ചെങ്കള: ചെങ്കള സര്‍വീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് സ്ഥാനം കോണ്‍ഗ്രസില്‍ നിന്ന് ലീഗ് പിടിച്ചെടുത്തതോടെ ഉടലെടുത്ത തര്‍ക്കത്തിന് പരിഹാരമായില്ല. ജില്ലയില്‍ യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ഇത് ബാധിച്ചേക്കുമെന്ന സൂചനകളെ തുടര്‍ന്ന് ബാങ്ക് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി കടവത്ത് രാജിവെച്ചേക്കുമെന്ന് അഭ്യൂഹം പരന്നുവെങ്കിലും തല്‍ക്കാലം രാജിക്കില്ലെന്ന് മുഹമ്മദ് കുഞ്ഞി അറിയിച്ചു. പാര്‍ട്ടി ആവശ്യപ്പെട്ടതനുസരിച്ചാണ് ബാങ്ക് പ്രസിഡണ്ട് സ്ഥാനത്തേക്ക് താന്‍ മത്സരിച്ചത്. പാര്‍ട്ടി തന്നോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടി പറയുന്നത് അനുസരിക്കുന്ന അച്ചടക്കമുള്ള പ്രവര്‍ത്തകനാണ് താന്‍- മുഹമ്മദ് കുഞ്ഞി പറഞ്ഞു. ബാങ്ക് പ്രസിഡണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍ക്കുട്‌ലുവിന്റെ നിര്യാണത്തെ തുടര്‍ന്നാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഒഴിവുവന്നത്. പ്രസിഡണ്ട് സ്ഥാനം തങ്ങള്‍ക്കുവേണമെന്നും മത്സരം ഒഴിവാക്കണമെന്നും ലീഗ് അഭിപ്രായപ്പെട്ടെങ്കിലും കോണ്‍ഗ്രസ് ഇതിനോട് യോജിച്ചില്ല. തുടര്‍ന്ന് യു.ഡി.എഫില്‍ സമവായചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടതോടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരം നടന്നു. മുസ്ലിം ലീഗിലെ മുഹമ്മദ് കുഞ്ഞി കടവത്തും കോണ്‍ഗ്രസിലെ ബി.കെ.കുട്ടിയുമാണ് മത്സരിച്ചത്. രണ്ടുപേര്‍ക്കും നാലുവീതം വോട്ടുകള്‍ ലഭിച്ചു. നറുക്കെടുപ്പില്‍ മുഹമ്മദ്കുഞ്ഞി ജയിക്കുകയായിരുന്നു.