കാഞ്ഞങ്ങാട്: നാട്ടുവഴികള്‍ കടന്ന് അനുഗ്രഹം ചൊരിയാന്‍ കര്‍ക്കിടക തെയ്യങ്ങള്‍ ഇറങ്ങി. കര്‍ക്കിടകത്തിലെ ദുരിതങ്ങള്‍ ഒഴിഞ്ഞ് സമൃദ്ധിയുടെ പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാനാണ് തെയ്യങ്ങള്‍ വീടുകളില്‍ നിറഞ്ഞാടുന്നത്. രാമായണ ശീലുകള്‍ക്കൊപ്പം ഇനി ചെണ്ടയുടെ താളവും വീടുകളില്‍ ഭക്തി നിറയ്ക്കും. ആടിയും വേടനും ഗളിഞ്ചനും മാരിത്തെയ്യങ്ങളും ഇനി വീട്ടുമുറ്റങ്ങളില്‍ ചുവടു വെച്ചാടും. ഓലക്കുട ചൂടി ഇടവഴികള്‍ താണ്ടി കുട്ടിത്തെയ്യങ്ങള്‍ എത്തുന്ന കാഴ്ച ആകര്‍ഷകമാണ്.
ദുരിതം അകറ്റാന്‍ കുട്ടിത്തെയ്യങ്ങളുടെ യാത്രകള്‍ക്ക് കഴിയുമെന്നാണ് വിശ്വാസം. കുഞ്ഞുമുടിയും ചോപ്പും കൈമണിയും കിലുക്കി ഗ്രാമവീഥികളിലും വീടുവീടാന്തരങ്ങളിലും കര്‍ക്കിടകക്കോലങ്ങള്‍ കയറിയിറങ്ങും. കുഞ്ഞോലക്കുട ചൂടി ആടിയും അമ്പും വില്ലുമണിഞ്ഞ് വേടനുമാണ് വീടുകളിലെത്തുന്നത്. ഓലക്കുട ചൂടി പാടവരമ്പിലൂടെ നടന്നുവരുന്ന കുട്ടിത്തെയ്യങ്ങളെയും ചെണ്ടക്കാരനെയും ഗുരുസി ഉഴിഞ്ഞാണ് സ്വീകരിക്കുന്നത്. ഉത്തരകേരളത്തിലെ വേലന്‍, പുലയന്‍, വണ്ണാന്‍, മലയര്‍, നളിക്കദായര്‍, മാവിലര്‍ തുടങ്ങിയ സമുദായക്കാരാണ് കര്‍ക്കടക കോലങ്ങളുമായി യാത്രപോകുന്നത്. അരി, പണം, തേങ്ങ മുതലായവയാണ് കോലക്കാരന് പ്രതിഫലമായി കിട്ടുക.