ഉപ്പള: കോളേജ് വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതികളായ രണ്ടുപേരെയാണ് മഞ്ചേശ്വരം എസ്.ഐ അനൂപ്കുമാറിന്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തത്. എന്നാല്‍ ഇവര്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് വ്യക്തമായതോടെ പിന്നീട് വിട്ടയക്കുകയും ചെയ്തു. തൊക്കോട്ടെ സ്വകാര്യകോളേജില്‍ വിദ്യാര്‍ത്ഥിയായ മജീര്‍പള്ളം കൊള്ളിയൂരിലെ ഹാരിസി(17)നെ കാറില്‍ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതിനിടെ തട്ടിക്കൊണ്ടുപോകലിനിരയായ വിദ്യാര്‍ത്ഥിയെ സംഘം പാര്‍പ്പിച്ചത് കര്‍ണ്ണാടക ഉഡുപ്പിയിലെ ഉല്‍പ്രദേശത്തുള്ള വനത്തിലെ ആളൊഴിഞ്ഞ കെട്ടിടത്തിലാണെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചു. ഇതോടെ ഉഡുപ്പി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പൊലീസ് അന്വേഷണം നടക്കുന്നത്.
തട്ടിക്കൊണ്ടുപോയ സംഘത്തില്‍പെട്ട ചിലരെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായാണറിയുന്നത്. പ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെ മൊബൈല്‍ ഫോണ്‍ നമ്പറുകളും മറ്റും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം തുടരുകയാണ്. എത്രയും വേഗം പ്രതികളെ പിടികൂടാനാകുമെന്ന വിശ്വാസത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. കര്‍ണാടക പൊലീസിന്റെ സഹായവും ഇതിനായി മഞ്ചേശ്വരം പൊലീസ് തേടിയിട്ടുണ്ട്. പ്രതികള്‍ കര്‍ണ്ണാടക വിട്ടുപോകാതിരിക്കാന്‍ പഴുതടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം പൊലീസ് കൊലക്കേസ് ക്രിമിനല്‍കേസുകളില്‍ പ്രതികളായ ചിലരുടെ താമസസ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ക്രിമനല്‍സംഘങ്ങള്‍ക്ക് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ സംഘവുമായി ബന്ധമുണ്ടോയെന്നറിയാനായിരുന്നു അന്വേഷണം.