ആ വിരലുകളില്‍ നിന്ന് ഇനി അക്ഷരപ്പുഴ ഒഴുകിവരില്ല. കോഴിക്കോട് നിന്ന്, തലശ്ശേരിയും കടന്ന് ചരിത്രത്തിന്റെ സംഗീതംമൂളി ഉത്തരദേശത്തിന്റെ താളുകളിലൂടെ നിര്‍ഗളം ഒഴുകിയിരുന്ന ആ ആക്ഷരപ്പുഴ വിഷുത്തലേന്ന് പാതിരാനേരത്ത് വറ്റിപ്പോയിരിക്കുന്നു.
വലിയ മനസ്സും അതിലും വലിയ ചരിത്രബോധവുമായി നമ്മെ വിസ്മയിപ്പിക്കാനും ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഇനി കെ.പി കുഞ്ഞിമ്മൂസയില്ല.
മരണനേരത്ത്, ശരീരത്തില്‍ നിന്ന് റൂഹ് വേര്‍പിരിയുന്ന, പിടയുന്ന വേദനയുടെ നേരത്ത് പോലും കുഞ്ഞിമ്മൂസയുടെ മനസ് കാസര്‍കോടിലൂടെ ഓടിമറഞ്ഞു കാണണം. തലശ്ശേരിയില്‍ ജനിച്ച് കോഴിക്കോട് ജീവിക്കുമ്പോഴും ഓരോ ശ്വാസത്തിലും കാസര്‍കോട്ടേക്ക് തുറന്നുവെച്ച ആ ഹൃദയം ഞായറാഴ്ച അര്‍ദ്ധരാത്രി ആരോടും പറയാതെ മരണത്തെ കെട്ടിപ്പിടിച്ചുകിടന്നു. മരണം തനിക്ക് ചുറ്റും റാകിപ്പറക്കുന്നനേരത്ത് പോലും വേച്ചുവേച്ചു കുഞ്ഞിമ്മൂസക്ക കാസര്‍കോട്ടുവന്നിരുന്നു. ഡോ. എം.കെ കുമ്പളയുടെ പുസ്തക പ്രകാശന ചടങ്ങില്‍ സംബന്ധിക്കാന്‍ ഏപ്രില്‍ ഏഴിന് ഞായറാഴ്ചയായിരുന്നു അത്.
ഹോട്ടല്‍ സിറ്റിടവര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പതിവിന് വിപരീതമായി കാച്ചിക്കുറുക്കിയ ഇത്തിരിവാക്കുകള്‍ മാത്രം. ഹൃദയത്തില്‍ നിന്ന് പെറുക്കിയെടുത്ത് സദസ്സിന്റെ മുന്നിലിട്ട ചെറിയ ആ വാക്കുകളില്‍ പോലും ഉബൈദ് മാഷെയും അഹ്മദ് മാഷെയും തൊടാതെ പോയില്ല. ഒരുതരത്തിലും സ്പര്‍ശിക്കപ്പെടേണ്ടതില്ലായിരുന്ന എനിക്ക് നേരെയും ചൊരിഞ്ഞു; അംഗീകാരത്തിന്റെ മുദ്രയുള്ള ഏതാനും വാക്കുകള്‍…
അന്ന് പുസ്തക പ്രകാശനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് കുഞ്ഞിമ്മൂസക്ക ഹോട്ടല്‍ മുറിയില്‍ നിന്ന് വിളിച്ചിരുന്നു. വൈകിട്ട് പുസ്തക പ്രകാശനച്ചടങ്ങിനുണ്ടാവില്ലേ എന്ന് ചോദിച്ച്. കാഞ്ഞങ്ങാടിനടുത്ത് പാറപ്പള്ളിയില്‍ ഒരു കല്ല്യാണത്തിന് പോവുകയാണെന്നും എത്താന്‍ ശ്രമിക്കാമെന്നുമുള്ള എന്റെ മറുപടിയില്‍ അദ്ദേഹം തൃപ്തനായില്ല.
‘എന്തായാലും എത്തണം. എനിക്ക് കാണണം…’ കുഞ്ഞിമ്മൂസക്ക നിര്‍ബന്ധം പിടിച്ചു.
യഹ്‌യ തളങ്കരക്കൊപ്പമായിരുന്നു പാറപ്പള്ളിയിലേക്കുള്ള യാത്ര. വേഗം പോയി വരാമെന്നും നാലരക്ക് തിരിച്ചെത്തണമെന്നും പറഞ്ഞപ്പോള്‍ യഹ്‌യ കാര്യം തിരക്കി.
ഡോ. എം.കെ കുമ്പളയുടെ പുസ്തക പ്രകാശനച്ചടങ്ങുണ്ടെന്നും കുഞ്ഞിമ്മൂസക്ക വന്നിട്ടുണ്ടെന്നും പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും ഉത്സാഹം. കുഞ്ഞിമ്മൂസയുണ്ടെങ്കില്‍ പരിപാടിക്ക് ഞാനും വരുന്നുണ്ടെന്നും നാലരയ്ക്കല്ല, നാലുമണിക്ക് തന്നെ തിരിച്ചെത്താമെന്നുമായി യഹ്‌യ തളങ്കര.
പ്രിയപ്പെട്ടവരെയൊക്കെ അവസാനമായി ഒന്നു കാണാനായിരുന്നോ അന്ന് കുഞ്ഞിമ്മൂസക്ക കാസര്‍കോട്ടെത്തിയത്. കുഞ്ഞിമ്മൂസക്ക് പ്രിയപ്പെട്ട പലരും ആ ചടങ്ങിനുണ്ടായിരുന്നു. റഹ്മാന്‍ തായലങ്ങാടി, പി.എസ് ഹമീദ്, ഡോ. ഖാദര്‍ മാങ്ങാട്, എ. ഹമീദ് ഹാജി, അഡ്വ. ബി.എഫ് അബ്ദുല്‍റഹ്മാന്‍, സി. മുഹമ്മദ്കുഞ്ഞി, എ.എസ് മുഹമ്മദ് കുഞ്ഞി അടക്കം കാസര്‍കോടിന്റെ മണ്ണില്‍ കുഞ്ഞിമ്മൂസ കാലുകുത്തുമ്പോഴൊക്കെ സ്‌നേഹപ്പായസം വിളമ്പാറുള്ള ഏതാണ്ടെല്ലാവരും.
ചടങ്ങ് പൂര്‍ത്തിയാവും മുമ്പേ ധൃതിപിടിച്ച് ഇറങ്ങാന്‍ നേരത്ത് കുഞ്ഞിമ്മൂസക്ക തന്റെ ബാഗ് തുറന്ന് ഒരു പുസ്തകം എനിക്ക് നീട്ടി; ‘പ്രകാശിതമായിട്ടില്ല. വായിച്ച് അഭിപ്രായം അറിയിക്കണം…’
ആ കരങ്ങളില്‍ അമര്‍ത്തിപ്പിടിച്ച് അതിരറ്റ ആദരവോടെ പുസ്തകം ഏറ്റുവാങ്ങുമ്പോള്‍ ഒട്ടും പ്രതീക്ഷിച്ചതല്ല; നിരന്തരമായി സമ്മാനിക്കാറുള്ള ഈ പുസ്തകക്കൈനീട്ടം ഇനിയുണ്ടാവില്ലെന്ന്. സലാം പറഞ്ഞ് ഞാന്‍ ഇറങ്ങുമ്പോള്‍ വരണ്ട ആ ചുണ്ടുകളില്‍ ഉണങ്ങിത്തുടങ്ങിയ നേര്‍ത്ത ചിരിമാത്രം. കണ്ണുകളിലും ആ പഴയ പ്രകാശം കണ്ടില്ല. മരണത്തിന്റെ കൈക്കുമ്പിളിലേക്ക് പതുക്കെ ആ സ്‌നേഹത്താമര കലെടുത്ത് വെച്ചിരുന്നോ….?
***
ഞാനുത്തരദേശത്തില്‍ വരുന്നതിനുമെത്രയോ മുമ്പ് കുഞ്ഞിമ്മൂസ ഉത്തരദേശത്തിന്റെ അകത്താളുകളെ തന്റെ എഴുത്ത് മൂര്‍ച്ചകൊണ്ട് ഇളക്കി മറിക്കുന്നുണ്ടായിരുന്നു. മുജീബിന്റെ കല്ല്യാണത്തിനാണെന്നാണോര്‍മ്മ. അന്നാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി നേരിട്ടു കാണുന്നത്. ‘അമ്മാവന്റെ ചങ്ങാതി’ ആണെന്ന് പറഞ്ഞ് ഇങ്ങോട്ട് വന്ന് പരിചയപ്പെടുകയായിരുന്നു. പിന്നീട് ഉത്തരദേശത്തില്‍ എന്റെ ലേഖനങ്ങള്‍ വരുമ്പോഴൊക്കെ തപാലില്‍ കുഞ്ഞിമ്മൂസക്കയുടെ ചെറിയ കുറിപ്പ് വരും. അനുമോദനവും പ്രോത്സാഹനവും സമാസമം ചേര്‍ത്തുള്ള മൂന്നോ നാലോ വരി കുറിപ്പ്. ഞാനത് നിധിപോലെ സൂക്ഷിക്കും.
‘കഅ്ബയെ തൊട്ട നിമിഷം’ എന്ന എന്റെ പുസ്തകത്തെ ക്കുറിച്ച് അദ്ദേഹം ഉത്തരദേശത്തില്‍ ഒരു ലേഖനം തന്നെ എഴുതി. പത്മ പുരസ്‌കാരം ചൂടിയ സന്തോഷമായിരുന്നു ആ ലേഖനം അച്ചടിച്ചുവന്ന ദിവസം എനിക്കുണ്ടായത്.
എഴുത്ത് കുഞ്ഞിമ്മൂസക്ക് ഒരു തപസായിരുന്നു. പ്രസംഗവും അതുപോലെ തന്നെ. മരണത്തിന്റെ തണുപ്പ് വിലരുകളിലേക്ക് പടര്‍ന്നുകയറും വരേയും അദ്ദേഹം എഴുതിയിരുന്നു. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിന്റെ വിശാലമായ ഇടങ്ങളിലേക്ക് കാലെടുത്തുവെക്കുമ്പോഴേക്കും എഴുത്ത് അദ്ദേഹത്തിന്റെ പേനത്തുമ്പില്‍ ഭദ്രമായിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കെ ചന്ദ്രികാ ദിനപത്രത്തിലേക്ക് വാര്‍ത്തകളെഴുതിത്തുടങ്ങിയ കുഞ്ഞിമ്മൂസ എഴുത്തിന്റെ കോവണിപ്പടികള്‍ ചവിട്ടിക്കയറിയത് എഴുത്തിലുള്ള തന്റെ കഴിവ് ആഴത്തില്‍ പതിപ്പിച്ചുകൊണ്ടുതന്നെയാണ്. രാഷ്ട്രീയവും സാഹിത്യവും ഇങ്ങനെ ഒരുപോലെ ഇണങ്ങിയവര്‍ അപൂര്‍വ്വമാണ് മലയാളത്തില്‍. രാഷ്ട്രീയത്തോടൊപ്പം എഴുത്തിനേയും പ്രണയിച്ച് കൈപിടിച്ചുനടന്ന കുഞ്ഞിമ്മൂസ പതുക്കെ എഴുത്തിനെ ജീവിത സഖിയാക്കി രാഷ്ട്രീയത്തില്‍ നിന്ന് പിന്തിരിഞ്ഞുനടന്നു. ചന്ദ്രികാ ദിനപത്രം അദ്ദേഹത്തിന് താന്‍ പതിറ്റാണ്ടുകളോളം ജോലി ചെയ്ത ഒരു സ്ഥാപനം മാത്രമായിരുന്നില്ല; ജീവവായു തന്നെയായിരുന്നു.
ഇന്നലെ അഡ്വ. ബേവിഞ്ച അബ്ദുല്ലയോടൊപ്പം കോഴിക്കോട് പന്നിയങ്കര കെ.പി കേശവമേനോന്‍ റോഡിലെ ‘മൈത്രി’ ഭവനത്തില്‍ കുഞ്ഞിമ്മൂസയുടെ മയ്യത്ത് അവസാനമായി ഒരു നോക്കുകാണാന്‍ ചെല്ലുമ്പോള്‍ അതീവ ദുഖത്തോടെ ആ വീടിന്റെ പൂമുഖത്ത് മതിലില്‍ ചാരിനില്‍ക്കുകയായിരുന്നു കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ടും ചന്ദ്രിക സ്‌പോര്‍ട്‌സ് ലേഖകനുമായ കമാല്‍ വരദൂര്‍. എന്നെ കണ്ടപാടെ അദ്ദേഹം തോളില്‍ അമര്‍ത്തിപ്പിടിച്ചു. കുഞ്ഞിമ്മൂസയെ കണ്‍കുളിര്‍ക്കെ കണ്ട, അനുഭവിച്ച കമാല്‍ അടക്കമുള്ള ശിഷ്യന്‍മാര്‍ക്ക് നിനച്ചിരിക്കാതെയുള്ള ആ വിയോഗം വലിയൊരു ആഘാതമായിരുന്നു. മരിക്കുന്നതിന് തലേന്ന് കുഞ്ഞിമ്മൂസയുമായി ‘ശണ്ഠ’കൂടിയതിന്റെ കഥപറഞ്ഞ് കമാല്‍ ഓര്‍മ്മയുടെ വാതില്‍ തുറന്നു;
‘മിനിഞ്ഞാന്ന് രാത്രിയാണല്ലോ ഡോ. ഡി. ബാബുപോള്‍ മരിച്ചത്. പിറ്റേന്ന് രാവിലെ കുഞ്ഞിമ്മൂസയുടെ ഫോണ്‍ കോളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഫോണ്‍ റിങ്ങാവുമ്പോള്‍ മനസ്സിലൊരു ആധി നിറയും. എന്തെങ്കിലും പരാതി പറയാനാവും വിളിക്കുക. ഞങ്ങളെയൊക്കെ പരാതി പറഞ്ഞ് ശാസിക്കാനും വേണമെങ്കില്‍ തല്ലാനും അധികാരം ഉണ്ടായിരുന്ന ഒരാളായിരുന്നു കെ.പി (കുഞ്ഞിമ്മൂസ). ഞാന്‍ ഫോണെടുത്തു. പ്രതീക്ഷിച്ചതുപോലെ തന്നെ അപ്പുറത്ത് നിന്ന് ശകാരത്തിന്റെ സ്വരം. ‘എന്തെ ബാബുപോള്‍ അന്തരിച്ച വാര്‍ത്ത ചന്ദ്രികയില്‍ വന്നില്ല’ എന്ന ചോദ്യത്തോടെയായിരുന്നു ശകാരം. അര്‍ദ്ധരാത്രി വളരെ വൈകി മരണപ്പെട്ടതുകൊണ്ടാണ് ആ വാര്‍ത്ത കയറാതിരുന്നതെന്ന എന്റെ വിശദീകരണമൊന്നും കുഞ്ഞിമ്മൂസയെ ശാന്തനാക്കിയില്ല. കുറേ ശകാരിച്ചു. കെ.പിയുടെ ശകാരം കേള്‍ക്കുക എനിക്കൊക്കെ ബലമാണ്. തെറ്റുകള്‍ തിരുത്താനുള്ള ആയുധവും. കുറേ കേട്ടപ്പോള്‍ ഞാന്‍ അങ്ങോട്ട് പറഞ്ഞു; അര്‍ദ്ധരാത്രിക്ക് ശേഷമാണ് കുഞ്ഞിമ്മൂസക്ക മരിക്കുന്നതെങ്കില്‍ പോലും ചന്ദ്രികയില്‍ വാര്‍ത്ത കയറാന്‍ ഇടയില്ല. പത്രത്തിന്റെ ഡെഡ്‌ലൈന്‍ 12 മണിയാണ്. അതുകേട്ടപ്പോള്‍ കുഞ്ഞിമ്മൂസക്ക ചിരിച്ചു. ഫോണ്‍ വെച്ചു….’
കമാല്‍ വരദൂര്‍ കണ്ണ് ഒന്നടച്ചുതുറന്നു: ‘ ഒരു ദിവസം കഴിഞ്ഞതേയുള്ളു. കുഞ്ഞിമ്മൂസക്കയും വിടവാങ്ങിയിരിക്കുന്നു. ഡെഡ്‌ലൈനിനും ഒരു മണിക്കൂര്‍ മുമ്പേ….’ കമാലിന്റെ വാക്കുകള്‍ എവിടെയോ കുടുങ്ങി. കുഞ്ഞിമ്മൂസക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ കാസര്‍കോട്ട് നിന്ന് പലരും എത്തിയിരുന്നു. നഗരസഭാ കൗണ്‍സിലര്‍ മുജീബ് തളങ്കര, ഐ.എന്‍.എല്‍ നേതാവ് എം.എ ലത്തീഫ്, ആരിഫ് കാപ്പില്‍, ഹനീഫ് ബാങ്കോട് അങ്ങനെ പലരും. പി.എ.എം ഹനീഫ അടക്കമുള്ളവര്‍ രാവിലെ മുതല്‍ക്കെ കുഞ്ഞിമ്മൂസയുടെ വീട്ടിലുണ്ട്.
രണ്ടല്ല, മൂന്ന് തലമുറകളെ കോര്‍ത്തിണക്കിയ കണ്ണിയായിരുന്നു കുഞ്ഞിമൂസക്ക. തന്റെ കുട്ടിക്കാലത്ത് ജ്വലിച്ചുനിന്നിരുന്ന തലമുറയേയും തന്റെ യുവത്വകാലത്ത് നിറഞ്ഞുനിന്നിരുന്ന തലമുറയേയും തന്റെ വാര്‍ദ്ധക്യത്തില്‍ വളര്‍ന്നുവന്നുതുടങ്ങിയ പുതിയ തലമുറയേയും കാലത്തിന് അദ്ദേഹം പരിചയപ്പെടുത്തി.
സി.എച്ച് മുഹമ്മദ് കോയയും ഇബ്രാഹിം സുലൈമാന്‍ സേട്ടുവും ഇ. അഹമ്മദും പാണക്കാട് തങ്ങന്മാരും പി. കെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവരുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്ന രാഷ്ട്രീയക്കാരന്‍, വൈക്കം മുഹമ്മദ് ബഷീറിന്റെയും എം.ടിയുടേയും എന്‍.പി മുഹമ്മദിന്റെയും തിക്കോടിയന്റെയും ടി. പത്മനാഭന്റെയും യു.എ ബീരാന്റെയും എം. മുകുന്ദന്റെയുമൊക്കെ തോളില്‍ കയ്യിട്ടുനടന്നിരുന്ന എഴുത്തുകാരന്‍, വറ്റിപ്പോകാത്ത ഓര്‍മ്മകളുടെ സാഗരത്തില്‍ നിന്ന് ചരിത്രത്തിന്റെ പവിഴമുത്തുകളെടുത്ത് കാലത്തിന് മുമ്പില്‍ സമര്‍പ്പിച്ച ചരിത്രകാരന്‍, നിര്‍ഭയം സത്യം വിളിച്ചുപറയാന്‍ ശീലിച്ച മാധ്യമ പ്രവര്‍ത്തകന്‍, കടന്നുപോയ കാലത്തെ കടന്നുവരുന്നവര്‍ക്ക് മുന്നില്‍ മനോഹരമായി പറഞ്ഞുകേള്‍പ്പിച്ച പ്രഭാഷകന്‍… കുഞ്ഞിമ്മൂസക്ക അങ്ങനെ പലതുമായിരുന്നു. കേരളംഭരിച്ച മുഖ്യമന്ത്രിമാരുടെയൊക്കെ പ്രിയങ്കരനായിരുന്നു അദ്ദേഹം. ഇ.കെ നായനാരും കെ. കരുണാകരനും എ.കെ ആന്റണിയും ഉമ്മന്‍ചാണ്ടിയുമൊക്കെ കുഞ്ഞിമ്മൂസയുടെ വായനക്കാരായിരുന്നു. തലശ്ശേരി ബ്രണ്ണന്‍കോളേജില്‍ തന്റെ സഹപാഠിയായിരുന്ന പിണറായിക്കാരന്‍ വിജയന്‍ പിന്നീട് കേരള മുഖ്യമന്ത്രിയായപ്പോള്‍ രാഷ്ട്രീയ അഭിപ്രായവ്യത്യാസം മറന്ന് കുഞ്ഞിമ്മൂസക്ക എഴുതി; വിജയന്‍ മുഖ്യമന്ത്രിയാവണമെന്ന് ഞാന്‍ അന്നേ ആഗ്രഹിച്ചിരുന്നുവെന്ന്.
ചന്ദ്രികക്കും മാധ്യമത്തിനും പുറമെ മലയാള മനോരമക്കും മാതൃഭൂമിക്കുമൊക്കെ ഒരു റഫറന്‍സ് ഗ്രന്ഥമായിരുന്നു കെ.പി കുഞ്ഞിമ്മൂസ. അദ്ദേഹത്തെ എപ്പോള്‍ വിളിച്ചാലും തങ്ങള്‍ക്ക് ആവശ്യമുള്ള വിവരങ്ങള്‍ കിട്ടുമെന്ന് എല്ലാ മാധ്യമ ലേഖകര്‍ക്കും അറിയാമായിരുന്നു. ആരു മരിച്ചാലും അനുസ്മരണ കുറിപ്പിന് ഏതുപത്രവും ആദ്യം വിളിച്ചിരുന്നത് കുഞ്ഞിമ്മൂസയെയായിരുന്നു. ആയിരത്തിലധികം അനുസ്മരണ കുറിപ്പുകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. നിരവധി പുസ്തകങ്ങളും. തലശ്ശേരിയില്‍ ജനിച്ച് കോഴിക്കോട് ജീവിച്ച കുഞ്ഞിമ്മൂസ കാസര്‍കോടിനെ എന്തുകൊണ്ട് ഇത്രമാത്രം സ്‌നേഹിച്ചു എന്ന് ആര്‍ക്കും അറിയില്ല. ഈ സ്‌നേഹത്തിന് പകരമായി കാസര്‍കോട് എന്തുതിരിച്ചുനല്‍കിയെന്ന ചോദ്യത്തിന് മുന്നില്‍ ചില സന്തോഷങ്ങളെങ്കിലും ബാക്കിയുണ്ട്. എന്‍.എ സുലൈമാന്റെ പേരില്‍ തളങ്കര റാഫി മഹല്‍ കെ.പി കുഞ്ഞിമ്മൂസക്ക് സമ്മാനിച്ച പുരസ്‌കാരം ആ സന്തോഷത്തെ കൂടുതല്‍ തിളക്കമുറ്റതാക്കുന്നു. കുഞ്ഞിമ്മൂസയെ ആദരിക്കുക വഴി റാഫി മഹലും കാസര്‍കോട് ആകെയും ആദരിക്കപ്പെട്ടിരിക്കുന്നുവെന്ന് വേണം പറയാന്‍. എഴുതാനും പറയാനും കുഞ്ഞിമ്മൂസക്ക ഇല്ല എന്നത് സങ്കടവും നഷ്ടവുമായി അവശേഷിക്കുന്നു.