നായന്മാര്‍മൂല: ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ അഭിമാനനേട്ടമായ ചാന്ദ്രയാന്‍ 2 വിജയകരമായി വിക്ഷേപിച്ചതിന്റെ ആഹ്ലാദ സൂചകമായി കൊച്ചു കുട്ടികള്‍ ഒരുക്കിയ ചാന്ദ്രയാന്‍ വിക്ഷേപണത്തിന്റെ പകര്‍പ്പ് ഏറെ ശ്രദ്ധേയമായി. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രൈമറി വിഭാഗം വിദ്യാര്‍ത്ഥികളാണ് വ്യത്യസ്തമായൊരു ചാന്ദ്രയാന്‍ വിക്ഷേപണവുമായി രംഗത്ത് വന്നത്. സ്‌കൂള്‍ മുറ്റത്തൊരുക്കിയ റോക്കറ്റ് വിക്ഷേപണ കേന്ദ്രം കുട്ടികള്‍ക്ക് പുതിയൊരു അനുഭവമായി. ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണത്തിന് തുടക്കം കുറിച്ച മുന്‍ ഐ.എസ്.ആര്‍.ഒ. തലവന്‍ കൂടിയായ എ.പി.ജെ. അബ്ദുല്‍ കലാമിന്റെ വേഷത്തില്‍ സ്‌കൂളിലെ നാലാം തരം വിദ്യാര്‍ത്ഥിയായ ഷഹലബത്ത് ഷാഹില്‍ വിക്ഷേപണത്തിന് നേതൃത്വം നല്‍കി. ചാന്ദ്രയാന്‍ 2വിന്റെ പകര്‍പ്പ് ആകാശത്തേക്കുയര്‍ന്നതോടെ കുട്ടികള്‍ ആര്‍പ്പുവിളിച്ചു.
കുട്ടികളില്‍ ബഹിരാകാശ പര്യവേഷണവുമായി ബന്ധപ്പെട്ട അറിവും ബോധവല്‍കരണവും പകര്‍ന്നു നല്‍കുന്നതിനായി ഫുള്‍മൂണ്‍ ഷോ, ചാര്‍ട്ട് പ്രദര്‍ശനം, ക്വിസ് മത്സരം എന്നീ പരിപാടികളും സംഘടിപ്പിച്ചു. അധ്യാപകരായ ടി. അഷ്‌റഫ്, ഷോളി തോമസ്, സി. അജിത, ശോഭന, സജ്‌ന, വത്സരാജ്, അബ്ദുല്‍ ഹമീദ്, ഖൈറുന്നിസ, ആസിഫ്, മുഹമ്മദ് സാബിത്ത് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.