ബദിയടുക്ക: പാതയോരത്ത് വിള്ളലും അത് മൂലമുണ്ടായ മണ്ണിടിച്ചിലും കാരണം ബദിയടുക്ക-കുമ്പള റോഡില്‍ അപകട ഭീഷണി. മൂക്കംപാറ നൈഫ് റോഡിന് സമീപത്തെ വളവിലാണ് വിള്ളല്‍ രൂപപ്പെട്ടിട്ടുള്ളത്. ഈ സ്ഥലത്തിന് താഴ്ഭാഗം അമ്പത് അടി താഴ്ചയുള്ള കുഴിയാണ്. റോഡിന് വിള്ളല്‍ അനുഭവപ്പെട്ട സ്ഥലത്തിലൂടെ വാഹനങ്ങള്‍ കടക്കാതിരിക്കാന്‍ നാട്ടുകാരില്‍ ചിലര്‍ ചെങ്കല്ല് വെച്ച് തടസ്സമുണ്ടാക്കിയതല്ലാതെ പൊതുമരാമത്ത് അധികൃതര്‍ അപകട സാധ്യത ചൂണ്ടിക്കാട്ടുന്ന സൂചന ബോര്‍ഡ് സ്ഥാപിച്ചിട്ടില്ല. മൂന്ന് വര്‍ഷം മുമ്പാണ് കുമ്പള-ബദിയടുക്ക-മുള്ളേരിയ റോഡ് മെക്കാഡം ടാറിംഗ് നടത്തിയത്. ടാറിംഗ് നടത്തി ഒരു മാസത്തിനുള്ളില്‍ തന്നെ ഇവിടെ വിള്ളല്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വിവരം പൊതുമരാമത്ത് വകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും അവഗണിക്കുകയായിരുന്നുവത്രെ. ഇപ്പോള്‍ വിള്ളല്‍ വീണ സ്ഥലത്ത് മണ്ണിടിച്ചില്‍ അനുഭവപ്പെട്ടിരിക്കുന്നു. രാത്രി കാലങ്ങളില്‍ ഇത് വഴി സഞ്ചരിക്കുമ്പോള്‍ കണ്ണൊന്ന് തെറ്റിയാല്‍ അപകടം സംഭവിച്ചേക്കാം. പാര്‍ശ്വഭിത്തി സ്ഥാപിച്ച് അപകട ഭീതി ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്.