കാസര്‍കോട്: കാസര്‍കോടിന്റെ കൊടിയ ദുരിതമായ മാലിന്യ പ്രശ്‌നത്തിന് പരിഹാരമാകുമോ? പൈറോളിസിസ് സാങ്കേതിക വിദ്യയില്‍ കാസര്‍കോട്ട് മാലിന്യ പ്ലാന്റ് തുടങ്ങാനുള്ള പദ്ധതിക്ക് സാധ്യത തെളിയുന്നു. ഇക്കാര്യം സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ക്ക് ഒരുങ്ങുകയാണ് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു. ഉയര്‍ന്ന ഊഷ്മാവില്‍ ഓക്‌സിജന്റെ അസാന്നിധ്യത്തില്‍ വസ്തുക്കള്‍ ചൂടാക്കി വിഘടിപ്പിക്കുന്ന സാങ്കേതിക വിദ്യയാണ് പൈളോളിസിസിലൂടെ ചെയ്യുന്നത്. ഇതില്‍ നിന്ന് വാതകവും ഓയിലും ലഭിക്കും.
വാതകം വൈദ്യുതി ഉല്‍പാദനത്തിനും ഓയില്‍ വ്യാവസായിക ആവശ്യത്തിനും ഉപയോഗിക്കാം.
കാസര്‍കോട്ട് ഈ പദ്ധതി സ്ഥാപിക്കുന്നതിന് ഓസ്‌ട്രേലിയയിലെ ഒരു കമ്പനി താല്‍പര്യം പ്രകടിപ്പിച്ച് ജില്ലാ കലക്ടറെയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ അടക്കമുള്ളവരേയും സമീപിക്കുകയായിരുന്നു. പദ്ധതിയെ കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞ ജില്ലാകലക്ടര്‍ തുടര്‍ നടപടികള്‍ കൈകൊള്ളുന്നതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ ജോസുമായി സംസാരിച്ചു. പദ്ധതിയെ കുറിച്ച് ആലോചിക്കാന്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് സര്‍വ്വകക്ഷിയോഗം വിളിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
കുപ്പിച്ചില്ലും ലോഹ വസ്തുക്കളും ഒഴികെയുള്ള ഏതുതരം മാലിന്യങ്ങളും സംസ്‌കരിച്ച് ഈ പദ്ധതി വഴി ഓയിലാക്കി മാറ്റാം. 125 കോടി രൂപയുടെ നിക്ഷേപമാണ് വേണ്ടിവരിക. ഇത് മുടക്കാന്‍ ഓസ്‌ട്രേലിയന്‍ കമ്പനി തയ്യാറാണ്. ദിവസവും കുറഞ്ഞത് 50 ടണ്‍ മാലിന്യം കമ്പനിക്ക് ലഭിക്കണം.
പദ്ധതി ആരംഭിക്കാന്‍ കുറഞ്ഞത് അഞ്ചേക്കര്‍ സ്ഥലമെങ്കിലും വേണ്ടിവരും. മധൂര്‍ പഞ്ചായത്തിലെ കൊല്ലങ്കാനത്ത് കാസര്‍കോട് നഗരസഭയുടെ പക്കലുള്ള 5.4 ഏക്കര്‍ സ്ഥലം ഇതിന് ഉപയോഗിക്കാന്‍ പറ്റുമോ എന്നാണ് പഠിക്കുന്നത്. അല്ലെങ്കില്‍ പെരിയയിലോ മറ്റോ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ സ്ഥലം കണ്ടെത്തേണ്ടിവരും. പൈറോളിസിസ് സാങ്കേതിക വിദ്യയില്‍ ദുര്‍ഗന്ധമോ മറ്റു പ്രയാസമോ ഉണ്ടാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.