കഴിഞ്ഞ ദിവസം അന്തരിച്ച കാസര്‍കോട് മുന്‍ എം.എല്‍.എ. ബി.എം.അബ്ദുല്‍ റഹ്മാന്‍ സാഹിബിന്റെ മകന്‍ ബി.എ.മാഹിന്‍ച്ച പ്രവാസികളെ പോലെ കാസര്‍കോട്ടെ പലര്‍ക്കും പ്രിയപ്പെട്ടവരായിരുന്നു.
നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ യു.പി.സ്‌കുളില്‍ നിന്ന് പ്രാഥമിക വിദ്യാഭാസം. ജി.എച്ച്.എസ്എസില്‍ പഠിക്കുന്ന കാലത്ത് ഹൈസ്‌ക്കൂള്‍ ഡെപ്യൂട്ടി ലീഡറും യുണിറ്റ് എം.എസ്.എഫ് പ്രസിഡണ്ടുമായിരുന്നു. തുടര്‍ന്നുള്ള പഠനം തളിപ്പറമ്പ സര്‍സയ്യിദ് കോളേജില്‍. പഠന ശേഷം ദുബായിലേക്ക് പോയ മാഹിന്‍ച്ചയ്ക്ക് അന്നത്തെ കെ.എം.സി.സി പ്രസിഡണ്ടായിരുന്ന എ.പി.മഹ്മൂദ് തളങ്കരയായിരുന്നു ബാങ്കില്‍ ജോലി തരപ്പെടുത്തി കൊടുത്തത്. പിന്നീട് മാഹിന്‍ച്ച കെ.എം.സി.സിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. മഹ്മൂദ്ച്ചയൊടൊപ്പം ആതുര സേവനരംഗത്തും നിറഞ്ഞ് നിന്നു. ജോലി തേടി ഗള്‍ഫില്‍ എത്തുന്ന നാട്ടുകാര്‍ക്കും സഹായ സഹകരണങ്ങള്‍ നല്‍കി. ജോലി ഇല്ലാത്തവര്‍ക്ക് ജോലി വാങ്ങി കൊടുക്കാനും മുന്‍പന്തിയിലായിരുന്നു. പിതാവ് എം.എല്‍.എ.യായിട്ടും തെല്ലും അഹങ്കരിച്ചില്ല.
നാട്ടിലെത്തിയാല്‍ സാമൂഹിക-സാംസ്‌കാരിക രംഗത്ത് മാഹിന്‍ച്ച പ്രവര്‍ത്തിച്ചു. തനിക്ക് കിട്ടുന്ന ശമ്പളത്തില്‍ നിന്ന് പാവപ്പെട്ടവര്‍ക്ക് ഒരു വിഹിതം നല്‍കാന്‍ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു. ആദ്യകാല മുസ്ലീം ലീഗ് നേതാക്കളുമായി വളരെ അടുപ്പം പുലര്‍ത്തി. സഹോദരങ്ങളായ ബി.എ.മഹ്മൂദ്, ബി.എ.അഷ്‌റഫ് എന്നിവരേക്കാളും നേതാക്കളുമായി അടുത്തിടപഴകി, സയ്യിദ് ഉമ്മര്‍ ബാഫഖി തങ്ങള്‍, പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങള്‍, ചാക്കിരി അഹമദ് കുട്ടി, സി.എച്ച് മുഹമ്മദ് കോയ, സി.കെ.പി.ചെറിയ മമ്മുക്കേയി, ഇ.അഹമദ്, ഹമീദലി ഷംനാട്, ചെര്‍ക്കളം അബ്ദുല്ല, സി.ടി.അഹമ്മദലി, സി.എച്ച് അഹമ്മദ് ഹാജി, എം.എസ്.മുഹമ്മദ് കുഞ്ഞി, കല്ലട്ര അബ്ബാസ് ഹാജി തുടങ്ങി നിരവധി നേതാക്കള്‍ വാപ്പയെ തേടി വീട്ടിലെത്തിയ സമയത്തൊക്കെ അവരെ ആദരപൂര്‍വ്വം സ്വീകരിച്ചിരുത്തിയിരുന്നു.
നേതാക്കള്‍ മാഹിന്‍ച്ചയോട് തമാശ രൂപേണ എം.എല്‍.എയുടെ മോന് എന്ത് പറയാനുണ്ടെന്ന് ചോദിക്കുമ്പോള്‍ മറുപടി ചിരിയായിരുന്നു. വാപ്പയെ തേടി വീട്ടിലെത്തിയിരുന്ന കോണ്‍ഗ്രസ് നേതാക്കളായ കോടോത്ത് നാരായണന്‍ നായര്‍, കോടോത്ത് ഗോവിന്ദന്‍ നായര്‍ സി.പി.എം നേതാവും മുന്‍ എം.പിയുമായിരുന്ന രാമണ്ണ റൈ എന്നിവരുമായും അടുത്തു. മാഹിന്‍ച്ചയായിരുന്നു കലങ്ങി മറിഞ്ഞ രാഷ്ടീയ സാഹചര്യങ്ങളില്‍ സഹായിയായി ബി.എം സാഹിബിന് ഒപ്പം നിന്നത്. ഉമ്മയുടെ മരണം മാഹിന്‍ച്ചയെ ഏറേ തളര്‍ത്തി.
ദുബായിലെ ബിസിനസിലെ വിള്ളലുകളെ തുടര്‍ന്ന് പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. വലിയൊരു ധര്‍മ്മിഷ്ടനായിരുന്നു. ഉള്ളറിഞ്ഞ് കാസര്‍കോട്ടെ വേദനിക്കുന്നവരേയും വിഷമിക്കുന്നവരേയും ഏറേ സഹായിച്ച അപൂര്‍വ്വ വ്യക്തികളൊരാളായിരുന്നു.
മാഹിന്‍ച്ചയുടെ വിടവ് താങ്ങാനാവാത്തതാണ് ബി.എമ്മിന്റെ കുടുംബത്തിനും പ്രവാസികള്‍ക്കും അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കും ഉണ്ടായത്.
പരേതന്റെ മഗ്ഫിറത്തിനായി പ്രാര്‍ത്ഥനയോടെ….