ബദിയടുക്ക: യാത്രാ ദുരിതം അനുഭവിക്കുന്ന ചെര്‍ക്കള-കല്ലടുക്ക റോഡിലെ കരിമ്പിലയില്‍ മണ്ണിടിച്ചല്‍ മൂലമുണ്ടായ യാത്രാ ക്ലേശം അടിയന്തിരമായും പരിഹരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിന് വേണ്ടി ബദിയടുക്ക പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, ജനപ്രതിനിധി, വ്യാപാരി വ്യവസായി പ്രതിനിധികള്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, പൊലീസ് തുടങ്ങിയവരുടെ സംയുക്ത യോഗം ചേര്‍ന്നു.
യോഗത്തില്‍ വന്ന നിര്‍ദ്ദേശ പ്രകാരം താത്കാലിക പരിഹാരമെന്ന നിലയില്‍ കാടമന-മാടത്തടുക്ക-ബര്‍ല വഴി ബദിയടുക്കയിലേക്ക് വാഹനങ്ങള്‍ കടത്തി വിടുവാനും അല്ലെങ്കില്‍ പെര്‍ളയില്‍ നിന്ന് മണ്ണിടിച്ചിലുണ്ടായ കരിമ്പിലയില്‍ ഒരു വശം വരേയും ബദിയടുക്കയില്‍ നിന്നും കരിമ്പില വരേയും വാഹനങ്ങള്‍ കടത്തി വിടുവാനും തീരുമാനിച്ചു.
രാവിലെ ആറ് മണി മുതല്‍ രാത്രി എട്ട് മണി വരെ മാത്രമായിരിക്കും ഈ സൗകര്യം. ഇത് നിയന്ത്രിക്കുന്നതിന് പൊലീസിന്റെ സഹായം തേടാനും തീരുമാനിച്ചു.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍. കൃഷ്ണ ഭട്ട് അധ്യക്ഷത വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അന്‍വര്‍ ഓസോണ്‍, ശ്യാംപ്രസാദ് മാന്യ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മാഹിന്‍ കേളോട്ട്, കൃഷ്ണന്‍, ബദറുദ്ദീന്‍ താസീം, ജീവന്‍ തോമസ്, എം.എച്ച്. ജനാര്‍ദ്ദന, പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ വിനോദ്, ബദിയടുക്ക പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ അനീഷ് തുടങ്ങിയവര്‍ പൊതുജനങ്ങളുമായി ചര്‍ച്ച നടത്തി.