രാഹുല്‍ഗാന്ധി കോണ്‍ഗ്രസ്സ് പ്രസിഡണ്ട് സ്ഥാനം രാജി വെച്ച് രണ്ട് മാസം തികയാനാവുന്നു. ഒരു താല്‍ക്കാലിക അധ്യക്ഷനായി ഒരു പകരക്കാരനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രസിഡണ്ട് ചെറുപ്പക്കാരന്‍ വേണമെന്നും ചെറുപ്പക്കാരന്‍ വേണ്ടെന്നുമുള്ളതാണത്രെ തര്‍ക്കം. കോണ്‍ഗ്രസ്സിന്റെ ഒരലങ്കാരമെന്ന നിലയിലുള്ള പ്രവര്‍ത്തക സമിതിയിലുള്ള 53 പേരില്‍ 95 ശതമാനവും ശഷ്ടിപൂര്‍ത്തി കഴിഞ്ഞവരാണ്. അധ്യക്ഷനടക്കം 25 പ്രവര്‍ത്തകസമിതിയംഗങ്ങള്‍. സ്ഥിരം ക്ഷണിതാക്കളായി 18പേര്‍. പ്രത്യേക ക്ഷണിതാക്കള്‍ പത്ത്. 60 വയസ്സിനു താഴെ 8 പേര്‍ മാത്രം. 60 തൊട്ട് 69 വരെയുള്ളവര്‍ 11 പേര്‍. 70 തൊട്ട് 79 വരെയുള്ളവര്‍ 13 പേര്‍. 80 വയസ്സിനു മുകളില്‍ പ്രായക്കാര്‍ 5 പേര്‍. ഇവരാരും ഒരു തിരഞ്ഞെടുപ്പിലൂടെ വന്നവരല്ല. നോമിനേഷനിലൂടെ വന്നവരാണ്. കോണ്‍ഗ്രസ്സിന്റെ ‘ഹണേബാറ’വും ഇത് തന്നെ. സംഘടനാ തിരഞ്ഞെടുപ്പിനോട് വലിയ അലര്‍ജിയാണ്. സുധീരന്‍ എന്ന കെ.പി.സി.സി അധ്യക്ഷന്‍ കേരളത്തില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ഒരുങ്ങിയതോടെ ബദ്ധശത്രുക്കളായ എ. ക്കാരും ഐ.ക്കാരും ഒറ്റക്കെട്ടായി ഒന്നിച്ചെതിര്‍ത്ത് തോല്‍പ്പിച്ചപ്പോള്‍ സുധീരന്‍ പണി മതിയാക്കിയത് നാം കണ്ടതാണ്. ഇത് തന്നെയാണ് ബാക്കി 28 സംസ്ഥാനങ്ങളുടെയും അവസ്ഥ. എനിക്ക് ശേഷം പ്രളയമെന്ന മട്ടില്‍ ചിലര്‍ കാലാകാലങ്ങളായി പാര്‍ട്ടിയെ കീശയില്‍ കൊണ്ട് നടക്കുന്നു. പുതുതായി ഒരുത്തനെയും പാര്‍ട്ടിയോട് അടുപ്പിക്കാതെ. ഈ പ്രവണതയാണ് കോണ്‍ഗ്രസ്സിന്റെ പൊന്നാപുരം കോട്ടയെന്ന് അറിയപ്പെട്ടിരുന്ന സംസ്ഥാനങ്ങളില്‍ പോലും ബൂത്തിലിരിക്കാന്‍ വരെ ആളില്ലാതാക്കിയത്! കോണ്‍ഗ്രസ്സിന്റെ ചട്ടി മണ്ണായ കാരണങ്ങളില്‍ ഒന്നിതാണെന്ന് രാഹുല്‍ ഗാന്ധിക്ക് പോലും അറിയാം. എന്നിട്ടും കോണ്‍ഗ്രസ്സിനെ ഉടച്ചു വാര്‍ക്കാന്‍ മെനക്കെടാത രാജി വെച്ചൊഴിഞ്ഞത് പന്തം കണ്ട പെരുച്ചാഴികളെ പോലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ അമ്പരന്ന് നില്‍ക്കുന്നു! ഈ അവസരമാണ് പശുരാഷ്ട്രീയക്കാര്‍ മുതലാക്കി വല വീശുന്നത്. റീട്ടെയില്‍ ആയിട്ടല്ല ഹോള്‍സെയിലായാണ് കോണ്‍ഗ്രസ്സ് എം.എല്‍.എ.മാരെ ചാക്കിലാക്കുന്നത്. ഇത് പുതുമയുള്ള കാര്യമൊന്നുമല്ല. 2016 ല്‍ 43 എം.എല്‍.എ.മാരെ ഒന്നാകെ ബി.ജെ.പി.ക്കാരാക്കി അരുണാചല്‍ പ്രദേശിലെ മന്ത്രിസഭ മറിച്ചിട്ടു. ഉത്തരാഖണ്ഡില്‍ നിന്നും 9 എം.എല്‍.എ.മാരെ പൊക്കിയ കേസ് സുപ്രീം കോടതി വരെയെത്തിയതാണ്. 2017 ല്‍ 8 കോണ്‍ഗ്രസ്സ് എം.എല്‍.എ.മാരെ കിട്ടിയപ്പോള്‍ മണിപ്പൂരില്‍ കോണ്‍ഗ്രസ്സിന് ഭൂരിപക്ഷം നഷ്ടമായി. ത്രിപുരയി ലെ 6 എം.എല്‍.എ.മാരെ ബി.ജെ.പി.യില്‍ ചേര്‍ത്ത് കോണ്‍ഗ്രസ്സിന്റെ അക്കൗണ്ട് ക്ലോസ് ആക്കി. 2019ല്‍ ഗുജറാത്തില്‍ നിന്നും ബി.ജെ.പി.ക്ക് കിട്ടിയത് 5 എം.എല്‍.എ.മാരെയാണ്. ഏറ്റവുമൊടുവിലിതാ ഗോവയില്‍ നിന്ന് 10 പേരെയും കര്‍ണാടകയില്‍ നിന്ന് 13 പേരെയും.
ഈ കളി മധ്യപ്രദേശിലേക്കും രാജസ്ഥാനിലേക്കും പഞ്ചാബിലേക്കും പടര്‍ന്ന് ഇന്ത്യയിലെ മിക്കസ്റ്റേറ്റുകളിലും തുടരാം. യെച്ചൂരി പറഞ്ഞത് പോലെ കേരളത്തില്‍ പോലും സംഭവിക്കാം. നെറ്റി ചുളിക്കണ്ട. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സ് മന്ത്രിസഭകളും കോണ്‍ഗ്രസ്സ് എം.എല്‍.എ.മാരും മാത്രമല്ല ഇല്ലാതാവുന്നത്. പ്രതിപക്ഷം തന്നെ ഇല്ലാതാവുന്ന നല്ല നാളുകളാണ് വരാനിരി ക്കുന്നത്. ജനാധിപത്യത്തെ ആഴത്തില്‍ ഖബറടക്കും! ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് മാത്രമല്ല ലക്ഷ്യം ഒരു പാര്‍ട്ടി ഒരു നേതാവ് എന്ന നിയ്യത്തു കൂടിയുണ്ട് എന്നോര്‍മ്മപ്പെടുത്തുന്നതാണ് മിനിഞ്ഞാന്ന് സുബ്രഹ്മണ്യ സ്വാമിയുടെ ഒരു ട്വീറ്റായി വന്നത്. സ്വാമിയെ അറിയില്ലേ? രാജ്യസഭയിലെ ബി.ജെ.പി അംഗമാണ്. സാമ്പത്തിക വിദഗ്ധനായ ബുദ്ധിജീവി. മൂപ്പരുടെ ട്വീറ്റിന്റെ ചുരുക്കം ഇതാണ്:
ബി.ജെ.പി ഇങ്ങിനെ വളരരുത്. വളര്‍ത്തരുത്. ഒരേയൊരു പാര്‍ട്ടിയായി ബി.ജെ.പി മാത്രം അവശേഷിക്കുകയാണെങ്കില്‍ ഇന്ത്യയുടെ ജനാധിപത്യം നശിച്ചുപോകും. പ്രതിപക്ഷം ദുര്‍ബലമാവരുത്… ഇല്ലാതാവരുത്. രാഹുല്‍ഗാന്ധി പോവുന്നെങ്കില്‍ പോവട്ടെ. ആ മമതാ ബാനര്‍ജിയെ അനുനയിപ്പിച്ചു കോണ്‍ഗ്രസ്സിലെടുത്ത് പ്രസിഡണ്ടാക്കണം. എന്ത്‌കൊണ്ട് പഴയ കൊങ്ങികള്‍ക്കെല്ലാം യോജിച്ചു കൂടാ? ശരത് പവാറും മമത ബാനര്‍ജിയുമൊക്കെ കോണ്‍ഗ്രസിലേക്ക് വരട്ടെ!
സുബ്രമണ്യ സ്വാമി ബി.ജെ.പി.ക്കാരനായത് കൊണ്ട് എതിര്‍ക്കപ്പെടേണ്ടതല്ല ആ ഉപദേശം. ഞാന്‍ അത്ഭുതപ്പെട്ടു പോവുന്നത് എന്ത് കൊണ്ടിത്തരം ആശയം ഒരു കോണ്‍ ഗ്രസ്സ് നേതാവിന്റെ മനസ്സിലുയരുന്നില്ല എന്നതാണ്. കാരണം സ്വാമിയുടെ ആ ട്വീറ്റി ന്റെ ഉള്ളടക്കത്തിനൊരു ലോജിക് ഉണ്ട്. വര്‍ത്തമാന കാലത്ത് കോണ്‍ഗ്രസിനു മു ന്നില്‍ ശേഷിക്കുന്ന വഴികളില്‍ ഒന്നാണിത് പലപ്പോഴായി കോണ്‍ഗ്രസ്സ് പിളര്‍ന്ന് രണ്ട് ഡസന്‍ പാര്‍ട്ടികളെങ്കിലും ഇന്ത്യയിലുണ്ട്. വിട്ടു പോയ പഴയ കോണ്‍ഗ്രസുകാരെയെ ല്ലാം ഒരു ‘ഘര്‍വാപസി’ നടത്തി പാര്‍ട്ടിയിലെത്തിക്കണം. മമതബാനര്‍ജിയെ മാത്രം തിരിച്ചു കൊണ്ട് വരാനായാല്‍ നെയ്യപ്പം തിന്നത് പോലെ രണ്ടല്ല മൂന്നുണ്ടാവും ഗുണങ്ങള്‍?
ഒന്ന്: ലോകസഭയിലും രാജ്യസഭയിലും കോണ്‍ഗ്രസ്സിന്റെ അംഗസംഖ്യ ഉയരും. രണ്ട്: കോണ്‍ഗ്രസ്സിന് ബംഗാളില്‍ കൂടി ഭരണംകിട്ടും. മൂന്ന്: ബംഗാളില്‍ ബി.ജെ.പി.യുടെ കടന്നുകയറ്റത്തെ തടയാനാവും. കൂട്ടത്തില്‍ ശരത് പവാറിനെ അനുനയിപ്പിക്കാനായാല്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്സിന്റെ തിരിച്ചു വരവിനു ഗുണം ചെയ്യും. ഏതിനായാലും ഞങ്ങള്‍ തറവാട്ടുകാരാണ്. എന്റെ ഉപ്പാപ്പാക്ക് ഒരാനയുണ്ടായിരുന്നു എന്ന ഈഗോ മാറ്റി വെച്ച് പ്രായോഗിക രാഷ്ട്രീയത്തോട് പൊരുത്തപ്പെടാതെ ഒന്നും നടക്കില്ല.
വേറൊരു ഓപ്ഷന്‍ കൂടിയുണ്ട്? അതൊരിക്കലും കോണ്‍ഗ്രസ്സുകാര്‍ക്ക് ദഹിക്കില്ല. തിരഞ്ഞെടുപ്പ് വിദഗ്ധന്‍ യോഗേന്ദ്ര യാദവ് പറഞ്ഞത് പോലെ ഒരു ദയാവധമായി തോന്നിയേക്കാം. യുദ്ധം ജയിക്കാനായി നെപ്പോളിയന്‍ സ്വന്തം കപ്പലുകള്‍ക്ക് തീയിട്ടത് പോലെ ഇന്നത്തെ ബി.ജെ.പി.യുടെ ലാര്‍വയായ ഭാരതീയ ജനസംഘം പരീക്ഷി ച്ചതാണിത്. 1952ലെ ഒന്നാം ലോകസഭയില്‍ ഭാരതീയ ജനസംഘത്തിന്റെ അംഗ സംഖ്യ മൂന്നായിരുന്നു. അന്ന് തൊട്ട് കാല്‍ നൂറ്റാണ്ട് പയറ്റിയിട്ടും ഭാരതീയ ജനസംഘം എന്ന പാര്‍ട്ടിക്ക് 10 ശതമാനം സീറ്റുള്ള പ്രതിപക്ഷം പോലും ആവാനായില്ല. അതാണ് കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും തോല്‍പ്പിക്കാനായി ഒറ്റ പാര്‍ട്ടി എന്ന ലക്ഷ്യത്തില്‍ 1977 ല്‍ ജനസംഘം പിരിച്ചു വിട്ട് ജനതാ പാര്‍ട്ടിയില്‍ ലയിച്ചത്. ഇന്ദിരാ ഗാന്ധിയും കോണ്‍ഗ്രസ്സും തോറ്റു കഴിഞ്ഞപ്പോള്‍ 1979ല്‍ ജനതാ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് വന്ന് ജനസംഘക്കാരുണ്ടാക്കിയ പാര്‍ട്ടിയാണ് ബി.ജെ.പി. ആ ബി.ജെ.പി യേയും മോദിയെയും തോല്‍പ്പിക്കാന്‍ 32 വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ ജനസംഘ ക്കാര്‍ ചെയ്തതാണ് ഇന്ന് കോണ്‍ഗ്രസ്സുകാര്‍ ചെയ്യേണ്ടത്! ‘ഡു ഓര്‍ ഡൈ’എന്നാണ് ചൊല്ല്. പ്രവര്‍ത്തിക്കണോ മരിക്കണോ എന്ന് തീരുമാനിക്കാം!