ബദിയടുക്ക: പൊട്ടിപ്പൊളിഞ്ഞ് പാതാളക്കുഴി രൂപപ്പെട്ട് ചെളിക്കുളമായ റോഡിലൂടെ യാത്രാ ദുരിതവുമായി മലയോര വാസികള്‍. ബദിയടുക്ക-ഏത്തടുക്ക-കിന്നിംഗാര്‍ റോഡാണ് പൂര്‍ണ്ണമായും തകര്‍ന്നത്. വേനല്‍ കാലത്ത് തന്നെ റോഡിന്റെ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും വ്യത്യസ്തമായ സമര പരിപാടികള്‍ക്ക് രൂപം നല്‍കുകയും ഒടുവില്‍ ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് ഓഫീസിന് മുന്നില്‍ ഉപരോധ സമരവും നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് റോഡ് പൂര്‍ണ്ണമായും തകര്‍ന്ന ഏത്തടുക്കയില്‍ കുഴി അടച്ച് ടാറിംഗ് നടത്തുവാന്‍ മുപ്പത് ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ച് പ്രവൃത്തിയുടെ തുടക്കത്തില്‍ തന്നെ കൃത്രിമമുണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു. പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്‍ കുഴി അടച്ച് ടാറിംഗ് നടത്തിയെങ്കിലും മാസങ്ങള്‍ പിന്നിടും മുമ്പേ റോഡ് വീണ്ടും പൊട്ടിപ്പൊളിഞ്ഞ് വാഹന യാത്ര ദുസഹമാവുകയും ചെയ്തു. കേരളത്തെ കര്‍ണാടകയുമായി ബന്ധിപ്പിക്കുന്നതും അതിലുപരി ബദിയടുക്ക, കുംബഡാജെ, ബെള്ളൂര്‍, എണ്‍മകജെ എന്നീ പഞ്ചായത്തുകളെ പരസ്പരം ബന്ധിപ്പിക്കുന്നതും കാസര്‍കോട് നിന്നും ബദിയടുക്ക-ഏത്തടുക്ക-കിന്നിംഗാര്‍ വഴിയും ഏത്തടുക്ക-സ്വര്‍ഗ്ഗ പാണാജെയിലൂടെയും എളുപ്പത്തില്‍ എത്താവുന്ന റോഡ് എന്നത് കൊണ്ടു തന്നെ നിരവധി വാഹനങ്ങളാണ് ഇത് വഴി കടന്ന് പോകുന്നത്. വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ റോഡിലെ കുഴിയില്‍ വീണ് കാല്‍നട യാത്രക്കാര്‍ക്ക് ചെളിയഭിഷേകമുണ്ടാകുന്നത് പതിവാണ്. തകര്‍ന്ന് തരിപ്പണമായ റോഡ് ടാറിംഗ് നടത്താന്‍ സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നടപ്പാക്കുമെന്ന് അധികൃതര്‍ പറയുമ്പോഴും തകര്‍ന്ന് തരിപ്പണമായ റോഡിലൂടെ യാത്ര ദുരിതവുമായാണ് വാഹന യാത്രക്കാരും കാല്‍ നടയാത്രക്കാരും കടന്ന് പോകുന്നത്.