updated on:2018-10-10 01:23 PM
യക്ഷഗാനകലാകാരന്‍ കെ. ഗോപാലകൃഷ്ണഭട്ട് അന്തരിച്ചു

www.utharadesam.com 2018-10-10 01:23 PM,
ബോവിക്കാനം: പ്രമുഖ യക്ഷഗാനകലാകാരന്‍ കോട്ടൂര്‍ നെക്രംപാറയിലെ പെരഡഞ്ചി കെ. ഗോപാലകൃഷ്ണഭട്ട് (70) അന്തരിച്ചു. കോട്ടൂര്‍ ബ്രാഞ്ച് പോസ്റ്റ്മാസ്റ്ററായിരുന്നു. രാജാദിലീപ, ലങ്കാപതനം തുടങ്ങി 12 യക്ഷഗാന കൃതികളും മൂന്ന് നാടകങ്ങളും രചിച്ചിട്ടുണ്ട്. യക്ഷഗാനത്തില്‍ സ്ത്രീവേഷമാണ് സ്ഥിരമായി ചെയ്തിരുന്നത്. മികച്ച നാടക നടനുമായിരുന്നു. യക്ഷഗാനത്തെ മലയാളത്തിലേക്ക് മൊഴിമാറ്റി അവതരിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച ഗോപാലകൃഷ്ണഭട്ട് ദീര്‍ഘകാലം കോട്ടൂര്‍ ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററായി പ്രവര്‍ത്തിച്ചു. 1947ല്‍ മുളിയാറിലെ പാണൂരില്‍ യക്ഷഗാനകലാകാരനായിരുന്ന കെ. കൃഷ്ണഭട്ടിന്റെയും സുബ്ബയ്യമ്മയുടേയും മകനായാണ് ജനിച്ചത്. അച്ഛന്റെയും അമ്മാവന്റെയും കൈപിടിച്ചാണ് യക്ഷഗാന വേദിയിലെത്തിയത്. സ്ത്രീവേഷത്തിന് പുറമെ കിരീടവേഷത്തിലും തിളങ്ങിയിരുന്നു. യക്ഷഗാന കലാകാരന്മാരുടെ കൂട്ടായ്മയായ കോട്ടൂര്‍ കാര്‍ത്തികേയ കലാനിലയവുമായി അടുക്കുകയും അടുക്ക ഗോപാലകൃഷ്ണഭട്ട്, എം.വി ബള്ളുള്ളായ, കേശവഭട്ട് ബെള്ളമൂല തുടങ്ങിയവരോടൊപ്പം കലാരംഗത്ത് സജീവമാവുകയുമായിരുന്നു.
ഭാര്യ: കെ. പ്രേമലത. മക്കള്‍: കെ.പി ഹരികൃഷ്ണ (സ്‌കന്ദ കയര്‍ ഫാക്ടറി), കെ.പി ശ്യാംമൂര്‍ത്തി. മരുമക്കള്‍: എന്‍. പല്ലവി, കെ. ഗീത.
സഹോദരങ്ങള്‍: കെ. മഹാലിംഗഭട്ട്, പരമേശ്വരി, ശാരദ, ജയലക്ഷ്മി.



Recent News