കാസര്‍കോട്: പനി ബാധിച്ച് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ചികിത്സതേടിയെത്തുന്നവരുടെ എണ്ണം ദിനേന ഏറി വരുന്നു. ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് പേര്‍ക്ക് ഡെങ്കിപ്പനിയുള്ളതായി സ്ഥിരീകരിച്ചു. മലേറിയ ബാധിച്ച് രണ്ട് പേര്‍ ഇവിടെ ചികിത്സയിലാണ്. വയറിളക്കത്തെ തുടര്‍ന്ന് എട്ട് കുട്ടികളും ഒരു സ്ത്രീയും ഇവിടെ ചികിത്സയില്‍ കഴിയുകയാണ്. പകര്‍ച്ചപ്പനിയെ തുടര്‍ന്ന് മൂന്ന് പേരും ചികിത്സതേടിയെത്തി. ജനറല്‍ ആസ്പത്രിയില്‍ രാത്രികാലങ്ങളിലും ഏറെ പേരാണ് ചികിത്സതേടിയെത്തുന്നത്. കാലവര്‍ഷം ശക്തിപ്പെട്ടതോടെ പകര്‍ച്ച വ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ നിരവധി പേരാണ് അതാത് സ്ഥലങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ അടക്കമുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടിയെത്തുന്നത്. മംഗളൂരുവിലേതടക്കം സ്വകാര്യ ആസ്പത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണവും ഏറി വരികയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കനത്ത മഴ മൂലം പലേടത്തും വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. ഇവിടങ്ങളില്‍ കൊതുകുകള്‍ പെറ്റുപെരുകാന്‍ സാധ്യതയുള്ളതിനാല്‍ പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാഹചര്യവും ഏറെയാണ്. അതിനാല്‍ തന്നെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്.