കാഞ്ഞങ്ങാട്: പാഴ്‌വസ്തുക്കള്‍ കൊണ്ട് ബോട്ട് ഉണ്ടാക്കി യുവാവിന്റെ പരീക്ഷണം വിജയം കണ്ടു. ബേക്കല്‍ മൗവ്വലിലെ കരീം പള്ളത്തിലാണ് സഞ്ചാര യോഗ്യമായ ബോട്ട് നിര്‍മ്മിച്ച് ശ്രദ്ധേയനാകുന്നത്. നാല് പേര്‍ക്ക് സഞ്ചാരിക്കാവുന്ന വിധം നിര്‍മ്മിച്ച ബോട്ട് വെള്ളം നിറഞ്ഞ പാടത്താണ് പരീക്ഷണ ഓട്ടം നടത്തുന്നത്. കരീമിന്റെ പരീക്ഷണ ഓട്ടം ആളുകളെ ആകര്‍ഷിക്കുകയാണ്. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്, തെര്‍മോകോള്‍, മരക്കഷണങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് ഹൗസ് ബോട്ട് നിര്‍മ്മിച്ചത്. കയര്‍ കെട്ടി വലിച്ചും തുഴകള്‍ ഉപയോഗിച്ചും ചലിപ്പിക്കാന്‍ കഴിയുന്ന ബോട്ട് കഴിഞ്ഞ ദിവസത്തെ കനത്ത മഴ സമയത്ത് വയലുകള്‍ വെള്ളത്തിനടിയിലായപ്പോഴാണ് ഇറക്കിയത്. വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ട് കിടക്കുന്നവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് എത്തിക്കാന്‍ ഉപകരിക്കുംവിധമാണ് നിര്‍മ്മിച്ചത്. മത്സ്യത്തൊഴിലാളികള്‍ വള്ളത്തിനു ഘടിപ്പിക്കുന്ന എഞ്ചിന് ഉപയോഗിച്ചാണ് ബോട്ടിന്റെ നീക്കം എളുപ്പമാകുന്നതെന്നാണ് കരീം പറയുന്നത്. ഇവ ഘടിപ്പിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ ഓടിക്കാനും ശ്രമം നടത്തുന്നുണ്ട്.
പക്ഷികളെ അവയുടെ ആവാസവ്യവസ്ഥയില്‍ സംരക്ഷിക്കുന്ന കരീം പക്ഷി സ്‌നേഹി കൂടിയാണ്. നൈബീരിയന്‍ കൊക്ക്, കാട്ടുതാറാവ്, കുളക്കോഴി, നീര്‍ക്കാക്ക എന്നിവയെ നിരീക്ഷിക്കുകയും അവയ്ക്ക് സംരക്ഷണമൊരുക്കുകയും ചെയ്യുന്നത് ഹോബിയാക്കി മാറ്റിയ കരീം പക്ഷികള്‍ക്ക് വേനല്‍ക്കാലത്ത് തണ്ണീര്‍കുടങ്ങളൊരുക്കി നല്‍കാറുണ്ട്.