updated on:2019-01-14 01:40 PM
പണവുമായി കരാറുകാരന്‍ സ്ഥലംവിട്ടു; ഭക്ഷണവും വെള്ളവുമില്ലാതെ തൊഴിലാളി അലഞ്ഞത് അഞ്ചുദിവസം

www.utharadesam.com 2019-01-14 01:40 PM,
കുമ്പള: കോണ്‍ട്രാക്ടര്‍ പണവുമായി മുങ്ങിയതോടെ വഴിയാധാരമായ തൊഴിലാളി ഭക്ഷണവും വെള്ളവുമില്ലാതെ അലഞ്ഞുനടന്നത് അഞ്ചുദിവസം. മൂന്നാര്‍ ആനച്ചാല്‍ കിച്ചതണ്ണിയിലെ വിഷ്ണുവാണ് കരാറുകാരന്റെ ചതിയില്‍ പെട്ട് ദുരിതത്തിലായത്. രണ്ടുമാസം മുമ്പാണ് വിഷ്ണു മൂന്നാറില്‍ നിന്ന് ഗുരുവായൂര്‍ സ്വദേശിയായ കരാറുകാരനോടൊപ്പം കര്‍ണാടകയിലെ ഉഡുപ്പിയില്‍ ട്രാക്ടര്‍ വാഹനത്തിന്റെ ഡ്രൈവറായി ജോലിക്കെത്തിയത്. കാസര്‍കോട് സ്വദേശികളായ രണ്ടുപേരും ഒരു ബംഗാള്‍ സ്വദേശിയും ഡ്രൈവര്‍മാരായി ജോലിക്കുവന്നിരുന്നു. ഉഡുപ്പിയിലെ ഗ്രാമപ്രദേശങ്ങളിലുള്ള കൃഷിയിടങ്ങളിലേക്ക് പോയി തേങ്ങ, അടക്ക, മരം എന്നിവ മൊത്തമായി വാങ്ങി ട്രാക്ടറുകളില്‍ ഫാക്ടറികളിലേക്ക് എത്തിക്കുന്ന കരാര്‍ ജോലിയായിരുന്നു ഗുരുവായൂര്‍ സ്വദേശിയുടേത്. ഡ്രൈവര്‍മാര്‍ക്ക് പ്രതിമാസം 18,000 രൂപയായിരുന്നു നിശ്ചയിച്ചിരുന്നത്. ജനുവരി ആറിന് കരാറുകാരന്‍ ഡ്രൈവര്‍മാരുടെ പണവും മൊബൈല്‍ഫോണുമായി കടന്നുകളയുകയായിരുന്നു. ഇതേ തുടര്‍ന്ന് വിഷ്ണുവും മറ്റ് ഡ്രൈവര്‍മാരും ഉഡുപ്പി പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണത്തിനെത്തുകയും കരാറുകാരന്റെ നാല് വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മൂന്ന് ഡ്രൈവര്‍മാരെ അവരുടെ ബന്ധുക്കളെത്തി നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയെങ്കിലും വിഷ്ണുവിനെ തേടി ആരുമെത്തിയില്ല. കയ്യില്‍ പണമില്ലാതെ വിഷമിച്ച വിഷ്ണു ജനുവരി ഏഴ് മുതല്‍ ഉഡുപ്പിയില്‍ നിന്ന് നാട്ടിലേക്കുള്ള നടത്തം ആരംഭിച്ചു. വെള്ളവും ഭക്ഷണവുമില്ലാതെ ക്ഷീണിതനായ വിഷ്ണു രാത്രി 10 മണിക്കുശേഷം കടവരാന്തയില്‍ ഉറങ്ങും. പിറ്റേന്ന് രാവിലെ നടത്തം പുനരാരംഭിക്കും. സംഭവത്തെക്കുറിച്ച് പലരോടും പറഞ്ഞെങ്കിലും സഹായിക്കാന്‍ ആരുമെത്തിയില്ല. വീണുകിട്ടിയ പ്ലാസ്റ്റിക് കുപ്പിയില്‍ വെള്ളം വാങ്ങി കുടിച്ചാണ് യുവാവ് ദാഹമകറ്റിയത്. കുമ്പള വരെ നടന്നെത്തിയ വിഷ്ണു ഒരടി പോലും മുന്നോട്ട് നീങ്ങാനാകാത്തത്ര അവശനാവുകയും ചെയ്തു. വിഷ്ണുവിന്റെ ദയനീയാവസ്ഥ മനസിലാക്കിയ കുമ്പളയിലെ ചിലര്‍ ഭക്ഷണവും പണവും നല്‍കുകയും ഇന്നലെ വൈകിട്ടോടെ നാട്ടിലേക്ക് തീവണ്ടി കയറ്റി വിടുകയും ചെയ്തു.Recent News
  രുചിക്കൂട്ടുകളുമായി ചക്ക മഹോത്സവം

  കാഴ്ചവസ്തുവായി പകല്‍വീട്

  വെള്ളക്കെട്ടുകള്‍ സര്‍വത്ര; കലക്ടറേറ്റ് - പൊലീസ് സ്റ്റേഷന്‍ പരിസരങ്ങള്‍ കൊതുകുവളര്‍ത്ത് കേന്ദ്രങ്ങളാകുന്നു

  രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറയല്‍; ചിറ്റമൃത് ഉത്തമ ഔഷധം, ഗവേഷണ പ്രബന്ധവുമായി കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ ലണ്ടനിലേക്ക്

  കോയിപ്പാടി കടപ്പുറത്ത് കടലാക്രമണ ഭീഷണി

  തീവണ്ടിപ്പാട്ടുകൂട്ട് 15ന് അരങ്ങിലുമെത്തുന്നു

  എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ഇരട്ട സഹോദരങ്ങള്‍ക്ക് റാങ്കിന്‍ തിളക്കം

  ഡിവൈഡറിലെ തുരുമ്പെടുത്ത ഇരുമ്പുകുറ്റി യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

  വേരുകളിലേക്ക് വെള്ളമിറങ്ങാനുള്ള പഴുതടച്ച് ടാറിംഗ്; പാലക്കുന്നില്‍ തണല്‍ മരങ്ങള്‍ നാശം നേരിടുന്നു

  മണ്ണിടിഞ്ഞ് അപകടം സംഭവിക്കുമെന്ന ഭീതിയില്‍ ഒരു കുടുംബം

  കൃപാ ജ്യോതി ഇനി കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക

  നേന്ത്രവാഴ കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്ന് ഉയര്‍ന്ന വില

  അതിജീവനത്തിന്റെ അടയാളമായി അമ്മമാരുടെ കുട നിര്‍മ്മാണം

  കുടിവെള്ള ടാങ്കുകള്‍ നോക്കുകുത്തികളായി മാറുന്നു

  ദേശീയപാത ഇരുട്ടില്‍; യാത്രക്കാര്‍ ഭീതിയില്‍