കാസര്‍കോട്: കാര്യങ്ങളെ സത്യസന്ധമായി വിലയിരുത്താനും പരിഹാരം കണ്ടെത്താനും കഴിയാത്തതാണ് രാജ്യത്ത് ഇടത് പക്ഷത്തിന്റെ പരാജയത്തിന്റെ പ്രധാനകാരണങ്ങളിലൊന്നെന്ന് മാധ്യമ, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബി.ആര്‍.പി. ഭാസ്‌കര്‍ പറഞ്ഞു.
ചിന്താരവീന്ദ്രന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ബി. രാജീവന് ചിന്താരവി പുരസ്‌കാരം സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ഇടതുപക്ഷത്തിന്റെ ഭാവി കൂടുതല്‍ അപകടത്തില്‍ ആകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിന്ന് ചുരുങ്ങിച്ചുരുങ്ങി ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇടതു പക്ഷത്തിന് ഇനി ചുരുങ്ങാന്‍ ഇടമില്ലെന്ന് അവര്‍ മനസിലാക്കണം. പരിസ്ഥിതിക്കും ആദിവാസികള്‍ക്കും ഒപ്പം നില്‍ക്കാന്‍ പറ്റാത്ത ഇടതുപക്ഷം യാഥാര്‍ത്ഥ ഇടതുപക്ഷമല്ല. ലോകത്ത് നടക്കുന്ന കാര്യങ്ങളില്‍ പ്രതികരിക്കുന്നവര്‍ മാത്രമായി ഇടതു ചിന്തകര്‍ മാറുന്നു, എന്നാല്‍ ഇടപെടല്‍ ഉണ്ടാവുന്നില്ല. പഴയ മുദ്രാവാക്യങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും പകരം ജനപക്ഷത്ത് നിന്ന് മാത്രമേ പുതിയ കാലത്ത് മുന്നോട്ട് പോകാനാവൂ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുമുന്നണി പരാജയപ്പെട്ടതിന് കാരണം ശബരിമലയാണെന്ന വിശകലനമാണ് പുറത്ത് വരുന്നത്. ശബരിമലയാണെങ്കില്‍ ഗുണം കിട്ടേണ്ടത് ബി.ജെ.പിക്കായിരുന്നു. എന്നാല്‍ മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോയി എന്ന് പറഞ്ഞതു പോലെ ഒന്നും ചെയ്യാതെ നിന്ന യു.ഡി.എഫ് ആണ് നേട്ടം ഉണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫൗണ്ടേഷന്‍ ചെയര്‍മാനും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ ശശികുമാര്‍ അധ്യക്ഷത വഹിച്ചു. ഏറ്റവും കൂടുതല്‍ ബുദ്ധിജീവികളുണ്ടെന്ന് അഭിമാനിച്ചിരുന്ന ഇടതുപക്ഷത്ത് ഇപ്പോള്‍ അവരും ഒലിച്ചുപോവുകയാണെന്ന് ശശികുമാര്‍ പറഞ്ഞു. വൈസ് ചെയര്‍മാനും പ്രമുഖ സാഹിത്യ കാരനുമായ സകറിയ സ്വാഗതം പറഞ്ഞു. സെക്രട്ടറി ചെലവൂര്‍ വേണു, ആര്‍ട്ടിസ്റ്റ് ബാര ഭാസ്‌കരന്‍, എന്‍.കെ. രവീന്ദ്രന്‍, കെ.വി. മണികണ്ഠദാസ് എന്നിവര്‍ സംസാരിച്ചു. കവി പി.എന്‍. ഗോപികൃഷ്ണന്‍ സംവാദം നയിച്ചു. അനുസ്മരണ സമ്മേളനത്തില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജി.ബി. വത്സന്‍ സ്വാഗതം പറഞ്ഞു. വി.എസ്. ശശിധരന്‍, എന്‍. ചന്ദ്രിക തുടങ്ങിയവര്‍ സംസാരിച്ചു. മാങ്ങാട് രത്‌നാകരന്റെ ‘കൊടുക്കാനുള്ള കോഴി ‘ എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു.