കാഞ്ഞങ്ങാട്: പ്രതിസന്ധി തറികളുടെ താളം തെറ്റിച്ചപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ട പരമ്പരാഗത നെയ്ത്തു തൊഴിലാളി രാമസ്വാമിക്ക് ജീവിതത്തിന്റെ ഊടും പാവും നെയ്യാന്‍ പൂക്കള്‍ കൂട്ട്. നന്നേചെറുപ്പത്തില്‍ വര്‍ണ്ണ നൂലുകള്‍ ചേര്‍ത്ത് ഉടയാടകള്‍ നെയ്ത പാലക്കാട് സ്വദേശി ഇന്ന് നൂലുകളില്‍ കോര്‍ക്കുന്നത് വര്‍ണ്ണ പുഷ്പങ്ങള്‍. കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്ത് പൂ വില്‍പ്പന നടത്തുന്ന ആലത്തൂര്‍ കുഴല്‍മന്ദം പുത്തന്‍ചിറയിലെ രാമസ്വാമി ഇവിടെയെത്തിയിട്ട് കാല്‍ നൂറ്റാണ്ട് പിന്നിടുകയാണ്. പരമ്പരാഗത നെയ്ത്തു കുടുംബാംഗമായ ഈ 48 കാരന്‍ അറിയപ്പെടുന്ന നെയ്ത്ത് തൊഴിലാളിയായ അച്ഛന്‍ പളനിയപ്പന്റെ പാത പിന്തുടര്‍ന്നാണ് നെയ്ത്തു തൊഴിലിലിറങ്ങിയത്. മന്നത്തുമുറി കൈത്തറി സംഘത്തിന് വേണ്ടിയാണ് വീട്ടിലിരുന്ന് വസ്ത്രങ്ങള്‍ നെയ്തത്. രാമസ്വാമി ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ നെയ്ത തുണിത്തരങ്ങളാണ് പാലക്കാട്ടെ പ്രശസ്തമായ കുത്താമ്പുള്ളി കസവുമുണ്ടുകളായി വിപണിയിലെത്തിയിരുന്നത്. പ്രാഥമികസംഘത്തിലെ കടുത്ത പ്രതിസന്ധി തൊഴില്‍ നഷ്ടപ്പെടാനിടയാക്കിയതോടെ രാമസ്വാമി കളം മാറുകയായിരുന്നു. ഇതിനു നിമിത്തമായത് അടുത്ത ബന്ധുവും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നീലേശ്വരത്ത് പൂ വില്‍പ്പനയ്‌ക്കെത്തിയ കൃഷ്ണന്‍ ആയിരുന്നു. കൃഷ്ണനാെപ്പം ഇരുപത്തിമൂന്നാം വയസ്സിലാണ് രാമസ്വാമി നീലേശ്വരത്തെത്തുന്നത്. പൂ വില്‍പ്പനയില്‍ കൃഷ്ണനെ സഹായിച്ച് തൊഴില്‍ പഠിച്ച രാമസ്വാമിയോട് കാഞ്ഞങ്ങാട് കച്ചവടം തുടങ്ങാന്‍ പറഞ്ഞതും കൃഷ്ണനായിരുന്നു. ഇതോടെ രാമസ്വാമി കാഞ്ഞങ്ങാട്ടെ അറിയപ്പെടുന്ന പൂ വില്‍പനക്കാരനായി മാറി. മലയാളിയാണെങ്കിലും തമിഴ്‌നാടിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമായതിനാല്‍ വീട്ടില്‍ ഉപയോഗിക്കുന്ന ഭാഷ തമിഴാണ്.
ഉത്സവങ്ങള്‍ക്ക് പൂക്കള്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമായതിനാല്‍ രാമസ്വാമി ഓണവും വിഷുവും പെരുന്നാളും ക്രിസ്തുമസ്സും എല്ലാം ആഘോഷിക്കുന്നത് കാഞ്ഞങ്ങാട്ടുനിന്ന് തന്നെയാണ്. തറവാട് ഉത്സവത്തിന് മാത്രം നാട്ടിലേക്ക് പോകുന്ന രാമസ്വാമി ഇതൊഴിച്ചാല്‍ കാഞ്ഞങ്ങാടുകാരന്‍ തന്നെയായി മാറി. ഭാര്യ ചന്ദ്രിക നാട്ടില്‍ കൂലിപ്പണിയെടുക്കുന്നു. മക്കളില്‍ സുചിത്ര വടക്കഞ്ചേരി കോളേജില്‍ ബിരുദത്തിനും സുനിത. സാന്ദ്ര എന്നിവര്‍ ഒമ്പതിലും അഞ്ചിലും പഠിക്കുന്നു.