ബെദ്രഡുക്ക: കഴിഞ്ഞ ഏഴ് മാസമായി ശമ്പളം മുടങ്ങിയ ഭെല്‍ ഇ.എം.എല്‍ കമ്പനിയില്‍ ജീവനക്കാര്‍ കമ്പനിക്കകത്ത് സമരത്തില്‍. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച കമ്പനി നിലവില്‍ കേന്ദ്ര പൊതുമേഖലയില്‍ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന്റെ (ഭെല്‍) സബ്‌സിഡിയറി യൂണിറ്റാണ്. കമ്പനി സംസ്ഥാന സര്‍ക്കാരിന് കൈമാറുന്നത് വരെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള ബാധ്യത ഭെല്ലിനാണ്. എന്നാല്‍ ശമ്പളം നല്‍കുന്നില്ലെന്ന് മാത്രമല്ല ഉല്‍പാദനം നടത്താനാവശ്യമായ പ്രവര്‍ത്തന മൂലധനം പോലും ഭെല്‍ നല്‍കുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു. കമ്പനി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ട് രണ്ട് വര്‍ഷം കഴിഞ്ഞെങ്കിലും നടപടികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല.
ഈ സാഹചര്യത്തിലാണ് തൊഴിലാളികള്‍ കമ്പനിക്കകത്ത് അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചത്.
എസ്.ടി.യു നേതാക്കളായ കെ.പി. മുഹമ്മദ് അഷ്‌റഫ്, ടി. അബ്ദുല്‍മുനീര്‍, സി.കെ. വേലായുധന്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.