കാസര്‍കോട്: സ്‌നേഹമുള്ള ആ സിംഹം വിട പറഞ്ഞിട്ട് നാളേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. ചെര്‍ക്കളം അബ്ദുല്ല ഇല്ലാതെ കാസര്‍കോട് ഒരാണ്ട് തികക്കുമ്പോള്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് ആവേശമാവുന്നു. 1987 മുതല്‍ 2006 വരെ നാല് തവണ എം.എല്‍.എ.യും 2002 മുതല്‍ 04 വരെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും ദീര്‍ഘകാലം മുസ്ലിം ലീഗിന്റെ ജില്ലാ പ്രസിഡണ്ടും സംസ്ഥാന ട്രഷററും പിന്നോക്ക സമുദായ ക്ഷേമ സമിതി ചെയര്‍മാനുമൊക്കെയായി സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട നേതാവായി വളര്‍ന്ന ചെര്‍ക്കളം അബ്ദുല്ലയുടെ വിയോഗം പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഉണ്ടാക്കിയിട്ടുള്ള ശൂന്യത ഇന്നും അതേ പടി നിലനില്‍ക്കുകയാണ്. ആര്‍ജ്ജവമുള്ള നേതാവെന്ന നിലയില്‍ എവിടെയും കയറിച്ചെല്ലാന്‍ ധൈര്യം കാണിച്ചിരുന്ന ചെര്‍ക്കളം അബ്ദുല്ല കാസര്‍കോട് ജില്ലയില്‍ പാര്‍ട്ടിയെ വളര്‍ത്തുന്നതിന്‍ വഹിച്ച പങ്ക് ചെറുതല്ല. ഉദ്യോഗ തലങ്ങളില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും മറ്റും നേടിയെടുക്കുന്നതില്‍ ചെര്‍ക്കളം വിജയിച്ചിട്ടുണ്ട്. സമയ നിഷ്ഠയുടെ കാര്യത്തില്‍ അദ്ദേഹം കാണിച്ചിരുന്ന ആത്മാര്‍ത്ഥത ആര്‍ക്കും മറക്കാനാവില്ല. സമയം വൈകി പരിപാടികള്‍ക്ക് എത്തുന്നത് നേതാക്കള്‍ ഒരു ഫാഷനായി കണ്ടിരുന്ന കാലത്ത്, മന്ത്രിയായിരുന്ന വേളയില്‍ പോലും പത്തുമിനുറ്റ് മുമ്പേ പരിപാടികള്‍ക്ക് എത്താന്‍ ചെര്‍ക്കളം കാണിച്ചിരുന്ന ഉത്സാഹം ഒരു പാഠം തന്നെയായിരുന്നു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എന്ന നിലയില്‍ കാസര്‍കോട്ട് യു.ഡി.എഫിനെ സുശക്തമാക്കുന്നതിലും കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്തിന്റെ പ്രസിഡണ്ട് എന്ന നിലയില്‍ സമുദായത്തെ നയിക്കുന്നതിലും അദ്ദേഹം കാണിച്ച ഉത്തരവാദിത്വവും ആത്മാര്‍ത്ഥതയും മറക്കാനാവാത്തത് തന്നെയാണ്. 1980ല്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ നിയമസഭയിലേക്കുള്ള തന്റെ കന്നി അങ്കത്തില്‍ പരാജയപ്പെട്ടുവെങ്കിലും 1987 മുതല്‍ 2006 വരെ അദ്ദേഹം തന്റെ ജൈത്രയാത്ര തുടര്‍ന്നു. തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്ന കാലത്ത് ത്രിതല പഞ്ചായത്തുകള്‍ക്ക് പരമാവധി അധികാരം നല്‍കുന്നതില്‍ പ്രത്യേക താല്‍പര്യം കാണിക്കുകയും പഞ്ചായത്തുകളിലൂടെ ഗ്രാമങ്ങളുടെ വികസനം യാഥാര്‍ത്ഥ്യമാക്കുന്നതിന് പരമാവധി പരിശ്രമിക്കുകയും ചെയ്തു.