ബേഡകം: ശക്തമായി തുടരുന്ന മഴയില്‍ മലയോരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടങ്ങള്‍ തുടരുന്നു. പലയിടത്തും വെള്ളം കയറി കാര്‍ഷിക വിളകള്‍ക്ക് കനത്ത നാശമാണ് ഉണ്ടായത്. കുറെ ദിവസമായി പെയ്യുന്ന മഴയില്‍ മണ്ണിടിഞ്ഞ് നാശനഷ്ടമുണ്ടായി. ചിലയിടങ്ങളില്‍ ഗതാഗത തടസ്സമുണ്ടായി. വൈദ്യുതി കമ്പികള്‍ പൊട്ടിവീണ് വൈദ്യുത തടസ്സം ഉണ്ടാകുന്നു. മലയോരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍ വ്യാപകമായി. പല വീടുകളും ഇത് മൂലം അപകട ഭീഷണിയിലാണ്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ കരിവേടകം ചേമ്പ്രക്കല്ല് എച്ച്.വെളുത്തന്റ വീട് പൂര്‍ണമായും തകര്‍ന്നു. മണ്‍കട്ടയില്‍ ചുമര്‍നിര്‍മ്മിച്ച ഓടിട്ട വീടാണ് തകര്‍ന്നത്. ആര്‍ക്കും പരിക്കേല്‍ക്കാതെ രക്ഷപെട്ടു. പൊയിനാച്ചി- ബന്തടുക്ക റോഡില്‍ പുളുഞ്ചിപുന്നക്കാലില്‍ വലിയ കല്ല് വീണു. കൂടുതല്‍ കല്ല് ഇളകി ഇവിടെ അപകട ഭീഷണിയുണ്ട്. കനത്ത മഴയില്‍ ശങ്കരമ്പാടി പുതിയ പറമ്പ് റോഡ് തകര്‍ന്നു. കുണ്ടംകുഴി പെട്രോള്‍ പമ്പിന് സമീപം റോഡില്‍ വലിയ വിള്ളല്‍ അനുഭവപ്പെട്ട് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിരുന്നു. വൈകുന്നേരത്തോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. കഴിഞ്ഞ ദിവസം വാവടുക്കം കൊട്ടോടി റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗത തടസ്സമുണ്ടായിരുന്നു. നാട്ടുകാര്‍ ഇടപെട്ടാണ് മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിച്ചത്.
നിര്‍മ്മാണം പൂര്‍ത്തിയായ ആയംകടവ് പാലത്തിന്റെ അപ്രോച്ച് റോഡിലേക്ക് കനത്ത മഴയില്‍ കല്ലും മണ്ണും വീണ് താറുമാറായി. ഇരുവശങ്ങളില്‍ നിന്നും കുത്തിയൊലിച്ചു വരുന്ന വെള്ളം റോഡ് തകരാന്‍ കാരണമാകുമോ എന്നാ ആശങ്കയിലാണ് നാട്ടുകാര്‍.