കാസര്‍കോട്: ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ നടന്ന 62-ാമത് ദേശീയ പൊലീസ് ഡ്യൂട്ടി മീറ്റില്‍ എക്‌സ്‌പ്ലോസീവ് വിഭാഗത്തില്‍ കാസര്‍കോട് ജില്ലാ പൊലീസ് ഡോഗ് സ്‌ക്വാഡിലെ ബഡ്ഡി എന്ന പൊലീസ് നായ സ്വര്‍ണ മെഡല്‍ നേടി. അജേഷ് കെ.കെ, മനു പി. ചെറിയാന്‍ എന്നിവരാണ് ബഡ്ഡിയുടെ പരിശീലകര്‍. ട്രാക്കര്‍ വിഭാഗത്തില്‍ മത്സരിച്ച കാസര്‍കോടിന്റെ തന്നെ പൊലീസ് ഡോഗ് റൂണി ഏഴാം സ്ഥാനവും കരസ്ഥമാക്കി. രഞ്ജിത്ത് എസ്., പ്രജേഷ് ആര്‍. എന്നിവരാണ് റൂണിയുടെ പരിശീലകര്‍. 2015ല്‍ തൃശൂര്‍ പൊലീസ് അക്കാദമിയില്‍ നിന്നാണ് ഇവപരിശീലനം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞവര്‍ഷത്തെ കേരളാ സ്റ്റേറ്റ് പൊലീസ് ഡ്യൂട്ടി മീറ്റില്‍ ഗോള്‍ഡ്‌മെഡലും ഈ വര്‍ഷത്തെ ഡ്യൂട്ടി മീറ്റില്‍ സില്‍വര്‍ മെഡല്‍ ജേതാവുമാണ് ബഡ്ഡി. റൂണി ഈവര്‍ഷത്തെ കേരളാ സ്റ്റേറ്റ് പൊലീസ് ഡ്യൂട്ടി മീറ്റിലെ സില്‍വര്‍ മെഡല്‍ ജേതാവാണ്. ഇന്ത്യയില്‍ തന്നെ ആര്‍മി, ബി.എസ്.എഫ്, എ.ടി.ബി.പി തുടങ്ങിയ സേനകളിലെയും മറ്റ് ഇതര സംസ്ഥാനങ്ങളിലെയും മികച്ച പൊലീസ് ഡോഗുകളോട് മത്സരിച്ചാണ് ബഡ്ഡിയും റൂണിയും ഈ നേട്ടം കൈവരിച്ചത്. കേരള ചരിത്രത്തില്‍ ആദ്യമായാണ് ദേശീയതലത്തില്‍ എക്‌സ്‌പ്ലോസീവ് സ്‌നിഫര്‍ വിഭാഗത്തില്‍ ഗോള്‍ഡ് മെഡല്‍ ലഭിക്കുന്നത്.