മഴയില്‍ പെയ്തിറങ്ങിയ വെള്ളം മുഴുവന്‍ കടലില്‍ എത്തിച്ചേരുകയാണ് എക്കാലത്തെയും പതിവ്. ഈ വര്‍ഷം പൊതുവേ മഴ കുറവാണെന്നാണ് അധികൃതരുടെ വെളിപ്പെടുത്തല്‍. ജല ദൗര്‍ലഭ്യത്തിന്റെ പ്രത്യാഘാതങ്ങള്‍ സങ്കീര്‍ണ്ണവും പരസ്പര ബന്ധിതവുമാണ്. അത് വ്യക്തികളില്‍ നിന്നും തുടങ്ങി രാഷ്ട്രങ്ങള്‍ വരെയുള്ള ബന്ധങ്ങളെ ബാധിക്കുന്ന തരത്തിലേക്ക് വളര്‍ന്നു കഴിഞ്ഞു. വര്‍ഷങ്ങള്‍ കഴിയുന്തോറും വേനലുകള്‍ കടുത്തപ്പോള്‍ കുടിവെള്ളം കിട്ടാക്കനിയാവുന്ന അവസ്ഥ സംജാതമാകുന്നു. ഈ ഭീകരമായ സ്ഥിതി വിശേഷത്തെ ചെറുക്കുവാന്‍ നാം അടിയന്തിര നടപടികള്‍ സ്വയമേവ സ്വീകരിക്കേണ്ടതുണ്ട്. ഇവിടെയാണ് മഴവെള്ള സംരക്ഷണത്തിന്റെ പ്രാധാന്യം. മഴവെള്ളം ഫലപ്രദമായി ഭൂഗര്‍ഭത്തിലേക്ക് ഒഴുക്കിവിടാന്‍ കഴിഞ്ഞാല്‍ നമ്മുടെ ജലക്ഷാമം പരിഹരിക്കപ്പെടും. അതിലൊരു മാര്‍ഗ്ഗമാണ് കിണര്‍ റീ ചാര്‍ജ്ജിംഗ്.
കേരളത്തിന്റെ സവിശേഷതയാണ് ഓരോ വീടുകള്‍ക്കുമൊരു കിണര്‍ എന്നത്. ഒന്നില്‍ കൂടുതലുള്ളവരുമുണ്ടാകും. കേരളത്തിലെ 65 ശതമാനം ഗ്രാമീണരുടെയും 59 ശതമാനം നഗരവാസികളുടെയും പ്രധാന ജല സ്രോതസ് കിണറുകളാണ്. കൃഷിക്കായുള്ള ജലസേചന കാര്യത്തിലും സ്ഥിതി വ്യത്യസ്തല്ല. സുരക്ഷിതമായി കുടിവെള്ളം നല്‍കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി അണക്കെട്ടുകള്‍, തടാകങ്ങള്‍, നദികള്‍ എന്നീ ജലസ്രോതസ്സുകളെ ആശ്രയിച്ചപ്പോള്‍ നമ്മുടെ കിണറുകളെ പണ്ടുകാലത്തെപ്പോലെ സംരക്ഷിക്കുന്നതില്‍ നിന്നും നാം വിട്ടു നിന്നു. എളുപ്പത്തില്‍ കൈകാര്യം ചെയ്യാം, കൂടുതല്‍ സൗകര്യങ്ങള്‍, ഗുണമേന്മയെന്ന വിശ്വാസം എന്നിവയുടെ പിറകെ പോയ നാം യഥാര്‍ത്ഥ ശുദ്ധജല സംഭരണിയായ കിണറുകളെ മറന്നുപോയി. വേഗമേറിയ നഗരവല്‍ക്കരണങ്ങള്‍ മറ്റൊരു കാരണമാണ്. അതോടൊപ്പം ഓരോ തുണ്ട് ഭൂമിയുടെ കമ്പോള സാധ്യതകളും കിണറുകള്‍ അപ്രത്യക്ഷമാവാന്‍ കാരണമായി.
കിണര്‍ വെള്ളം ഉപയോഗിച്ച വ്യക്തിക്ക് ജല നിരപ്പിനെക്കുറിച്ചും ജല ലഭ്യതയെക്കുറിച്ചും വ്യക്തവും കൃത്യവുമായ ബോധമുണ്ടാകും. കിണറിലെ ജലത്തിന്റെ തോതിനനുസരിച്ച് വെള്ളം ഉപയോഗിക്കുവാന്‍ അവര്‍ പ്രത്യക്ഷത്തില്‍ ശീലിച്ചിരിക്കും.
കിണറിലെ വെള്ളം വറ്റിപ്പോകുമ്പോള്‍ സാധാരണയായി നാം ലക്ഷങ്ങള്‍ മുടക്കി തൊട്ടടുത്ത് കുഴല്‍ കിണര്‍ നിര്‍മ്മിക്കുകയാണ് പതിവ്. പക്ഷേ ഇന്ന് കുഴല്‍കിണറില്‍ പോലും വെള്ളം ലഭ്യമല്ലാത്ത അവസ്ഥയുണ്ട്. ആ നിലയ്ക്ക് ചിന്തിക്കുമ്പോള്‍ ലഭ്യമായ മഴവെള്ളം സംഭരിക്കുക മാത്രമാണ് നമ്മുടെ മുന്നിലുള്ള പോംവഴി. പുതിയ കുഴല്‍കിണറിന് ലക്ഷങ്ങള്‍ മുടക്കുന്നതിന് പകരം കിണര്‍ റീ ചാര്‍ജ്ജ് ചെയ്യുകയാണ് വേണ്ടത്.
ജലസംഭരണം പരമപ്രധാനമായ കാര്യമാണെന്നും അത് നമ്മുടെ കടമയാണെന്നുമുള്ള അവബോധം വ്യക്തികളില്‍ സൃഷ്ടിക്കണം. അതിനായി പുതിയ വീടുകള്‍ക്ക് നമ്പര്‍ കൊടുക്കുമ്പോള്‍ നിര്‍ബന്ധമായും കിണര്‍ റീചാര്‍ജ്ജിംഗ് സംവിധാനമുണ്ടോയെന്ന് അന്വേഷിക്കണം.
ജലം സംഭരിക്കുവാനും നേരിട്ട് ഭൂഗര്‍ഭ ജല നിരപ്പ് ഉയര്‍ത്താനും ഏറ്റവും ഉചിതമായ മാര്‍ഗ്ഗമാണ് കിണര്‍ റീചാര്‍ജ്ജിംഗെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നമ്മുടെ വീടിന്റെയോ കെട്ടിടങ്ങളുടെയോ മുകളില്‍ വീഴുന്ന വെള്ളം ശുദ്ധീകരിച്ച് നേരിട്ട് കിണറില്‍ സംഭരിക്കുന്നതാണ് കിണര്‍ റീചാര്‍ജ്ജിംഗ്. ഭൂഗര്‍ഭ ജലത്തിന്റെ നിരപ്പാണ് കിണറില്‍ കാണുന്ന വെള്ളം. കിണറില്‍ 10 സെന്റീമീറ്റര്‍ ജലം ഉയര്‍ന്നാല്‍ അത് 15 ചതുരശ്ര മീറ്റര്‍ വരെ ഉയരുമെന്നാണ് കണക്ക്. അതായത് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് ഭൂമിക്കടിയിലെത്തുക.
വലിയ ചെലവില്ലാതെ എളുപ്പത്തില്‍ ചെയ്യാവുന്നതാണ് കിണര്‍ റീ ചാര്‍ജ്ജിംഗ് സംവിധാനം. കെട്ടിടങ്ങളുടെ മേല്‍ക്കൂരയിലോ ടെറസിലോ വീഴുന്ന മഴവെള്ളം പാഴാകാതെ സംഭരിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഓടിട്ട വീട്ടില്‍ വെള്ളം സ്വീകരിക്കുവാന്‍ ഒരു പാത്തി ഘടിപ്പിച്ചാല്‍ മതി. ടെറസിലെ വെള്ളത്തിനു കടന്നു പോകാനുള്ള പൈപ്പ്, അരിച്ചെടുക്കാനായി ടാങ്ക്, കിണറിലേക്ക് കടത്തിവിടാനായി ടാങ്കിനടിയില്‍ നിന്ന് ഒരു പൈപ്പ് എന്നിവയാണ് ഇതിനുവേണ്ട സാമഗ്രികള്‍.
ടെറസില്‍ നിന്നുള്ള വെള്ളം അരിച്ചെടുക്കാനുള്ള ടാങ്കിന്റെ ഏറ്റവുമടിയിലായി 20 സെന്റിമീറ്റര്‍ ഉയരത്തില്‍ 20 മില്ലീ ലിറ്റര്‍ വലിപ്പമുള്ള ജില്ലി, അതിനു മുകളിലായി 10-20 സെന്റീമീറ്റര്‍ ഉയരത്തില്‍ കരി അതിനു മുകളിലായി 20-25 സെന്റീമീറ്റര്‍ ഉയരത്തില്‍ അരിച്ചെടുത്ത തരി മണല്‍ എന്നിവ നിറയ്ക്കുക. ഏറ്റവും മുകളിലായി അല്‍പ്പം ജില്ലികൂടി ഇട്ടാല്‍ പൈപ്പിലൂടെ വരുന്ന വെള്ളത്തിന്റെ ശക്തിയില്‍ പൂഴി കുഴിയാകാതെ നിലനിര്‍ത്താനാവും. ടാങ്കില്‍ നിറച്ച ഓരോ സാമഗ്രികള്‍ക്കുമിടയില്‍ പ്ലാസ്റ്റിക് വല ഇട്ടാല്‍ പിന്നീട് എടുക്കുമ്പോള്‍ എളുപ്പത്തില്‍ വേര്‍തിരിക്കാം.
ടാങ്കിലൂടെ വരുന്ന വെള്ളം ആദ്യം ജില്ലിയില്‍ ഇറങ്ങി മണലിലൂടെ അരിച്ചിറങ്ങി കരിയില്‍ ശുദ്ധീകരിച്ച് ജില്ലിയിലൂടെ വേഗത്തില്‍ കിണറിലേക്ക് ഒഴുകിപോവുന്നു. കരയില്‍ നിന്നുള്ള ചെളിവെള്ളത്തിന്റെ ശക്തിയില്‍ ഇടിഞ്ഞുപോകാതിരിക്കുവാനായി കിണറിലേക്ക് സ്ഥാപിച്ച പൈപ്പ് നടുവിലാക്കുന്നതാണ് ഉത്തമം. ആദ്യ രണ്ടുവര്‍ഷം കഴിഞ്ഞാല്‍ ഓരോ വര്‍ഷവും കരിമാത്രം മാറ്റുക. ഈ രീതിയില്‍ കുഴല്‍ കിണര്‍ റീ ചാര്‍ജ്ജ് ചെയ്യാം. കുഴല്‍ കിണറിലെ മോട്ടോര്‍ കേടാകാന്‍ കാരണമായതിനാല്‍ കല്ലോ മറ്റോ വീഴാതെ ശ്രദ്ധിക്കേണ്ടതാണ്. ഒരു പ്ലംബറുടെ സഹായത്താല്‍ ഈ ജോലികള്‍ വൃത്തിയില്‍ ചെയ്യാം.
ടാങ്കിന്റെ വിലയനുസരിച്ച് ചിലവില്‍ മാറ്റം വരാം. നല്ല ടാങ്ക് 25 വര്‍ഷം വരെ ഉപയോഗിക്കാം. ഏകദേശം 5,000 മുതല്‍ 10,000 വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്വന്തമായി പ്ലബ്ലിംഗ് ജോലി അറിയാവുന്നവര്‍ക്കും സാമഗ്രികള്‍ സ്വന്തമായുള്ളവര്‍ക്കും പിന്നെയും ചെലവു കുറയും. 3000 മില്ലിമീറ്റര്‍ മഴകിട്ടിയാല്‍ 1000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു വീട്ടില്‍ മൂന്നു ലക്ഷം ലിറ്റര്‍ മേല്‍ക്കൂര വെള്ളം ലഭ്യമാകുമെന്നാണ് കണക്ക്.
കിണറിനടുത്തായി ഒരു കുഴിയുണ്ടാക്കി അതിലേക്ക് മഴവെള്ളം ഇറക്കിവിട്ടാലും കിണര്‍ജല സമ്പുഷ്ടീകരണം സാധ്യമാണ്. മഴവെള്ളം മണ്ണിലൂടെ അരിച്ചിറങ്ങി കിണറിന്റെ ജലനിരപ്പുയര്‍ത്തും. റീചാര്‍ജ്ജിംഗ് നടപ്പാക്കാനായാല്‍ കിണറിന് ഒന്നു രണ്ടു വര്‍ഷം കൊണ്ട് വെള്ളത്തിന്റെ ഗുണം ലഭ്യമാവും. നാലു വര്‍ഷമെത്തുമ്പോള്‍ വേനലില്‍ കിണര്‍ വറ്റില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കിണര്‍ റീ ചാര്‍ജ്ജിംഗ് നടപ്പാക്കിയ വീടുകളൊക്കെ വെള്ളത്തിന്റെ കാര്യത്തില്‍ ഏറെക്കുറെ സ്വയം പര്യാപ്തമാണിന്ന്.
ഗ്രാമ പഞ്ചായത്തുകളില്‍ കിണര്‍ റീചാര്‍ജ്ജിംഗ് പ്രത്യേക സ്‌കീമുകള്‍ വഴി നടപ്പിലാക്കുന്നുണ്ട്. സബ്‌സിഡികള്‍ ഇതിനായി നല്‍കി വരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തും അതുപോലുള്ള മറ്റ് സന്നദ്ധ സംഘടനകളും കിണര്‍ റീചാര്‍ജ്ജിംഗ് ക്ലാസുകളും മറ്റു സാങ്കേതിക സഹായങ്ങളും നല്‍കി വരുന്നുണ്ട്.
നമ്മുടെ പരമ്പരാഗത പ്രകൃതി സമ്പത്തിന്റെ സംരക്ഷണവും ഉപയോഗവും ഏറ്റവും പ്രസക്തമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. നമുക്ക് നമ്മുടെ കിണറുകള്‍ വൃത്തിയാക്കി ഉപയോഗപ്പെടുത്താം. മഴവെള്ള സംഭരണ സംവിധാനമൊരുക്കാം. അതിലൂടെ ആശങ്കയുയര്‍ത്തിയ ജലക്ഷാമം ജല സമൃദ്ധിയാല്‍ ഭൂമിയെ പുല്‍കീടട്ടേ…