കുമ്പള: പുഴയില്‍ മുങ്ങിയ ബാലസംഘം പ്രവര്‍ത്തകരെ രക്ഷിക്കുന്നതിനിടെ മുങ്ങി മരിച്ച ഡി.വൈ.എഫ്.ഐ നേതാവ് അജിത്കുമാറിന്റെ കുടുംബത്തിന് നിര്‍മ്മിക്കുന്ന സ്‌നേഹ വീടിന്റെ തറക്കല്ലിടല്‍ സംസ്ഥാന സെക്രട്ടറി എ.എ. റഹീം നിര്‍വഹിച്ചു. കുമ്പള കുണ്ടങ്കരടുക്കയില്‍ വിലക്ക് വാങ്ങിയ അഞ്ച് സെന്റ് സ്ഥലത്താണ് വീട് നിര്‍മിക്കുന്നത്. ഡി.വൈ.എഫ്.ഐ നേതൃത്വത്തിലുള്ള അജിത്കുമാര്‍ കുടുംബ സഹായ സമിതി മുഖേനയാണ് ഫണ്ട് ശേഖരിച്ചത്. ഡി.വൈ.എഫ്.ഐ കുമ്പള ബ്ലോക്ക് ട്രഷററും ബാലസംഘം കുമ്പള വില്ലേജ് കണ്‍വീനറുമായിരുന്നു. നിരവധി നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ നേതൃത്വം നല്‍കിയ അജിത്ത്കുമാറിന്റെ കുടുംബം വാടക വീട്ടിലായിരുന്നു താമസം. ഭാര്യ മനിതക്കും രണ്ട് മക്കള്‍ക്കുമായാണ് ഡി.വൈ.എഫ്.ഐ വീടൊരുക്കുന്നത്. ജില്ലാ സെക്രട്ടറി സി.ജെ. സജിത്ത് അധ്യക്ഷതവഹിച്ചു. സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്. കുഞ്ഞമ്പു, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡണ്ട് പി.കെ. നിഷാന്ത്, കെ. സബീഷ്, പി. രഘുദേവന്‍, സാദിഖ് ചെറുഗോളി, രേവതി കുമ്പള, സാദിഖ് ചെറുഗോളി എന്നിവര്‍ സംസാരിച്ചു. സി.എ. സുബൈര്‍ സ്വാഗതം പറഞ്ഞു.