കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പനി പടര്‍ന്നുപിടിച്ചതിന് ശേഷം ചിലേടങ്ങളില്‍ മഞ്ഞപ്പിത്തബാധയും കണ്ടെത്തിയിട്ടുണ്ട്. നിരവധി പേരാണ് മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് ആസ്പത്രികളില്‍ എത്തിക്കൊണ്ടിരിക്കുന്നത്. കാസര്‍കോട് നഗരസഭാ പരിധിയില്‍ നിന്നും വിദ്യാനഗര്‍ ചാല, ബെദിര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമാണ് കൂടുതല്‍ രോഗികള്‍ ആസ്പത്രികളിലെത്തിക്കൊണ്ടിരിക്കുന്നത്. ചില പ്രദേശങ്ങളില്‍ ഡെങ്കിപ്പനിയും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പനിയും മഞ്ഞപ്പിത്തവും വ്യാപകമായിട്ടും പലേടത്തും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്തതിനാല്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയിരിക്കയാണ്. വെള്ളം കെട്ടിക്കിടക്കുന്നതും കൊതുകുകള്‍ പെരുകാന്‍ കാരണമായി. മഴക്കാലത്ത് ഭക്ഷണത്തോടൊപ്പം തണുത്ത വെള്ളം കുടിക്കരുതെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നുണ്ട്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് തിളപ്പിച്ചാറ്റിയ വെള്ളം മാത്രേ നല്‍കാവൂ എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ പല ഹോട്ടലുകാരും ചൂട് വെള്ളത്തില്‍ പച്ചവെള്ളം ചേര്‍ത്തു നല്‍കുകയാണ്. തണുത്ത വെള്ളം കുടിക്കുന്നത് മഞ്ഞപ്പിത്തം പടരാന്‍ കാരണമാകുമെന്ന് പറയുന്നുണ്ട്. മഞ്ഞപ്പിത്തം പടരുന്ന സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ എത്തി വേണ്ട നടപടികള്‍ ചെയ്യണം. ജനങ്ങള്‍ക്ക് മഞ്ഞപ്പിത്തം പടരുന്നതു സംബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസ് നടത്തി അവരെ എത്രയും പെട്ടെന്ന് ആസ്പത്രിയിലെത്തിക്കാന്‍ നടപടി ഉണ്ടാവണം. മഞ്ഞപ്പിത്തവും ഡങ്കിപ്പനിയും പകര്‍ച്ചപ്പനിയും പടരുമ്പോഴും ജില്ലാ ആസ്ഥാനത്തെ ജനറല്‍ ആസ്പത്രിയില്‍ വേണ്ടത്ര ഡോക്ടര്‍മാര്‍ ഇല്ലെന്നുള്ള പരാതിയുണ്ട്. അത്യാഹിത വിഭാഗത്തില്‍ ഒരു ഡോക്ടര്‍ മാത്രമാണത്രെ ഉള്ളത്.
പനിയും മറ്റ് അസുഖങ്ങളും ബാധിച്ച് ദിവസവും നൂറുകണക്കിനാളുകളാണ് ജനറല്‍ ആസ്പത്രിയില്‍ ചികിത്സതേടിയെത്തുന്നത്. ഇവരില്‍ വലിയൊരു ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. ഡോക്ടര്‍മാരുടെ കുറവ് രോഗികള്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നതിന് തടസമാവുന്നു. ഉച്ചവരെ മാത്രമാണ് ഒ.പിയില്‍ രോഗികളെ പരിശോധിക്കുന്നത്. രോഗികളുടെ ബാഹുല്യം കാരണം ഉച്ചക്ക് ശേഷം രോഗികളുടെ നീണ്ട നിരയുണ്ടാവും. വേണ്ടത്ര ഡോക്ടര്‍മാരില്ലാത്തതിനാല്‍ രാത്രിയിലും രോഗികളുടെ നീണ്ടനിര കാണാം. ഇതിനിടയില്‍ അത്യാഹിത വിഭാഗത്തില്‍ ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളെ പരിശോധിക്കാനും ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ക്ക് പോകേണ്ടിവരുന്നു. ക്യൂ നിന്ന് കാത്തു നില്‍ക്കുന്ന രോഗികള്‍ ഇക്കാരണത്താല്‍ ഏറെ ദുരിതമനുഭവിക്കുന്നു. ലാബിലും വേണ്ടത്ര ജീവനക്കാരില്ല. രാവിലെ പരിശോധനക്കു ശേഷം പരിശോധനാ ഫലം രാത്രിവരെ കാത്തു നിന്നാലും ചിലപ്പോള്‍ കിട്ടാതെ പോവുന്നു. പകര്‍ച്ചപ്പനിയും മറ്റ് അസുഖങ്ങളുമായി ആസ്പത്രിയിലെത്തുവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ അടിയന്തിരമായി ഡോക്ടര്‍മാരെ നിയമിക്കാന്‍ നടപടിയുണ്ടാവണം.