കാസര്‍കോട്: കാസര്‍കോട് നഗരസഭാ പരിധിയില്‍ മഞ്ഞപിത്തം പടരുന്നു. 16 ഓളം പേര്‍ മഞ്ഞപിത്തത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സതേടി. വിദ്യാനഗര്‍ ചാലയില്‍ 11,12 നഗര സഭാ വാര്‍ഡുകളിലെ 16 പേര്‍ക്കാണ് മഞ്ഞപിത്തം ബാധിച്ചിരിക്കുന്നത്. ബദിര ഭാഗത്ത് നിരവധി കുട്ടികള്‍ക്ക് മഞ്ഞപിത്തം പിടിപെട്ടു. നഗരസഭയില്‍പ്പെട്ട തായലങ്ങാടിയില്‍ 2 പേര്‍ക്ക് ഡങ്കിപ്പനി ബാധിച്ചിട്ടുണ്ട്. ഇവര്‍ മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലാണ്. ഡങ്കിപ്പനിക്കും മഞ്ഞപ്പിത്തത്തിനും പുറമേ നഗര സഭയിലും സമീപ പഞ്ചായത്തുകളിലും പകര്‍ച്ച പനി വ്യാപകമാകുകയാണ്. പനിവ്യാപകമായിട്ടും പലയിടങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. മാലിന്യങ്ങള്‍ അടിഞ്ഞു കൂടിയതും വെള്ളം കെട്ടിക്കിടക്കുന്നതും കൊതുകുകള്‍ പെരുകാന്‍ കാരണമാകുന്നുണ്ട്.
മഴക്കാലത്ത് പല വിവാഹ വീടുകളിലും ഭക്ഷണത്തോടൊപ്പം തണുത്ത വെള്ളം കൊടുക്കരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ വരുന്നവര്‍ക്ക് തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ നല്‍വൂ എന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ടെങ്കിലും പല ഹോട്ടലുകളിലും ഇത് പാലിക്കപ്പെടുന്നില്ല. തണുത്ത വെള്ളം കുടിക്കുന്നത് മഞ്ഞപിത്തം പടരാന്‍ കാരണമാകുമെന്നാണ് മുന്നറിയിപ്പ്. വിദ്യാനഗര്‍ ചാലയില്‍ നഗര സഭയും ജനറല്‍ ആസ്പത്രി ആരോഗ്യ വിഭാഗവും സംയുക്തമായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുമെന്ന് ജനറല്‍ ആസ്പത്രിയുടെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. ബാബു ഉത്തരദേശത്തോട് പറഞ്ഞു.