ബദിയടുക്ക: ചന്ദനമരം ചെത്തിയെടുത്ത് മുട്ടികളാക്കുന്നതിനിടെ വനപാലകരുടെ പിടിയിലായ സഹോദരങ്ങളെ കോടതി റിമാണ്ട് ചെയ്തു. ചെങ്കള എര്‍മാളത്തെ ശിവകുമാര്‍(44), സഹോദരന്‍ ബേള വിഷ്ണുമൂര്‍ത്തി നഗറിലെ രാധാകൃഷ്ണന്‍(42) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയത്.
കാസര്‍കോട് റേഞ്ച് ഓഫീസര്‍ എന്‍. അനില്‍കുമാറും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ചന്ദനമരം മുറിക്കാന്‍ ഉപയോഗിച്ച കൈമഴുവും വാളും കത്തികളും സഹോദരങ്ങളില്‍ നിന്ന് പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ ശിവകുമാറിന്റെ വീട്ടില്‍ റെയ്ഡ് നടത്തുകയും 2.7 കിലോ ചന്ദനവും 700 ഗ്രാം ചന്ദനച്ചീളുകളും പിടികൂടുകയുമായിരുന്നു. മുറിച്ചിട്ട ചന്ദനമരം മുട്ടികളാക്കുന്ന ജോലിയില്‍ ശിവകുമാറും രാധാകൃഷ്ണനും ഏര്‍പ്പെടുന്നതിനിടെയാണ് വനംവകുപ്പുദ്യോഗസ്ഥരെത്തിയത്. എവിടെ നിന്നാണ് ഇവര്‍ക്ക് ചന്ദനമരം ലഭിച്ചതെന്നതിനെക്കുറിച്ച് വനപാലകര്‍ അന്വേഷണം നടത്തിവരികയാണ്. സെക്ഷന്‍ ഓഫീസര്‍മാരായ എന്‍.വി.സത്യന്‍, കെ.ആര്‍. ബിനു, ബീറ്റ് ഓഫീസര്‍ ഉമ്മര്‍ ഫാറൂഖ് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു. അറസ്റ്റിലായ രണ്ടുപേരെയും പിന്നീട് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.