്ധമുയരുന്നതിനാല്‍ മൂക്കുപൊത്തി നടക്കേണ്ട സ്ഥിതിയുമാണ്. മലിനജലം കെട്ടിക്കിടന്ന് കൊതുകുകളും കൂത്താടികളും പെരുകിയതോടെ സാംക്രമിക രോഗങ്ങള്‍ പിടിപെടുമെന്ന ഭീതിയിലാണ് മത്സ്യത്തൊഴിലാളികളും സമീപത്തെ വ്യാപാരികളും. കാസര്‍കോട് നഗരസഭയ്ക്കുവേണ്ടി ഫിഷറീസ് വകുപ്പാണ് ആധുനിക മത്സ്യ മാര്‍ക്കറ്റ്‌കെട്ടിടം വിട്ടുകൊടുത്തത്. രണ്ടരകോടി രൂപ ചിലവില്‍ നിര്‍മ്മിച്ച മാര്‍ക്കറ്റ് 2015 ഒക്ടോബര്‍ 10നാണ് മത്സ്യവില്‍പ്പനക്കായി തുറന്നുകൊടുത്തിരുന്നത്. രണ്ടേകാല്‍കോടി രൂപ കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴിലുള്ള നാഷണല്‍ ഡെവലപ്‌മെന്റ് അതോറിറ്റിയും കാല്‍കോടി രൂപ സംസ്ഥാനവും ചെലവിട്ടാണ് ആധുനികമത്സ്യമാര്‍ക്കറ്റ് പണിതിരുന്നത്. മത്സ്യമാര്‍ക്കറ്റില്‍ നിന്നുള്ള മലിനജലം ഒഴുകിപ്പോകാന്‍ മാലിന്യടാങ്ക് നിര്‍മ്മിക്കാതെയാണ് കെട്ടിടം താല്‍ക്കാലികമായി നഗരസഭയ്ക്ക് കൈമാറിയത്.
മാലിന്യടാങ്ക് നിര്‍മ്മിക്കുന്നതിനുള്ള ഉപകരണങ്ങളെല്ലാം മാര്‍ക്കറ്റിന് പിറകുവശം കൂട്ടിയിട്ടിരിക്കുകയാണ്. ഇത് തുരുമ്പെടുത്ത് നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നു. ടാങ്ക് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടത് ഫിഷറീസ് വകുപ്പാണെന്നാണ് നഗരസഭ പറയുന്നത്. എസ്റ്റിമേറ്റില്‍ മാലിന്യടാങ്ക് നിര്‍മ്മിക്കുന്നതിനും മറ്റുമായി തുക വകയിരുത്തിയിരുന്നു. എന്നാല്‍ ജോലി പൂര്‍ത്തിയാക്കാതെ മത്സ്യമാര്‍ക്കറ്റ് മാത്രം നിര്‍മ്മിച്ച് നഗരസഭയ്ക്ക് കൈമാറുകയായിരുന്നു. കഴിഞ്ഞ ഭരണത്തില്‍ നഗരസഭയിലെ മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ഒരുകോടി രൂപ ചിലവില്‍ ബയോഗ്യസ്, വെര്‍മി, വിന്‍സ്രോ കംപോസ്റ്റ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടിരുന്നു. കൂടാതെ വീടുകള്‍ കേന്ദീകരിച്ച് മാലിന്യ സംസ്‌കരണത്തിനായി പൈപ്പ് കംപോസ്റ്റ്, പോര്‍ട്ടബിള്‍ ബയോഗ്യാസ്, കിച്ചണ്‍ വേസ്റ്റ് കമ്പോസ്റ്റ് യൂണിറ്റ് സംവിധാനവും നടപ്പിലാക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇതൊന്നും ഉദ്ദേശിച്ച ഫലം കണ്ടില്ല.
കുടിവെള്ള സൗകര്യം, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുള്ള മൂത്രപ്പുര, മത്സ്യം നിരത്തിവെക്കാനുള്ള തണകള്‍ തുടങ്ങിയ സൗകര്യങ്ങളൊന്നും മത്സ്യമാര്‍ക്കറ്റിലില്ല. മത്സ്യമാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്ന വഴി ഇടുങ്ങിയതും ദുരിതം നിറഞ്ഞതുമാണ്. മത്സ്യമാര്‍ക്കറ്റിനോട് ചേര്‍ന്നാണ് മട്ടന്‍, ബീഫ്, ചിക്കന്‍ സ്റ്റാളുകളും ഉണക്കമീന്‍ കച്ചവടകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത്. ദിവസവും തിരക്കനുഭവപ്പെടുന്നതിനാല്‍ മത്സ്യം വാങ്ങാനെത്തുന്നവര്‍ നിന്നുതിരിയാനിടമില്ലാതെ വിഷമിക്കുന്നു. ഇടുങ്ങിയ റോഡിലൂടെ വാഹനങ്ങള്‍ ഇടതടവില്ലാതെ പോകുന്നത് അപകടസാധ്യതയും വര്‍ധിപ്പിക്കുന്നു. ആരോഗ്യ വകുപ്പ് അധികൃതരും മത്സ്യമാര്‍ക്കറ്റിനോട് പുറംതിരിഞ്ഞുനില്‍ക്കുകയാണ്. യാതൊരു തരത്തിലുള്ള പരിശോധനയും ഇവിടെ നടക്കാറില്ല. മലിനീകരണത്തിന് കാരണമാകുന്ന റോഡിലെ മത്സ്യവില്‍പ്പനക്ക് അറുതിയുണ്ടാകണമെങ്കില്‍ മാര്‍ക്കറ്റിലെ സൗകര്യങ്ങള്‍ കൂടുതല്‍ വിപുലീകരിക്കണമെന്നാണ് പൊതുവായ അഭിപ്രായം. ഫിഷറീസ് വകുപ്പിന്റെ കെട്ടിടത്തിനകത്ത് വായുസഞ്ചാരം കുറഞ്ഞതും അസഹ്യമായ ചൂടും നിലനില്‍ക്കുന്നതിനാലാണ് പല വില്‍പ്പനക്കാര്‍ക്കും പുറത്തിറങ്ങി റോഡില്‍ വില്‍പ്പന നടത്തേണ്ട സാഹചര്യമുണ്ടായത്. മലിനജലം ഒഴുകിപ്പോകാനുള്ള സൗകര്യമേര്‍പ്പെടുത്തുന്നതോടൊപ്പം ശുചീകരണപ്രവര്‍ത്തനങ്ങളും കാര്യക്ഷമമാക്കണം.Recent News
  രുചിക്കൂട്ടുകളുമായി ചക്ക മഹോത്സവം

  കാഴ്ചവസ്തുവായി പകല്‍വീട്

  വെള്ളക്കെട്ടുകള്‍ സര്‍വത്ര; കലക്ടറേറ്റ് - പൊലീസ് സ്റ്റേഷന്‍ പരിസരങ്ങള്‍ കൊതുകുവളര്‍ത്ത് കേന്ദ്രങ്ങളാകുന്നു

  രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറയല്‍; ചിറ്റമൃത് ഉത്തമ ഔഷധം, ഗവേഷണ പ്രബന്ധവുമായി കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ ലണ്ടനിലേക്ക്

  കോയിപ്പാടി കടപ്പുറത്ത് കടലാക്രമണ ഭീഷണി

  തീവണ്ടിപ്പാട്ടുകൂട്ട് 15ന് അരങ്ങിലുമെത്തുന്നു

  എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ഇരട്ട സഹോദരങ്ങള്‍ക്ക് റാങ്കിന്‍ തിളക്കം

  ഡിവൈഡറിലെ തുരുമ്പെടുത്ത ഇരുമ്പുകുറ്റി യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

  വേരുകളിലേക്ക് വെള്ളമിറങ്ങാനുള്ള പഴുതടച്ച് ടാറിംഗ്; പാലക്കുന്നില്‍ തണല്‍ മരങ്ങള്‍ നാശം നേരിടുന്നു

  മണ്ണിടിഞ്ഞ് അപകടം സംഭവിക്കുമെന്ന ഭീതിയില്‍ ഒരു കുടുംബം

  കൃപാ ജ്യോതി ഇനി കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക

  നേന്ത്രവാഴ കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്ന് ഉയര്‍ന്ന വില

  അതിജീവനത്തിന്റെ അടയാളമായി അമ്മമാരുടെ കുട നിര്‍മ്മാണം

  കുടിവെള്ള ടാങ്കുകള്‍ നോക്കുകുത്തികളായി മാറുന്നു

  ദേശീയപാത ഇരുട്ടില്‍; യാത്രക്കാര്‍ ഭീതിയില്‍