updated on:2018-10-17 06:38 PM
നബാര്‍ഡ് ഫണ്ട് ലഭ്യമായില്ല; കാസര്‍കോട് തുറമുഖം രണ്ടാംഘട്ട നിര്‍മ്മാണം നിലച്ചു

www.utharadesam.com 2018-10-17 06:38 PM,
കാസര്‍കോട്: തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാസര്‍കോട് തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം ഫണ്ടില്ലെന്ന കാരണത്താല്‍ മുടങ്ങി. 2008ല്‍ അനുമതി ലഭിച്ച് 2010ല്‍ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ച തുറമുഖത്തിന്റെ ഒന്നാം ഘട്ട പ്രവൃത്തികള്‍ 2015ല്‍ പൂര്‍ത്തിയായിരുന്നു. പൂര്‍ണമായും കേന്ദ്രാവിഷ്‌കൃത ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മാണം. കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ കൃഷി വികാസ യോജന (ആര്‍.കെ.വി.വൈ) പദ്ധതിയില്‍ 29.75 കോടി രൂപ ചെലവിലാണ് ആദ്യഘട്ട നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയാക്കിയത്. പൂന ആസ്ഥാനമായ സി.ഡബ്ല്യു.പി.ആര്‍ എസ്. ആണ് പരിസ്ഥിതി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ പുലിമുട്ട് അശാസ്ത്രീയമാണെന്ന് കാട്ടി മത്സ്യത്തൊഴിലാളികള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. ഈ ഹാര്‍ബറില്‍ 280 ബോട്ടുകള്‍ക്ക് ഒരേ സമയം നിര്‍ത്തിയിടാനുള്ള സംവിധാനമാണുള്ളത്. മത്സ്യ ലേല ഹാളും പാര്‍ക്കിങ്ങ് ഏരിയയും പൂര്‍ത്തീകരിച്ചിട്ടുണ്ട്. നഗരത്തില്‍ നിന്ന് ഹാര്‍ബറിലേക്കുള്ള രണ്ട് കിലോമീറ്റര്‍ റോഡ് വികസിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഹാര്‍ബറിലേക്ക് ബോട്ടുകള്‍ അടുപ്പിക്കാനുള്ള ചാനല്‍ മണല്‍ നിറഞ്ഞതിനാല്‍ ബോട്ടുകള്‍ അടുപ്പിക്കുന്ന സമയത്ത് അപകടത്തിനിടയാകുമെന്ന് ചൂണ്ടിക്കാട്ടി മത്സ്യത്തൊഴിലാളികള്‍ രംഗത്ത് വരികയായിരുന്നു. ഇപ്പോഴുള്ള മണല്‍ നീക്കം ചെയ്ത് കടലിലേക്ക് പുലിമുട്ട് നീട്ടുന്നതിന് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി 50 കോടി രൂപ നബാര്‍ഡില്‍ നിന്ന് വായ്പ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വായ്പ നല്‍കാനാവില്ലെന്ന നിലപാടിലാണ് നബാര്‍ഡെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. പറഞ്ഞു. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം മുന്‍കയ്യെടുത്ത് നിര്‍മ്മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്നും ഇതിന് സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്ന് എം.എല്‍.എ. പറഞ്ഞു. കഴിഞ്ഞയാഴ്ച സി.ഡബ്ല്യു.പി.ആര്‍.എസ് അധികൃതര്‍ ഹാര്‍ബര്‍ സന്ദര്‍ശിച്ച ശേഷം രണ്ടാം ഘട്ട നിര്‍മ്മാണ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ഹാര്‍ബര്‍ യാഥാര്‍ത്ഥ്യമായാല്‍ കുമ്പള, മൊഗ്രാല്‍, ചേരങ്കൈ, കസബ, കീഴൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേ മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനപ്പെടും. എന്നാല്‍ കാസര്‍കോട് പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. ഇതോടെ കാസര്‍കോട് തുറമുഖത്തിന്റെ രണ്ടാം ഘട്ട പ്രവൃത്തി അനിശ്ചിത്വത്തിലായിരിക്കുകയാണ്. അതിനിടെ ബേക്കല്‍, അജാനൂര്‍ എന്നിവിടങ്ങളില്‍ പുതിയതുറമുഖം സ്ഥാപിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.Recent News
  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്

  മണ്ണെണ്ണ പെര്‍മിറ്റ് വൈകുന്നു; മലയോരത്ത് കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നു

  കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി വിച്ഛേദിച്ചതില്‍ പ്രതിഷേധം

  രാജ്യാന്തര ചലചിത്രോത്സവങ്ങളിലെ പ്രതിഭക്ക് കാസര്‍കോടിന്റെ ആദരം ഇന്ന്

  കല്ല്യോട്ടിന്റെ നൊമ്പരങ്ങളിലേക്ക് മഴയായി പെയ്തിറങ്ങി രാഹുല്‍...

  പ്രതിഷേധം മുറുകി; കൃഷിവകുപ്പ് 'അക്കോമിന്‍' തളിക്കുന്നത് ഉപേക്ഷിച്ചു

  ബി.ജെ.പി സ്ഥാനാര്‍ത്ഥി തീരുമാനം ഉടനെയുണ്ടാകും; ചര്‍ച്ച അന്തിമഘട്ടത്തില്‍

  കുമ്പള സര്‍ക്കാര്‍ ആസ്പത്രിയില്‍ ഡോക്ടര്‍മാരടക്കം 55 ജീവനക്കാരുടെ ശമ്പളം വീണ്ടും മുടങ്ങി

  എല്‍.ഡി.എഫ്. 2001 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു