updated on:2018-03-07 07:03 PM
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ സമൂഹം കൈകോര്‍ക്കണമെന്ന് പോക്‌സോ ശില്‍പശാല

www.utharadesam.com 2018-03-07 07:03 PM,
കാസര്‍കോട്: കുട്ടികള്‍ക്ക് നേരെ അധികരിച്ച് വരുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിന് മാധ്യമങ്ങളും സമൂഹവും അതീവ ജാഗ്രത പുലര്‍ത്തണമെന്ന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കാസര്‍കോട് പ്രസ്‌ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച പോക്‌സോ നിയമം സംബന്ധിച്ച ഏകദിന സെമിനാര്‍ മുന്നറിയിപ്പ് നല്‍കി. പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്ന ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പി.എസ് ശശികുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ ലൈംഗീക അതിക്രമത്തിന് ഇരയായതായി വിവരം ലഭിച്ചാല്‍ അത് ബന്ധപ്പെട്ട അധികാരികളെ അറിയിക്കാതെ മറച്ചുവച്ചാല്‍ ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് 'പോക്‌സോ നിയമം എന്ത്, എന്തിന്' എന്ന വിഷയത്തില്‍ ക്ലാസെടുത്ത കാസര്‍കോട് സബ് ജഡ്ജിയും ഡി.എല്‍.എസ്.എ സെക്രട്ടറിയുമായ ഫിലിപ്പ് തോമസ് പറഞ്ഞു. കുട്ടികള്‍ക്കെതിരായ ഏതു ലൈംഗീക ഉപദ്രവവും ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഈ അതിക്രമങ്ങളെക്കുറിച്ച് ആര്‍ക്കെങ്കിലും വിവരം ലഭിച്ചാല്‍ അത് 24 മണിക്കൂറിനുള്ളില്‍ പൊലീസിനെയോ സ്‌പെഷ്യല്‍ ജുവനൈല്‍ പൊലീസ് യുണിറ്റിനെയോ മറ്റ് ബന്ധപ്പെട്ട അധികാരികളെയോ അറിയിച്ചിരിക്കണം. വിവരം ആരെയും അറിയിക്കാതെ മറച്ചുവച്ചാല്‍ ആറു മാസം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും അദ്ദേഹം പറഞ്ഞു.
2007-ലെ കണക്കുപ്രകാരം രാജ്യത്ത് 52 ശതമാനത്തോളം കുട്ടികള്‍ വിവിധ തരത്തിലുള്ള ലൈംഗീക ചൂഷണങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ 2012-ല്‍ പോക്‌സോ നിയമം പ്രാബല്യത്തില്‍ വരുന്നത്. പോക്‌സോ നിയമപ്രകാരം കുറ്റവാളികള്‍ക്ക് മൂന്നുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ കഠിനതടവ് ലഭിക്കുന്നുണ്ട്. പോക്‌സോ നിയമം സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങളും കൂടുതല്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ സംരക്ഷണത്തിനും അവകാശത്തിനും സുരക്ഷയ്ക്കും വേണ്ടി മാത്രം 20 നിയമങ്ങളുള്ള രാജ്യമാണ് നമ്മുടേതെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി. ബിജു പറഞ്ഞു. കുട്ടികളുടെ ഉത്തമതാല്‍പര്യം പരിഗണിച്ച് അവരെ മികച്ച പൗരന്മാരാക്കി വളര്‍ത്തുന്നതിന് സാഹചര്യമുണ്ടാക്കേണ്ടത് മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
ലൈംഗീക അതിക്രമത്തിന് ഇരയാകുന്ന കുട്ടികളെ തിരിച്ചറിയുന്ന തരത്തില്‍ വിവരങ്ങള്‍ അറിയാതെയാണെങ്കിലും ചിലര്‍ വാട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെ ഷെയര്‍ ചെയ്യുന്നുണ്ട്. ഇത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ലൈംഗീക അതിക്രമത്തിന് ഇരയാകുന്ന കുട്ടിയില്‍ നിന്നും വിവരങ്ങള്‍ തേടുമ്പോള്‍ അവരുടെ മാനസികാവസ്ഥയില്‍ നിന്നുകൊണ്ടു ചിന്തിച്ചുപെരുമാറുവാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയണമെന്നും 'ബാലാവകാശങ്ങളും മാധ്യമ ധര്‍മ്മവും' എന്ന വിഷയത്തില്‍ ക്ലാസ് എടുത്ത് പി.ബിജു പറഞ്ഞു.
സമൂഹം വ്യക്തിഗതമായി
ചുരുങ്ങുമ്പോള്‍
അതിക്രമങ്ങള്‍
വര്‍ധിക്കുന്നു -ജില്ലാ കലക്ടര്‍
കാസര്‍കോട്: സമൂഹം വ്യക്തിഗതമായി ചുരുങ്ങുമ്പോഴാണ് അതിക്രമങ്ങളുണ്ടാകുന്നതെന്ന് ജില്ലാകലക്ടര്‍ കെ. ജീവന്‍ബാബു പറഞ്ഞു. ഏതോ ഒന്നിനെ ഭയപ്പെടുന്ന രീതിയിലുളള സമൂഹമാണ് ഇന്നുളളത്. ഇത് മാറണമെങ്കില്‍ പരസ്പരം ഇടപെടുന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെടണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. പ്രസ് ക്ലബില്‍ പോക്‌സോ മാധ്യമ ശില്‍പശാലയില്‍ ലൈംഗീക അതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കല്‍ നിയമവും സമൂഹധര്‍മവും എന്ന വിഷയത്തില്‍ പൊതുസംവാദം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ പലപ്പോഴും തങ്ങളുടേതല്ലാത്ത തെറ്റുകള്‍ക്ക് ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുന്നുണ്ടെന്നും അവരുടെ നിഷ്‌കളങ്കത ചോദ്യം ചെയ്യപ്പെടുകയാണെന്നും ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു. കുറ്റവാളികളെ ഒതുക്കുകയല്ല അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പാക്കുകയാണ് വേണ്ടതെന്നും മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിച്ച അദ്ദേഹം പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി സുഗതന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാധുരി.എസ് ബോസ് മുഖ്യപ്രഭാഷണം നടത്തി. നാരായണന്‍ പേരിയ, വി.വി പ്രഭാകരന്‍, ചൈല്‍ഡ്‌ലൈന്‍ കോ ഓര്‍ഡിനേറ്റര്‍ എം. ഉദയകുമാര്‍, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി മധു മുതിയക്കാല്‍ സംസാരിച്ചു. പ്രസ്‌ക്ലബ്ബ് സെക്രട്ടറി വിനോദ് പായം സ്വാഗതവും സണ്ണിജോസഫ് നന്ദിയും പറഞ്ഞു.Recent News
  വി.എല്‍.സി.സി ബ്യൂട്ടി സലൂണ്‍ കാസര്‍കോട്ട് തുടങ്ങി

  റെയില്‍വേ സ്റ്റേഷനില്‍ ലയണ്‍സ് ചന്ദ്രഗിരി മുലയൂട്ടല്‍ കേന്ദ്രം സ്ഥാപിച്ചു

  ആശ്വാസമേകി റെയില്‍വെ ജനറല്‍ മാനേജരുടെ സന്ദര്‍ശനം; മെമു എക്‌സ്പ്രസ് പരിഗണനയില്‍

  ചെണ്ടമേളത്തിന്റെ അകമ്പടിയോടെ രാജധാനിക്ക് ഉജ്ജ്വല സ്വീകരണം

  സ്‌നേഹമധുരം പങ്കുവെച്ച് ജെ.സി.ഐ കാസര്‍കോടിന്റെ കുടുംബസംഗമം

  സംസ്ഥാന ഇസ്ലാമിക് കലാമേള; ഖുര്‍ആനില്‍ തളങ്കര സ്വദേശിക്ക് ഒന്നാംസ്ഥാനം

  ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം നിര്‍ണായക രാഷ്ട്രീയ ശക്തിയാകും -യെച്ചൂരി

  മൈ കിച്ചന്‍ പ്രവര്‍ത്തനമാരംഭിച്ചു

  കാര്‍ഷിക മേഖലക്കും ദാരിദ്ര ലഘൂകരണത്തിനും മുന്‍ഗണന നല്‍കി ബദിയടുക്ക പഞ്ചായത്ത് ബജറ്റ്

  വിദ്യാര്‍ത്ഥി ശാക്തീകരണ ശില്‍പ്പശാല സംഘടിപ്പിച്ചു

  'കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ്ങ് പ്രശ്‌നം പരിഹരിക്കണം'

  മാലിക് ദീനാര്‍ യതീംഖാന കുട്ടികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു

  ഖാസിയുടെ മരണത്തിന് ഇന്നേക്ക് 9വര്‍ഷം

  മറിയം ട്രേഡ് സെന്റര്‍ തുറന്നു

  എല്‍.ഡി.എഫ്. കേരള സംരക്ഷണയാത്രയുടെ വടക്കന്‍ മേഖലാ പര്യടനം 16ന് തുടങ്ങും