കേരള-കര്‍ണ്ണാടക സംസ്ഥാനങ്ങളിലെന്ന പോലെ വിദേശ രാജ്യങ്ങളിലും കീര്‍ത്തിമുദ്ര പതിപ്പിച്ച മഹാവ്യക്തിത്വമായിരുന്നു മഞ്ഞനാടി അബ്ബാസ് മുസ്ലിയാര്‍. അനേകം ശിഷ്യഗണങ്ങളെയും സുഹൃദ്ബന്ധങ്ങളെയും വാര്‍ത്തെടുത്ത അബ്ബാസ് ഉസ്താദിനപുറം നാടുകളില്‍ വിശിഷ്യ അറബു നാടുകളില്‍ എത്തിപ്പെടാനും തന്റെ വൈജ്ഞാനിക പ്രവര്‍ത്തന മണ്ഡലം വിപുലീകരിക്കാനും എളുപ്പത്തില്‍ സാധിച്ചു.
ആരെയും ആകര്‍ഷിക്കുന്ന സ്വഭാവമഹിമയും വിനയവും എളിമയും വിട്ടുവീഴ്ചയും ത്യാഗസന്നദ്ധതയും ആഴമേറിയ പാണ്ഡിത്യവും രചനാ വൈഭവവും ആത്മീയ പ്രഭാവവും ശറഫുല്‍ ഉലമയെ എല്ലാവരുടെയും പ്രിയപ്പെട്ട പണ്ഡിതനാക്കി.
ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം (റ) രചിച്ച മന്‍ഖൂസ് മൗലിദിന് അറബിയില്‍ ടിപ്പണിയും വിശദീകരണവും നല്‍കി പുറത്തിറങ്ങിയപ്പോള്‍ അറബികള്‍ക്ക് പരിചയപ്പെടാന്‍ ഏറെ പ്രയാസമുണ്ടായില്ല. മൂന്ന് പതിറ്റാണ്ട് മുമ്പ് തന്നെ തുര്‍ക്കി-ഇസ്തംബൂളിലെ വാഖിഫ് അല്‍ ഇഖ്‌ലാസ് പ്രസ്തുത ഗ്രന്ഥം പ്രസിദ്ധീകരിച്ചപ്പോള്‍ ലോകത്തിലെ അനേകം ഉലമാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും കയ്യിലെത്തുകയുണ്ടായി. പ്രസ്തുത ഗ്രന്ഥത്തിലൂടെ ഉസ്താദിന്റെ അറിവും കഴിവും ഗ്രാഹ്യപ്രാവിണ്യവും ലോകം തിരിച്ചറിഞ്ഞു.
താന്‍ കെട്ടിപ്പടുത്ത വിജ്ഞാന സമുച്ഛയമായ അല്‍മദീന എജ്യുക്കേഷന്‍ സെന്ററിന്റെ ആവശ്യങ്ങള്‍ക്കായി പലപ്പോഴും വിദേശ പര്യടനം നടത്തിയിരുന്നു. ഈ അവസരങ്ങളിലെല്ലാം അറബികളുടെ സദസ്സില്‍ എത്തിപ്പെടാനും വൈജ്ഞാനിക-ആത്മീയ മജലിസുകളിലെ ചര്‍ച്ചയില്‍ പങ്കെടുക്കാനും ശറഫുല്‍ഉലമാ അവസരം കണ്ടെത്തിയിരുന്നു. അതിനാല്‍ അറബികള്‍ക്കിടയിലും പ്രിയപ്പെട്ട പണ്ഡിതനായി. എട്ടുവര്‍ഷം മുമ്പ് യു.എ.യുടെ പ്രസിഡണ്ട് ശൈഖ് ഖലീഫയുടെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അബ്ദുല്‍ റഹ്മാന്‍ അലിഹാഗിമിയുടെ ദീവാനില്‍ ഉസ്താദിനൊപ്പം പോയിരുന്നു. അന്ന് അദ്ദേഹം ഉസ്താദിന് നല്‍കിയ ആദരവും അംഗീകാരവും ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. അല്‍മദീന സെന്ററിന് ശൈഖ് അലിഹാഷിമി സാക്ഷിപത്രം (തഖ്‌രീള്) എഴുതിക്കൊടുക്കുകയും താമസിയാതെ മഞ്ഞനാടിയിലെത്തി സ്ഥാപനം സന്ദര്‍ശിക്കുകയും ചെയ്തു. യു.എ.ഇ.യിലെയും മറ്റു രാജ്യങ്ങളിലെയും പണ്ഡിതന്മാരും പ്രമുഖരുമായി ഹൃദ്യമായ ബന്ധത്തിലായിരുന്നു. അബ്ദുല്ല ഫളല്‍ ഹമ്മാദി, ഇസ്മയില്‍ ഫതഹ് അലി, ത്വലാല്‍ അബ്ബാസ്‌കൂടി, ബദ്‌റുല്‍ ഹിലാല്‍, അബ്ദുല്ല ഹുസൈന്‍ കുഞ്ച് തുടങ്ങിയവരെല്ലാം കൂട്ടത്തില്‍ പെടും. നാഥന്‍ വന്ദ്യഗുരുവിന്റെ പരലോക പദവി ഉയര്‍ത്തിക്കൊടുക്കട്ടെ…