കാസര്‍കോട്: കാസര്‍കോട്ടെ ആദ്യകാല പ്രശസ്ത കണ്ണ് രോഗ വിദഗ്ധന്‍ ഡോ. ജയകുമാര്‍ കെ. ഷെട്ടി (68) അന്തരിച്ചു. കര്‍ണാടക കുന്താപുരം സ്വദേശിയാണ്. മംഗളൂരുവില്‍ കുടുംബസമേതമാണ് താമസം. കഴിഞ്ഞ ദിവസമാണ് മരണം. കാസര്‍കോട് കെ.പി. ആര്‍. റാവു റോഡിലെ മെഹബൂബ് തിയറ്ററിന് മുന്‍വശത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ ക്ലിനിക്ക് നടത്തിയായിരുന്നു ആതുരസേവന രംഗത്ത് സജീവമായത്. അക്കാലത്ത് കണ്ണ് രോഗത്തിന് രോഗികള്‍ ആധുനിക ചികിത്സക്കായി മംഗളൂരുവിലെ ആസ്പത്രികളെ ആശ്രയിച്ച് വരുന്ന സമയമായിരുന്നു. ജയകുമാര്‍ ഷെട്ടിയുടെ ക്ലിനിക്കില്‍ കമ്പ്യൂട്ടറടക്കമുള്ള ആധുനിക സൗകര്യങ്ങളാണ് ഉണ്ടായിരുന്നത്. അതിനാല്‍ ഇവിടെ വിദഗ്ധ ചികിത്സാ സൗകര്യം തേടി നിരവധി രോഗികള്‍ എത്തിയിരുന്നു. 30 വര്‍ഷത്തിലധികം കാസര്‍കോട്ട് സേവനമനുഷ്ടിച്ചിരുന്ന ജയകുമാര്‍ ഷെട്ടി ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എ.എമ്മിലും സജീവമായി പ്രവര്‍ത്തിച്ചു. ഭാര്യ: വാണി. രണ്ട് മക്കളുണ്ട്.