കാസര്‍കോട്: പൊലീസ് നിഷ്‌ക്രിയത്വം ആരോപിച്ച് മുസ്ലിംലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ നടത്തിയ എസ്.പി ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. എസ്.പി ഓഫീസിന് സമീപം പൊലീസ് ഒരുക്കിയ ബാരിക്കേട് പ്രവര്‍ത്തകര്‍ മറികടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസിന് ജലപീരങ്കി ഉപയോഗിക്കേണ്ടിവന്നു. ചൂരി ജങ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. മീപ്പുഗിരി വഴിയാണ് എസ്.പി ഓഫീസിലേക്ക് പ്രകടനം പുറപ്പെട്ടത്. കാസര്‍കോട്ടും മധൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കുക, പൊലീസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു പ്രകടനം. സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത് അധ്യക്ഷത വഹിച്ചു. അബ്ദുല്ലകുഞ്ഞി ചെര്‍ക്കള സ്വാഗതം പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.ജി.സി ബഷീര്‍, എ. അബ്ദുല്‍റഹ്മാന്‍, മുഹമ്മദ് കുഞ്ഞി ചായിന്റടി, അബ്ബാസ് ബീഗം, അഷ്‌റഫ് എടനീര്‍, ഹാരിസ് ചൂരി, പി.എം മുനീര്‍ ഹാജി, വി.എം മുനീര്‍, മൂസ ബി. ചെര്‍ക്കള, സി.ബി അബ്ദുല്ല ഹാജി, സഹീര്‍ ആസിഫ്, ഗഫൂര്‍ തളങ്കര, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, മജീദ് പട്‌ള, ഹബീബ് ചെട്ടുംകുഴി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.