കാസര്‍കോട്: പൈവളിഗെ സ്വദേശിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബണ്ട്വാള്‍ കന്യാനയിലെ മുന്‍ കായികാധ്യാപകന്‍ മോഹന്‍കുമാര്‍ എന്ന സയനൈഡ് മോഹനെ(56) മംഗളൂരു കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പൈവളിഗെയിലെ ഇരുപത്താറുകാരിയെ മടിക്കേരിയിലെ ലോഡ്ജില്‍ കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ ശേഷം ആഭരണങ്ങള്‍ കവര്‍ന്ന് സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. നിര്‍ധന കുടുംബത്തിലെ അംഗമായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി വരുതിയിലാക്കിയ മോഹന്‍കുമാര്‍ മടിക്കേരിയില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്നുപറഞ്ഞ് 2006 മാര്‍ച്ച് 20ന് മംഗളൂരുവിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പൈവളിഗെ സ്വദേശിനിയുള്‍പ്പെടെ 20 യുവതികളെ മോഹന്‍കുമാര്‍ മാനഭംഗപ്പെടുത്തിയ ശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നതായി പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. 17 യുവതികളെ കൊലപ്പെടുത്തിയ കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചിട്ടുണ്ട്. വധശിക്ഷയും ഇതിലുള്‍പ്പെടും.