കാസര്‍കോട്: ഇന്നലെയുണ്ടായ കനത്ത മഴയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം. നെല്ലിക്കുന്ന് ബങ്കരക്കുന്ന് കുദൂരില്‍ നിരവധി വീടുകളിലേക്ക് വെള്ളം കയറി. കല്‍മാടി തോട് നിറഞ്ഞൊഴുകിയതോടെയാണ് സമീപത്തെ വീടുകളിലേക്ക് വെള്ളം കയറിയത്. ഇവിടത്തെ എട്ട് കുടുംബങ്ങള്‍ താമസം മാറി. ബോവിക്കാനം മുണ്ടക്കയത്തെ എം.കെ. സുകുമാരന്റെ വീടിന് മുകളിലേക്ക് കുന്നിടിഞ്ഞ് വീണ് നാശനഷ്ടമുണ്ടായി. മൂന്ന് വര്‍ഷം മുമ്പ് പണിത വീടിന് വിള്ളല്‍ വീണു. മുണ്ടക്കയം അങ്കണ്‍വാടിക്ക് മുകളില്‍ മരം കടപുഴകി വീണു. രാത്രിയായതിനാല്‍ വലിയ ദുരന്തം ഒഴിവായി.
മൊഗ്രാല്‍ നാങ്കി, ഒളച്ചാല്‍, മീലാദ് നഗര്‍ പ്രദേശങ്ങളിലെ 25 ഓളം വീടുകളില്‍ വെള്ളം കയറി. കൊപ്പളം, നാങ്കി തീരദേശ റോഡ് വെള്ളത്തില്‍ മുങ്ങിയതിനാല്‍ ഇതുവഴിയുള്ള ഗതാഗത സംവിധാനവും നിലച്ചു. മൊഗ്രാല്‍ പുത്തൂര്‍ കടവത്ത്-മൊഗര്‍-കോട്ടക്കുന്ന് റോഡിലും വെള്ളം കയറി. കോട്ടക്കുന്ന് മഠത്തില്‍ മണ്ണിടിഞ്ഞ് വീണ് വീടിന് കേടുപാട് സംഭവിച്ചു. കനത്ത മഴയെ തുടര്‍ന്ന് കുമ്പള റെയില്‍വെ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ വെള്ളം കയറി. ഇത് യാത്രക്കാര്‍ക്ക് ദുരിതമായി. നായ്ക്കാപ്പ് മില്‍മ ആര്‍.ഡി. സെന്ററിന് സമീപവും വെള്ളം കയറി. കുമ്പള ഗട്ടി സമാജ ഹാളിന് സമീപത്തെ രാധാകൃഷ്ണന്റെ വീടിന്റെ ചുറ്റുമതില്‍ തെങ്ങുവീണ് തകര്‍ന്നു.
കാപ്പില്‍ ബീച്ച് കടപ്പുറത്തെ ഒരു കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചു. ഇവിടെ നിരവധി തെങ്ങുകള്‍ കടപുഴകി. കാഞ്ഞങ്ങാട് വെള്ളിക്കോത്ത് വീണച്ചേരി തോട് കരകവിഞ്ഞൊഴുകി. ഇവിടെ ഏക്കര്‍ കണക്കിന് കൃഷി സ്ഥലം വെള്ളത്തിനടിയിലായി. മാവുങ്കാല്‍-കാട്ടുകുളങ്കര മണ്ണട്ടയില്‍ റോഡില്‍ വലിയ കുഴി രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗതം മുടങ്ങി.
കളനാട്ടെ നൂമ്പില്‍ പുഴയോരത്ത് താമസിക്കുന്ന അഞ്ച് കുടുംബങ്ങളെ റവന്യൂ അധികൃതരെത്തി മാറ്റിപ്പാര്‍പ്പിച്ചു. പുഴ നിറഞ്ഞു കവിഞ്ഞതിനെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണിത്. പുല്ലൂര്‍ ഭാഗത്തെ നിരവധി വീടുകളിലും വെള്ളം കയറി.
നീലേശ്വരം റെയില്‍വെ സ്റ്റേഷന്‍ പരിസരം വെള്ളത്തിലായി. ഇവിടെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ക്ക് വെള്ളം കയറിയത് വിനയായി.