ഓരോ ദിവസവും ഇപ്പോള്‍ പേന ചുരത്തുന്നത് കണ്ണീരക്ഷരങ്ങളാണ്. കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് മരണത്തിന്റെ കൈപിടിച്ച് മറഞ്ഞുപോയവരുടെ കൂട്ടത്തില്‍ ഏറ്റവും ഒടുവിലായി അബ്ബാസ് മുതലപ്പാറയും കണ്ണിചേര്‍ന്നു. രണ്ടാഴ്ച മുമ്പ് നഗരത്തിലെ ലോഡ്ജില്‍ തളര്‍ന്ന് വീണ അബ്ബാസ് മരണത്തിന്റെ കാലൊച്ച കാത്ത് നില്‍ക്കുകയാണെന്ന് ആസ്പത്രിയില്‍ ചെന്ന് കണ്ടപ്പോള്‍ തോന്നിയിരുന്നു. കെയര്‍വെല്‍ ആസ്പത്രിയിലെ അത്യാസന്ന വിഭാഗത്തില്‍ കണ്ണടച്ചു കിടക്കുകയായിരുന്ന അബ്ബാസിന്റെ വലതു കൈയ്യില്‍ തൊട്ടപ്പോള്‍ പതുക്കെ കണ്ണു തുറന്നു. കൈ അല്‍പ്പം പൊക്കി. ചുണ്ട് വരണ്ടിരുന്നു. സുഖമല്ലേ എന്ന ചോദ്യത്തിന് കണ്മണി ചലിപ്പിച്ച് എന്തോ പറയാന്‍ ശ്രമിച്ചു. പക്ഷെ നാവുയര്‍ന്നില്ല. കണ്ണടച്ചു കിടന്നു.
ദീര്‍ഘ കാലം ഗള്‍ഫിലായിരുന്ന മുതലപ്പാറക്കാരന്‍ അബ്ബാസ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടു കാലമായി പത്രാധിപരും രാഷ്ട്രീയ പാര്‍ട്ടി നേതാവും സാമൂഹ്യ പ്രവര്‍ത്തകനും തിരഞ്ഞെടുപ്പുകളില്‍ സ്ഥിരമായി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുമൊക്കെയായി കാസര്‍കോട് നഗരത്തില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. നഗരഹൃദയത്തില്‍ ബി.എച്ച്. അബൂബക്കര്‍ സിദ്ധിഖിന്റെ പത്ര വില്‍പ്പന ശാല താവളമാക്കി അബ്ബാസ് എന്നുമുണ്ടായിരുന്നു. അവിടെ പത്രം നിരത്തുന്ന മേശയുടെ മേല്‍ കാല്‍ മടക്കിവെച്ച് അബ്ബാസ് ഇരിക്കും. തലയിലൊരു തൊപ്പിയുമുണ്ടാകും. രസികനായ അബ്ബാസിന്റെ ചുറ്റുമിരുന്ന് ഓരോ കഥകള്‍ കേട്ട് ചിരിക്കാന്‍ കുറേ പേര്‍… തമാശ രൂപേണ തന്റെ താവളത്തിന് അബ്ബാസിട്ട ഒരു പേരുണ്ട്; ഫിത്‌നാഗല്ലി.
കാസര്‍കോട്ടെ പ്രാദേശിക പത്രങ്ങളില്‍ വാര്‍ത്തകള്‍ എഴുതി പത്ര പ്രവര്‍ത്തന രംഗത്തേക്ക് ചുവട് വെച്ച അബ്ബാസ് വിട പറഞ്ഞത് വെറുമൊരു സാധാരണക്കാരനായിട്ടല്ല; പത്രാധിപരായിട്ടാണ്. ഒരു പത്രാധിപരാണ് വിടപറഞ്ഞിരിക്കുന്നത് എന്നത് ചെറിയ കാര്യമല്ല. വല്ലപ്പോഴും ഇറങ്ങുന്ന ഒരു പത്രമായിട്ട് പോലും ‘ഗസല്‍’ വായനക്കാര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുഖ്യധാരാ പത്രങ്ങള്‍ക്ക് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ വാര്‍ത്തകള്‍ നല്‍കാന്‍ കഴിയുമായിരുന്നുള്ളൂ എന്ന ‘പരിമിതി’ അബ്ബാസിന് സൗകര്യമായി. മറ്റു പത്രങ്ങളില്‍ വരാത്ത വാര്‍ത്തകള്‍ അബ്ബാസിന്റെ ഗസലില്‍ അച്ചടി പുരണ്ടു. ഗസലിന് വായനക്കാര്‍ക്കിടയില്‍ എത്താന്‍ കൃത്യമായ ദിവസങ്ങളൊന്നും വേണമെന്നില്ലായിരുന്നു. അബ്ബാസിന് എപ്പോള്‍ തോന്നുന്നുവോ അപ്പോള്‍ ഇറക്കും. മിക്കപ്പോഴും വിശേഷ ദിനങ്ങളിലായിരിക്കും അത്.
പത്രാധിപര്‍ എന്ന നിലയില്‍ അബ്ബാസ് കാസര്‍കോട്ട് മാത്രം ഒതുങ്ങിയെങ്കിലും ആറ് തവണ ലോക്‌സഭയിലേക്കും അഞ്ചുതവണ നിയമസഭയിലേക്കും മത്സരിച്ച് സംസ്ഥാന തല ശ്രദ്ധ നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ അബ്ബാസിന്റെ തിരഞ്ഞെടുപ്പ് മത്സരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. പുഞ്ചിരി എന്ന സംഘടനയുടെ തലപ്പത്ത് പ്രവര്‍ത്തിച്ച ഒരാളെന്ന നിലയില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരങ്ങളുടെ പ്രാരംഭത്തില്‍ തന്നെ അബ്ബാസ് ഉണ്ടായിരുന്നു. നിരവധി പ്രക്ഷോഭങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം കൊടുത്തിട്ടുമുണ്ട്. വിവിധ രാഷ്ട്രീയ കക്ഷികളില്‍ സംസ്ഥാന തലം വരെയുള്ള ഭാരവാഹിത്വം വഹിച്ചിട്ടുണ്ടെങ്കിലും അബ്ബാസ് അറിയപ്പെട്ടത് പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലും വിവിധ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥിയായ ഒരാളെന്ന നിലയിലുമാണ്.
അബ്ബാസിനെ അറിയാത്തവര്‍ ചുരുക്കമാണ്. എല്ലാവരുമായും എളുപ്പം ചങ്ങാത്തം കൂടാനുള്ള ഒരു കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു. കാസര്‍കോട്ടെ മാധ്യമരംഗത്ത് ശ്രദ്ധേയരായ ഒരുപാട് പേര്‍ ഉണ്ടായിരുന്നുവെങ്കിലും പത്രപ്രവര്‍ത്തകന്‍ എന്ന് പറയുമ്പോള്‍ അബ്ബാസ് മുതലപ്പാറയെയാണ് പലരും ഓര്‍ത്തിരുന്നത്. മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ തന്റെ ഇടം ചെറുതായിരുന്നുവെങ്കിലും സാധാരണക്കാര്‍ക്കിടയില്‍ വലിയ പത്രപ്രവര്‍ത്തകനാണെന്ന് തോന്നിപ്പിക്കാന്‍ അബ്ബാസിന് കഴിഞ്ഞിരുന്നു. കാസര്‍കോട് നഗരത്തില്‍ സ്ഥിരതാമസമാക്കി നഗരത്തിന്റെ ഓരോ സ്പന്ദനവും കൃത്യമായി അബ്ബാസ് അറിഞ്ഞിരുന്നു. നഗരത്തിന്റെ ഓരോ ചലനവും ഒപ്പിയെടുക്കാനും ഇത് പത്രം വഴിയും അല്ലാതെയും മാലോകരോട് വിളിച്ച് പറയാനും കഴിഞ്ഞിരുന്നുവെന്നതാണ് വിവരങ്ങളറിയാന്‍ അബ്ബാസിനെ പലരും ആശ്രയിക്കാനുണ്ടായ പ്രധാന കാരണം. വലിയൊരു സുഹൃദ്ബന്ധം കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞ അബ്ബാസിന്റെ പെട്ടെന്നുള്ള വേര്‍പാട് എല്ലാവരെയും ഒരുപോലെ നൊമ്പരപ്പെടുത്തിയിട്ടുണ്ട്. സുല്‍സണ് മുന്നിലൂടെ തമാശ പറഞ്ഞ്, പൊട്ടിച്ചിരിച്ച് നടന്നു നീങ്ങുന്ന അബ്ബാസിനെ ഇനി കാണില്ല. ബോവിക്കാനം പള്ളിയിലെ ആറടി മണ്ണില്‍ അദ്ദേഹം കിടന്നുറങ്ങുകയാണ്.
പലവിധ രോഗങ്ങള്‍ കൊണ്ട് വലഞ്ഞപ്പോഴും അബ്ബാസ് കാസര്‍കോടിന്റെ കര്‍മ്മ ഭൂമിയില്‍ സജീവമായിരുന്നു. തനിക്കിനിയും ഒരുപാട് ചെയ്യാനുണ്ടെന്ന് കരുതി വയ്യായ്കയ്ക്കിടയിലും ഓടി നടക്കുകയായിരുന്നു അദ്ദേഹം. രാപ്പകലില്ലാതെ അബ്ബാസ് ഏതു സമയത്തും നഗരത്തിലുണ്ടായിരുന്നു. നഗരം വിജനമായി എല്ലാവരും ഉറങ്ങിക്കഴിഞ്ഞ ശേഷമേ അദ്ദേഹം തന്റെ താമസസ്ഥലത്തേക്ക് മടങ്ങാറുള്ളു. അബ്ബാസ് ഇനി ഉറങ്ങട്ടെ…
ഗസല്‍ പ്രസിദ്ധീകരണം നിലച്ചുപോകാതെ ഇനിയും വായനക്കാരുടെ കൈകളിലെത്തിക്കാന്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്ക് കഴിയട്ടെ.. അതായിരിക്കും അബ്ബാസിന്റെ ഓര്‍മ്മ നിലനിര്‍ത്താനുള്ള ഒരു പ്രധാന വഴി.