കാസര്‍കോട്: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് പുതിയ ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നു. നായക്‌സ് റോഡിന് സമീപം ആനവാതുക്കല്‍ തറവാട് റോഡിലുള്ള നിലവിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പൊളിച്ചാണ് 2 കോടി രൂപ ചെലവില്‍ നാല് നിലകളുള്ള പുതിയ കെട്ടിടം പണിയുന്നത്.
ലിഫ്റ്റ് സംവിധാനമുള്ള ജില്ലയിലെ ആദ്യത്തെ പഞ്ചായത്ത് ഓഫീസ് ആയിരിക്കും ഇത്. 10 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പുതിയ ഓഫീസിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ച് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടി പറഞ്ഞു. വൈസ് പ്രസിഡണ്ട് ഹലീമ ഷിനൂന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കല്ലട്ര അബ്ദുല്‍ ഖാദര്‍, പുണ്ടരീകാക്ഷ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി.ഡി. കബീര്‍, ആയിഷ സഹദുല്ല, അംഗങ്ങളായ സത്യശങ്കരഭട്ട്, താഹിറ യൂസഫ്, താഹിറ താജുദ്ദീന്‍, എ.ഡി.എ. ആനന്ദ്, കരാറുകാരന്‍ എം.എ. അബൂബക്കര്‍ എന്നിവര്‍ സംബന്ധിച്ചു.