ബദിയടുക്ക: പനിബാധിച്ച് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ട രണ്ട് കുട്ടികളുടെ മാതാപിതാക്കളെയും പരിചരിച്ച പെണ്‍കുട്ടിയെയും പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മീഞ്ച സ്‌കൂളിലെ അധ്യാപകനായ കന്യാപാടിയിലെ സിദ്ദിഖിനെയും ഭാര്യ അസറുന്നിസയെയും ബന്ധുവായ പെണ്‍കുട്ടിയെയുമാണ് വിദഗ്ധ പരിശോധനക്കായി പരിയാരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. സിദ്ദിഖ്-അസറുന്നിസ ദമ്പതികളുടെ മക്കളായ മൊയ്തീന്‍ ഷിനാസ് (നാലര), സിദാറത്തുല്‍ മുന്‍ഫല (ആറുമാസം) എന്നിവരാണ് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടത്. കുട്ടികളെ പരിചരിക്കാന്‍ ബന്ധുവായ പെണ്‍കുട്ടിയും ആസ്പത്രിയിലുണ്ടായിരുന്നു. അസറുന്നിസയ്ക്കും പനിബാധിച്ചിട്ടുണ്ട്. കുട്ടികള്‍ മരിച്ച സംഭവം ആശങ്ക ഉയര്‍ത്തിയ സാഹചര്യത്തിലാണ് മാതാപിതാക്കളടക്കം മൂന്നുപേരെയും പരിശോധനക്കായി മാറ്റിയത്. അതിനിടെ കാസര്‍കോട്ട് പനിബാധിച്ച് രണ്ട് കുട്ടികള്‍ മരിച്ച സംഭവത്തില്‍ പരിഭ്രാന്തി വേണ്ടെന്നും ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്നും മന്ത്രി കെ.കെ ശൈലജ അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട എല്ലാവിധ നടപടികളും സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗത്തിന്റെ കാരണം കണ്ടെത്താനുള്ള എല്ലാ വിധ പരിശോധനക്കും സംവിധാനം ഒരുക്കിയിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം മുഴുവന്‍ സമയം പ്രവര്‍ത്തന സജ്ജരായി നില്‍ക്കുന്നുണ്ട്. ഏതു സമയത്തും ജനങ്ങള്‍ക്ക് ഇവരുമായി ബന്ധപ്പെടാം. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് ജീവനക്കാരുമായി സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. കുടുംബത്തിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നാണ് സൂചന.